പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് കട്ടകള്‍ നിര്‍മിക്കുന്നത് പുത്തനറിവല്ല. എല്ലാത്തരം മാലിന്യവും ഉപയോഗിച്ച് ഇന്റര്‍ ലോക്ക് കട്ടകളും ഓടുകളും നിര്‍മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് നെല്ലിക്കുന്ന് സ്വദേശി ജേക്കബ് കൊള്ളന്നൂര്‍. ഇപ്പോഴിതാ അദ്ദേഹത്തിന് പ്രോത്സാഹനവുമായി ചെന്നൈ നഗരസഭയുമെത്തി. പരീക്ഷണാടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ തുടങ്ങിയ ആദ്യ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞ ചെന്നൈ നഗരസഭ പുതിയ മൂന്ന് യൂണിറ്റുകള്‍ തുടങ്ങുന്നതിനായി ക്ഷണിച്ചു. ഒരു കോടി രൂപയിലധികം വായ്പയെടുത്താണ് ഇത്തരമൊരു സംരംഭത്തിന് കോയമ്പത്തൂരില്‍ തുടക്കമിട്ടത്.

വൈദ്യുതിയും വെള്ളവും കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരു ദിവസം അഞ്ച് ടണ്‍ മാലിന്യവും അവര്‍ നല്‍കും. 30 വര്‍ഷത്തേക്ക് പാട്ടം വ്യവസ്ഥയില്‍ നല്‍കുന്ന കെട്ടിടത്തിന് ഒരു ചതുരശ്രയടിക്ക് വര്‍ഷത്തില്‍ ഒരു രൂപ നികുതി അടച്ചാല്‍ മതി. പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റിന് ആവശ്യമായ യന്ത്രങ്ങള്‍ മൂന്ന് വര്‍ഷത്തെ ശ്രമഫലമായി ജേക്കബ് രൂപകല്പന ചെയ്തതാണ്. ഫ്‌ലെക്സ്, സിന്തറ്റിക് തുണികള്‍, റെക്സിന്‍, സിമന്റ് ചാക്ക്, കോണ്‍ക്രീറ്റ്, സിറാമിക്, ചെരിപ്പ്, ഉപയോഗിക്കാത്ത ഗുളികകള്‍ തുടങ്ങി എല്ലാവിധ മാലിന്യങ്ങളും നിര്‍മാണത്തിന് ഉപയോഗിക്കാം.

കേരളം കടന്നത്

പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റ് കേരളത്തില്‍ തുടങ്ങാന്‍ വ്യവസായവകുപ്പില്‍ അപേക്ഷ നല്‍കി രണ്ടു വര്‍ഷം കാത്തിരുന്നു. ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ചുവട് മാറ്റാന്‍ പ്രേരണയായത്. സ്ഥലം വാങ്ങുന്നതിന് സ്വന്തം നിലയില്‍ അന്വേഷണം നടത്തിയെങ്കിലും വില വര്‍ധന കാരണം അതും നടന്നില്ല. പിന്നീട് സ്വന്തമായൊരു യൂണിറ്റ് തുടങ്ങുന്നതിനായി കോയമ്പത്തൂരിലേക്ക് മാറേണ്ടി വന്നു. 2017-ല്‍ ശുചിത്വമിഷന്‍ കൊച്ചിയില്‍ നടത്തിയ പരിപാടിയില്‍ ഈ പ്രോജക്ട് ജേക്കബ് നല്‍കിയിരുന്നു. അവിടെനിന്ന് മറുപടി ലഭിച്ചില്ല.

