-
ലോക്ഡൗണ്‍ കാലത്ത് പാചക പരീക്ഷണങ്ങളിൽ വ്യാപൃതരായവരാണ് ഏറെയും. സെലിബ്രിറ്റികൾ ഉൾപ്പെടെ തങ്ങളുടെ പാചകക്കസർത്തുകൾ പങ്കുവച്ചിരുന്നു. നടി സമാന്ത റൂത് പ്രഭു ഇക്കാര്യത്തിൽ അൽപം വ്യത്യസ്തയാണ്. പാചകത്തിനൊപ്പം ലോക്ഡൗണ്‍ കാലം മുതൽ നടി സജീവമായുണ്ടായ മറ്റൊരു മേഖല കൂടിയുണ്ട്, പച്ചക്കറിത്തോട്ട പരിപാലനമാണത്.
ഇപ്പോൾ സമാന്ത പങ്കുവച്ചിരിക്കുന്ന ചിത്രവും താൻ ഗാർഡനിങ്ങിനെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. ഒരു കൂട്ടം കാരറ്റ് കയ്യിലേന്തി നിൽക്കുന്ന ചിത്രമാണ് സമാന്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി കുറച്ചുദിവസം വീട്ടിൽ മുഴുവൻ കാരറ്റ് കൊണ്ടുള്ള വിഭവങ്ങളായിരിക്കുമെന്ന് രസകരമായ കമന്റും നൽകിയിട്ടുണ്ട് താരം. ഈയാഴ്ച്ചത്തെ മെനു.. കാരറ്റ് ജ്യൂസ്, കാരറ്റ് പച്ചടി, കാരറ്റ് ഹൽവ, കാരറ്റ് ഫ്രൈ, കാരറ്റ് പക്കോട, കാരറ്റ് ഇഡ്ലി, കാരറ്റ് സമോസ- എന്നാണ് താരം കുറിച്ചത്.
വീട്ടിൽ വിളയിച്ചുണ്ടാക്കിയ പച്ചക്കറിയുടെ സന്തോഷം ഇതിനു മുമ്പും സമാന്ത പങ്കുവച്ചിട്ടുണ്ട്. തന്റെ ഹോബി എന്താണ് എന്ന് ആളുകൾ ചോദിക്കുമ്പോൾ അഭിനയം എന്നാണ് പറഞ്ഞിരുന്നത്. അപ്പോൾ അത് ജോലിയല്ലേ, ഹോബി എന്താണെന്ന് പറയൂ എന്നവർ വീണ്ടും ചോദിക്കും. ഇപ്പോൾ മനസ്സിലായി അഭിനയമല്ല മറിച്ച് ഗാർഡനിങ് ആണ് തന്റെ ഹോബി എന്നാണ് സമാന്ത പറഞ്ഞത്. താൻ നട്ടുനനച്ചുണ്ടാക്കിയ മൈക്രോഗ്രീൻ വിളവെടുക്കുന്ന ചിത്രവും അവയെ പരിപാലിക്കുന്ന വിധവുമൊക്കെ സമാന്ത നേരത്തെ പങ്കുവച്ചിരുന്നു.
GrowWithMe എന്ന ഹാഷ്ടാഗോടെ താരം നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. അവനവനു വേണ്ട ഭക്ഷണം വിളയിച്ചെടുക്കുന്നതിലൂടെ അനുഭൂതി വേറെ തന്നെയാണെന്നാണ് സമാന്തയുടെ വാദം. ഒരു പാത്രവും അൽപം മണ്ണും വിത്തുമുണ്ടെങ്കിൽ ഈ ഹരിതയാത്രയിൽ പങ്കുചേരാം എന്നു പറഞ്ഞ് അടുത്തിടെയാണ് സമാന്ത വീട്ടിലെ പച്ചക്കറികളുടെ വീഡിയോ പോസ്റ്റ് ചെയ്തത്.
നടനും ഭർത്താവ് നാഗചൈതന്യയുടെ അച്ഛനുമായ നാഗാർജുനയ്ക്കും സമാന്തയുടെ പച്ചക്കറിത്തോട്ട പരിപാലനത്തിൽ പങ്കുണ്ട്. അടുത്തിടെയാണ് നാഗാർജുന സമാന്തയെ ഗ്രീൻ ഇന്ത്യാ ചലഞ്ചിൽ ടാഗ് ചെയ്തത്. തുടർന്ന് നാഗാർജുനയ്ക്കൊപ്പം ചെടികൾ നടുന്നതിന്റെ ചിത്രങ്ങളും സമാന്ത പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: Samantha Ruth Prabhu love for gardening
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..