ആറാം നിലയില്‍ ഭൂമിക്കും ആകാശത്തിനും ഇടയിലൊരുക്കിയ സ്വര്‍ഗം; ബാല്‍ക്കണി ഗാര്‍ഡന്‍


രമ്യ എസ് ആനന്ദ്

എത്ര തന്നെ ചെറിയ സ്ഥലമായാലും ഒരല്‍പം ഐഡിയ ഉപയോഗിച്ചാല്‍ നമുക്കവിടെ പച്ചപ്പിന്റെ മനോഹരയിടങ്ങള്‍ തീര്‍ക്കാം.

-

ഴു വര്‍ഷത്തിന് മുന്‍പ് പുതിയ അപ്പാര്‍ട്‌മെന്റിന്റെ ഇന്റീരിയര്‍ വര്‍ക്ക് തുടങ്ങിയപ്പോള്‍ നാട്ടില്‍ നിന്നും അമ്മ ഉദാരമായി വിളിച്ചു.....'വന്ന് ഏതു മരം വേണമെങ്കിലും നോക്കി എടുത്തോളു ..തേക്കോ മഹാഗണിയോ ......'

ജനാലക്കപ്പുറം..., ആകാശത്തെ കൈയെത്തി തൊടാനെന്നവണ്ണം ആര്‍ത്തു വളരുന്ന,
അവരെ ഞാന്‍ സ്‌നേഹത്തോടെ ഓര്‍ത്തു.. എന്നോടൊപ്പം വളര്‍ന്ന മരങ്ങള്‍..

എംഡിഎഫും ഉം മറൈന്‍ പ്ലൈയും വച്ചു ഇന്റീരിയര്‍ എന്ന ഭീമനെ ഞാന്‍ ലഘുവായി തളച്ചു. നാട്ടിലെ എന്റെ പ്രിയപ്പെട്ട മരങ്ങളും അതിലെ നൂറായിരം കിളികളും തെങ്ങോലത്തുമ്പിലെ പൂര്‍ണചന്ദ്രനും എന്നെ .. ഞങ്ങളെ .. അനുഗ്രഹിച്ചിട്ടുണ്ടാവണം ...

garden

ആറാമത്തെ നിലയില്‍ ഭൂമിക്കും ആകാശത്തിനും ഇടയിലേക്ക് താമസിക്കാനായി ചേക്കേറുമ്പോള്‍ പച്ചനിറമായ കിനാക്കള്‍ മാത്രം നിറഞ്ഞ ഹൃദയമൊന്നുലഞ്ഞിരുന്നു. ഏഴില്ലം കടക്കാന്‍ വിധിക്കപ്പെട്ട പൂച്ചമ്മയെ പോലെ ഇന്ത്യയിലെ വിവിധ നാടുകള്‍ക്കിടയിലെ താമസത്തിന് ശേഷം സ്വന്തമായൊരിടം എന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചെങ്കിലും ആകാശത്തേക്ക് തുറക്കുന്ന കിളിവാതില്‍ പോലെയുള്ള ആ കൂടിന്റ വരണ്ട വെള്ളനിറം എന്നെ ആകെ ഉലച്ചിരുന്നു.

അങ്ങനെ മരങ്ങളുടെ ചില്ലത്തലപ്പുകള്‍ എത്താത്ത ആറാം നിലയില്‍ എന്നും കണികണ്ടുണരാന്‍ വേണ്ടിയാണ് ഫ്‌ലാറ്റിനുള്ളില്‍ പച്ചപ്പൊരുക്കിയത്. ഏഴു വര്‍ഷം മുന്‍പ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ കേരളത്തില്‍ എത്തിത്തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. മാത്രമല്ല അത്തരം ഗാര്‍ഡനുകളുടെ ഒട്ടും വൈവിധ്യമില്ലാത്ത ഡിസൈനിനോടും ഉപയോഗിക്കുന്ന അവര്‍ത്തനവിരസമായ പോട്ടുകളോടും ആകെ ഒരു അനിഷ്ടം. അങ്ങനെയാണ് ഫ്‌ളാറ്റില്‍ ജോലിക്കെത്തിയ വെല്‍ഡര്‍ ചേട്ടനോട് , മാസ്റ്റര്‍ ബാല്‍ക്കണിയോട് ചേര്‍ന്ന് ഇരുമ്പ് റോഡ് വച്ചു ഒരു സ്റ്റാന്‍ഡ് പിടിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. വളരെ കുറഞ്ഞ ചിലവില്‍ പുള്ളിക്കാരന്‍ ആഗ്രഹം സാധിച്ചു തന്നു. ആന്റി റസ്റ്റ് പെയിന്റ് ഉം അടിച്ചപ്പോള്‍ സംഗതി ഓക്കേ.