നിര്‍മാണ രീതി

ശേഖരിക്കുന്ന എല്ലാത്തരം ഉപയോഗ്യശൂന്യമായ സാധനങ്ങളും ചൂടാക്കി അച്ചില്‍ നിറയ്ക്കും. ഇതിലേക്ക് നന്നായി മര്‍ദം കൊടുക്കും. ഉത്പാദിപ്പിക്കുന്ന കട്ടയുടെയും ഓടിന്റെയും ഉറപ്പും കട്ടിയും കൂട്ടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് ഇത് തണുപ്പിക്കും. ശരിക്കുള്ള ആകൃതിയില്‍ കിട്ടുന്നതിന് വശങ്ങള്‍ ചെത്തി ഒരുക്കും. പിന്നീട് പ്ലാസ്റ്റിക് കോട്ടിങ് പെയിന്റ് അടിക്കും. പൂപ്പലും പായലും പിടിക്കാതെ വര്‍ഷങ്ങളോളം സംരക്ഷിക്കാന്‍ ഇത്തരം പെയിന്റുകള്‍ സഹായിക്കും. ഒരു തവണ വാങ്ങിയ ഓടുകളും ഇന്റര്‍ ലോക്ക് കട്ടകളും പിന്നീട് എപ്പോഴെങ്കിലും മാറ്റണമെന്ന് തോന്നിയാല്‍ തിരികെ നല്‍കി പുതിയവ വാങ്ങാന്‍ സൗകര്യവുമുണ്ടെന്ന് ജേക്കബ് പറയുന്നു.

1500 ഇന്റര്‍ലോക്ക് കട്ടകള്‍

അഞ്ച് ടണ്‍ മാലിന്യത്തില്‍ നിന്ന് 1500 ഇന്റര്‍ ലോക്ക് കട്ടകള്‍ കിട്ടും. ഒരു കട്ടയുടെ ഭാരം മൂന്നരക്കിലോ. ഓടിന്റെ ഭാരം രണ്ടരക്കിലോ ആയത് കൊണ്ട് അഞ്ച് ടണ്‍ മാലിന്യത്തില്‍നിന്ന് കട്ടകളെക്കാള്‍ കൂടുതല്‍ ഓടാണ് നിര്‍മിക്കാന്‍ കഴിയുന്നത്. ഒരു യന്ത്രം ഉപയോഗിച്ച് 100 കിലോ മാലിന്യംവരെ ഒരുദിവസം സംസ്‌കരിക്കാന്‍ കഴിയും.

കടല്‍ഭിത്തി നിര്‍മാണത്തിനായുള്ള കൂറ്റന്‍ ഇന്റര്‍ ലോക്കുകളും ഇതുപയോഗിച്ച് നിര്‍മിക്കാം. കടല്‍ഭിത്തിക്കായി അഞ്ച് ടണ്‍ മാലിന്യത്തില്‍നിന്ന് 400 കിലോ തൂക്കം വരുന്ന 25- ഓളം കട്ടകള്‍ നിര്‍മിക്കാം.

റീസൈക്ലിങ്ങിലെ അപകടം

പ്ലാസ്റ്റിക്ക് സാധനങ്ങള്‍ റീസൈക്ലിങ് കഴിഞ്ഞ് വിപണിയില്‍ എത്താറുണ്ട്. റീസൈക്ലിങ്ങിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഏത് രീതിയില്‍ ഉള്ളതാണെന്ന് നമ്മള്‍ അന്വേഷിക്കാറില്ല. രാസവസ്തുക്കള്‍ നിറയ്ക്കുന്ന കാനുകള്‍ മുതല്‍ വിഷ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കുപ്പികള്‍ വരെ റീസൈക്ലിങ് ചെയ്ത് വീട്ടുപകരണങ്ങളായി വിപണിയില്‍ എത്തുന്നു.

വിദേശ രാജ്യങ്ങളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഇറക്കുമതി വര്‍ധിച്ചതും ഇക്കാര്യത്തില്‍ ആശങ്ക ഉയര്‍ത്തുന്നു.

'സര്‍ക്കാര്‍ സബ്സിഡികള്‍ നല്‍കിയാല്‍ വിജയകരമായ രീതിയില്‍ ഈ വ്യവസായം മുന്നോട്ട് പോകും. മാലിന്യ നിര്‍മാര്‍ജനം എങ്ങനെ നടത്തണമെന്നറിയാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് യൂറോപ്യന്‍ പര്യടനങ്ങള്‍ നടത്തിയാലും കാര്യമില്ല. ഇവിടെയുള്ളവര്‍ പറയുന്ന ആശയങ്ങള്‍ ഏറ്റെടുക്കുകയുമില്ല. അതാണ് നമ്മുടെ പ്രശ്നം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കാര്യമായ പദ്ധതികള്‍ കൊണ്ടുവരണം'- ജേക്കബ് പറയുന്നു.

നഗരത്തില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Production of bricks from waste materials