പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വടകരയിലെ പഴയവീട് പൊളിച്ചുമാറ്റിയശേഷമുള്ള കാഴ്ച, പഴയവീട് (ഇൻസെറ്റിൽ).
ഒരു ശിലപോലും ബാക്കിയില്ലാതെ ആ വീട് ഓര്‍മയായി... പുനത്തില്‍ കുഞ്ഞബ്ദുള്ള 'സ്മാരകശിലകള്‍' എന്ന വിഖ്യാത നോവല്‍ എഴുതിത്തീര്‍ത്ത വീട്... അനേകം കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പിറവിയെടുത്ത ഈറ്റില്ലം. വടകര മുനിസിപ്പല്‍ പാര്‍ക്കിന് എതിര്‍വശത്തുള്ള പുനത്തിലിന്റെ പഴയവീടാണ് പൂര്‍ണമായും പൊളിച്ചുനീക്കിയത്.
പുനത്തില്‍ അസുഖബാധിതനായ സമയത്തുതന്നെ ഈ വീട് വിറ്റിരുന്നു. പുതിയ ഉടമസ്ഥരാണ് ഈ വീട് ഇപ്പോള്‍ പൊളിച്ചത്. ഇനി പോര്‍ച്ചിന്റെ ഒരുഭാഗം മാത്രമേ ബാക്കിയുള്ളൂ. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വടകരയിലെ അടയാളമായിരുന്നു ഈ ഇഷ്ടികവീട്. രണ്ട് വാടകവീടുകളില്‍ താമസിച്ചശേഷം അടിയന്തരാവസ്ഥക്കാലത്താണ് പുനത്തില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ പ്രൊഫസറുടെ കൈയില്‍നിന്ന് ഈ വീടും സ്ഥലവും വാങ്ങുന്നത്. ഇവിടത്തെ സന്ദര്‍ശകരില്‍ ഒരാളായിരുന്നു ചിത്രകാരനും ശില്പിയുമായ എം.വി. ദേവന്‍. അദ്ദേഹത്തിന്റെ രൂപകല്പനയില്‍ പഴയവീടിനു പുതിയമുഖം കൈവന്നു. ഇഷ്ടികകളാല്‍ അലങ്കരിച്ചുനിന്ന വീട് വടകരയുടെ സ്വകാര്യ അഹങ്കാരമായി.
പുനത്തിലിന്റെ പ്രധാന കൃതിയായ 'സ്മാരകശിലകള്‍' പൂര്‍ത്തിയാക്കുന്നത് ഇവിടെവെച്ചാണ്. 1977-ലാണ് സ്മാരകശിലകള്‍ പുറത്തിറങ്ങുന്നത്. മരുന്ന്, കലീഫ, വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ തുടങ്ങിയ പുസ്തകങ്ങളും പുനത്തില്‍ ഇവിടെയായിരിക്കുമ്പോള്‍ രചിച്ചവയാണ്.
ഒരുകാലത്ത് കേരളത്തിന്റെ സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ഒത്തുചേരുന്നിടം കൂടിയായിരുന്നു ഈ വീട്. എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, എസ്.കെ. പൊറ്റെക്കാട്ട്, കോവിലന്‍, സുകുമാര്‍ അഴീക്കോട്, വി.കെ. മാധവന്‍കുട്ടി, കടമ്മനിട്ട, സക്കറിയ, സേതു, ടി. പത്മനാഭന്‍ തുടങ്ങിയവരെല്ലാം ഇവിടത്തെ സന്ദര്‍ശകരായിരുന്നുവെന്ന് പുനത്തിലിന്റെ സന്തതസഹചാരിയായിരുന്ന ടി. രാജന്‍ പറഞ്ഞു.
പുനത്തില്‍ ഓര്‍മയായിട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന് ഒരു സ്മാരകം വടകരയില്‍ പണിയാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ഓര്‍മകളുടെ കൂടാരമായിരുന്ന വീടുകൂടി ഇല്ലാതാകുന്നത്.
Content Highlights: punathil kunjabdulla's home at vatakara demolished


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..