garden

രണ്ടുപേരും ജോലിക്ക് പോകുന്നവരായതു കൊണ്ട് പരിചരണം അധികം വേണ്ടാത്ത എന്നാല്‍ ധാരാളം ഓക്‌സിജന്‍ പുറത്തു വിടുന്ന ചെടികള്‍ കൊണ്ടു ഒരു കുഞ്ഞന്‍ ബാല്‍ക്കണി ഗാര്‍ഡനു രൂപം കൊടുത്തു. വെയില്‍ കുറച്ചു സമയം മാത്രം ലഭിക്കുന്നതിനാല്‍ അങ്ങനെ വളരുന്ന ചെടികള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. പൊട്ടിയ മണ്‍ചട്ടികള്‍ക്കും ടെറാക്കോട്ട ശില്പങ്ങള്‍ക്കും ടെററിയത്തിനും എല്ലാം സ്ഥാനം കൊടുത്തു.

കഷ്ടിച്ച് 100 സ്‌ക്വയര്‍ ഫീറ്റിലെ പച്ചത്തുരുത്തിലിരുന്നു നോക്കിയാല്‍ രാത്രി കൊച്ചിന്‍ റിഫൈനറിയിലെ വര്‍ണ്ണ വിളക്കുകള്‍ കാണാം. പുലരികളില്‍ നൂറായിരം കിളികള്‍ കരയുന്നതും കേട്ടു കൊച്ചിയുടെ മുകളില്‍ സൂര്യനുദിക്കുന്നതും കണ്ടു കിടക്കാം.. രണ്ടു തൂക്കണാം കുരുവികള്‍ ഇടയ്ക്കു കൂടു വയ്ക്കാന്‍ സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്തിപ്പോയി. പക്ഷെ വീട്ടുകാരിയുടെ അമിതലാളന കാരണം പകുതി പൂര്‍ത്തിയാക്കിയ കൂടുപേക്ഷിച്ചു അവ സ്ഥലം വിട്ടുകളഞ്ഞു.

കുടുംബത്തിന്റെ പ്രിയമാം ഇടവും ഇതായിമാറി. മറ്റു മുറികളെക്കാള്‍ രണ്ടു ഡിഗ്രി ചൂട് കുറവാണിവിടെ. യാത്രകളില്‍ കാണുന്ന കൗതുകവസ്തുക്കളും ശില്പങ്ങളും ബാല്‍ക്കണിയില്‍ നിറഞ്ഞു കവിഞ്ഞുതുടങ്ങിയപ്പോള്‍ അതിനു ഒരു ബൊഹീമിയന്‍ ലുക്ക് വന്നു. ഫ്‌ളാറ്റിലെ കുഞ്ഞിക്കൂട്ടുകാര്‍ സ്ഥിരമായി സെല്‍ഫി എടുക്കാനെത്തുന്നതും ഇവിടെയാണ്.അങ്ങനെ സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും കൂടി ഇടമായിവിടം.. ഓഫീസില്‍ നിന്നു ബാറ്ററി ഡ്രയിന്‍ ഔട്ട് ആയി വരുമ്പോള്‍ വീടിനുള്ളില്‍ നമ്മെക്കാത്ത് ഒരു പച്ചക്കടലും മുകളില്‍ നീലാകാശവും...

garden

എങ്ങനെ ഒരുക്കാം ഒരു കുഞ്ഞന്‍ ബാല്‍ക്കണി ഗാര്‍ഡന്‍ ?

ലംബമായി വളരുന്ന നഗരങ്ങളില്‍ നാം വേണ്ടെന്നു വക്കുന്ന സ്വപ്നങ്ങളിലൊന്നാണ് വിശാലമായ പൂന്തോട്ടം. ആകാശത്തിന്റ അതിരും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും മാത്രമാണ് പലപ്പോഴും ഫ്‌ലാറ്റില്‍ ജീവിക്കുന്നവരുടെ വിഷ്വല്‍ സ്‌ക്രീനില്‍ ഉണ്ടാവാറുള്ളത് .

എന്നാല്‍ എത്ര തന്നെ ചെറിയ സ്ഥലമായാലും ഒരല്‍പം ഐഡിയ ഉപയോഗിച്ചാല്‍ നമുക്കവിടെ പച്ചപ്പിന്റെ മനോഹരയിടങ്ങള്‍ തീര്‍ക്കാം. ഏതാണ്ടെല്ലാ ഫ്‌ളാറ്റുകളിലും തന്നെ ആകാശത്തേക്കു തുറക്കുന്ന കിളിവാതില്‍ പോലെ ഒരു ബാല്‍ക്കണി കാണും. എങ്ങനെ വേണം , എന്തൊക്കെ വേണം എന്നിങ്ങനെ വ്യക്തമായ ഒരു രേഖാചിത്രം തയ്യാറാക്കുക എന്നത് വളരെ പ്രധാനം.

ബാല്‍ക്കണിയുടെ സ്ഥലപരിമിതി, സൂര്യപ്രകാശത്തിന്റെ ലഭ്യത ,പരിചരിക്കാന്‍ മാറ്റിവക്കേണ്ട സമയം ഇതെല്ലാം കണക്കിലെടുത്താണ് ബാല്‍ക്കണി ഗാര്‍ഡന്‍ ഒരുക്കേണ്ടത്. എപ്പോഴും ഇറങ്ങി നില്ക്കാന്‍ ആവശ്യമായ സ്ഥലം നല്‍കിയേ ഗാര്‍ഡന്‍ നിര്‍മ്മിക്കാവൂ .അമിതമായി ചെടികള്‍ കുത്തി നിറക്കുകയും അരുത് .

ബാല്‍ക്കണിയില്‍ റോട്ട് അയണിന്റെ സ്റ്റാന്‍ഡ് ഘടിപ്പിച്ചോ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്കു ഉപയോഗിക്കുന്ന പോളി പ്രൊപ്പലീന്‍ ചട്ടികള്‍ സെറ്റ് ചെയ്‌തോ ഒക്കെ പച്ചപ്പിനായി സ്ഥലമൊരുക്കാം .
തീരെ ചെറിയ സ്ഥലങ്ങളില്‍ ഹാങ്ങിങ് പ്ലാന്റുകള്‍ ഉപയോഗിക്കാം. ബാല്‍ക്കണി റെയിലിങ്ങില്‍ ഘടിപ്പിക്കാവുന്ന ചട്ടികള്‍ക്കും സ്ഥലം കണ്ടെത്താം. പോട്ടിന്റെ വലുപ്പവും പ്രധാനമാണ്. വര്‍ണ്ണശബളമായ അധികം വലുപ്പമില്ലാത്ത ചെടിച്ചട്ടികള്‍ കുഞ്ഞന്‍ ഉദ്യാനങ്ങളെ മനോഹരമാക്കും.

garden

ഇളം നിറമുള്ള ചട്ടികള്‍ സാവധാനമേ ചൂടാകൂ എന്നതും മനസ്സില്‍ വക്കുക. മള്‍ട്ടി വുഡ് സ്റ്റാന്‍ഡുകളില്‍ ചെറിയ ടെറാക്കോട്ടശില്‍പങ്ങളും സ്ഥല ലഭ്യത അനുസരിച്ചു ഫ്‌ലോറില്‍ ഒരു പെബിള്‍ കോര്‍ട്ടും ഒരുക്കുന്നതോടെ വീടിന്റെ പ്രധാന ഫോക്കല്‍ പോയിന്റ് ഇതായി മാറും.

ഡ്രസീനിയ ,ഫിലോഡെന്‍ഡ്രോണ്‍ ,ഫേണ്‍സ്, ആഴത്തില്‍ വേര് വരാത്ത ഇവയെല്ലാം അധികം പരിചരണം ആവശ്യമില്ലാത്തവയാണ്. വര്‍ഷം മുഴുവനും നിത്യഹരിതമായി നില്‍ക്കും. വെയില്‍ വരുന്നയിടങ്ങളില്‍ പെറ്റൂണിയ ,ബിഗോണിയ. ടേബിള്‍ റോസ് (പത്തുമണി പൂക്കള്‍ ) ഇവയൊക്കെ ഉപയോഗിച്ച് വെര്‍ട്ടിക്കലായും ഹൊറിസോണ്ടലായും ഹാങ്ങിങ് രീതിയിലും പൂന്തോട്ടം ഒരുക്കാം. പഴയകാല മുക്കുറ്റിപ്പൂക്കളും ഇവിടെ വളരുമെന്നതാണ് എന്റെ അനുഭവം. ഓക്‌സിജന്‍ പുറത്തു വിടുന്നയിനം ചെടികള്‍ തിരഞ്ഞെടുത്താല്‍ മുറിക്കുള്ളിലെ അന്തരീക്ഷവും പ്രസന്നഭരിതമാകും..ഉദാഹരണം കറ്റാര്‍ വാഴ ,പീസ് ലില്ലി ,സ്‌നേക്ക് പ്ലാന്റ് എന്നിവ. സാമിയ പോലെയുള്ള ചെടികള്‍ അകത്തളങ്ങളെ പ്രസന്നമാക്കും

പോട്ടില്‍ നിറക്കേണ്ട മിശ്രിതവും ശ്രദ്ധിക്കണം. ചകിരിച്ചോറും ആറ്റുമണലും ചാണകപ്പൊടിയും നിറഞ്ഞ മിശ്രിതത്തില്‍ ചെടികള്‍ കരുത്തോടെ വളരും. പോട്ടിനു ഭാരക്കുറവും അനുഭവപ്പെടും. ദ്രാവകരൂപത്തില്‍ തയ്യാറാക്കിയ ജൈവവളം ഇവയ്ക്കു നല്ല വളര്‍ച്ച നല്‍കും.

റീസൈക്ലിങ് എന്ന ടെക്‌നിക്കിനെ നന്നായി ഉപയോഗിക്കാന്‍ പറ്റിയ സ്ഥലമാണ് ഈ ഇത്തിരിക്കുഞ്ഞന്‍ പൂന്തോട്ടങ്ങള്‍. പൊട്ടിയ അടുക്കളച്ചട്ടികളും ഒഴിഞ്ഞ ചില്ലുകുപ്പികളും ഒക്കെ മാറ്റങ്ങള്‍ വരുത്തി നമുക്കവിടെ സെറ്റ് ചെയ്യാം. ഹാങ്ങിങ് ലൈറ്റുകളും വിന്‍ഡ് മ്യൂസിക് ബെല്ലുകളും ഇവിടെ തൂക്കിയിടാം.. മുളകൊണ്ടുള്ള ഹാങ്ങിങ് പോട്ടുകള്‍ ഇത്തരംഗാര്‍ഡനുകള്‍ക്കു നന്നായി യോജിക്കും..

ബാല്‍ക്കണിക്ക് ഒരു ചെറുകസേരയും ബ്രേക്ഫാസ്റ്റ് ടേബിളോ റീഡിങ് ടേബിളോ ഇടാവുന്ന വലുപ്പവുമുണ്ടെങ്കില്‍ ഒട്ടും മടിക്കേണ്ട ,നിങ്ങളുടെ പ്രിയമാം ഇടം ഇതായി മാറും. മുള ,ചൂരല്‍ തുടങ്ങിയ പ്രകൃതിദത്ത ഫര്‍ണിച്ചര്‍ ഇവിടെക്കായി ഒരുക്കാം.

പടര്‍ന്നു കയറുന്ന വള്ളിച്ചെടികള്‍ ഉപയോഗിച്ച് ഒരു എവര്‍ഗ്രീന്‍ കാനോപി ഉണ്ടാക്കിയാല്‍ കുരുവിക്കൂട്ടം അവിടെ വീടുണ്ടാക്കിയെന്നും വരും. മോര്‍ണിംഗ് ഗ്ലോറി ,ഇംഗ്ലീഷ് ഐവി ,പാഷന്‍ ഫ്രൂട്ട് പ്ലാന്റ് തുടങ്ങിയ ചെടികള്‍ ഇതിനു അനുയോജ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ..

ബാല്‍ക്കണിയുടെ ഹാന്‍ഡ് റെയ്‌ലിങ്ങില്‍ നിന്നും പുറത്തേക്കു തള്ളി നില്‍ക്കുന്ന വിധം ചെടികള്‍ സെറ്റ് ചെയ്യാതിരിക്കുക താഴെയുള്ള അപാര്‍ട്‌മെന്റിന്റെ സ്വകാര്യത മാനിച്ചാവണം അപാര്‍ട്‌മെന്റ് ഗാര്‍ഡനിങ് എപ്പോഴും. ശക്തമായ കാറ്റ് വീശുന്ന ബാല്‍ക്കണികളില്‍ സ്‌ക്രൂ ചെയ്തു നന്നായി ഉറപ്പിക്കുന്ന രീതിയിലുള്ള ചെടികളെ ഉപയോഗിക്കാവൂ ...

Content Highlights: Ramya anand Balcony Gardening Tips

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented