ക്വാറന്റീൻ കാലത്ത് പാചക പരീക്ഷണങ്ങൾ മാത്രമല്ല പച്ചക്കറിയുൾപ്പെടെ സ്വന്തമായി ഉത്പാദിപ്പിച്ച് സ്വയംപര്യാപ്തരായവരുമുണ്ട്. നടി പ്രീതി സിന്റയും അക്കാര്യത്തിൽ ഒട്ടും പിറകിലല്ല. അടുത്തിടെ താരം തന്റെ അടുക്കളത്തോട്ടത്തിൽ നിന്നുള്ള വീഡിയോ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും തന്റെ പച്ചക്കറിത്തോട്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രീതി. 

തന്റെ അടുക്കളത്തോട്ടം വലുതായിക്കൊണ്ടിരിക്കുകയാണെന്നു പറയുന്ന താരം അവിടെ വളർന്ന കാപ്സിക്കവും പച്ചമുളകുമൊക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട്. തന്റെ ജീവിതത്തിൽ ഇത്രത്തോളം പച്ചപ്പും സന്തോഷവും കൊണ്ടുവന്ന അമ്മയ്ക്കു നന്ദി എന്നു  ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

കാപ്സിക്കവും പച്ചമുളകും പൊട്ടിച്ചെടുക്കുന്നതിനിടയിൽ സ്വന്തമായി വളർത്താനുള്ള തീരുമാനത്തെക്കുറിച്ചും പ്രീതി പറയുന്നുണ്ട്. ക്വാറന്റീൻ കാലത്ത് സംഭവിച്ച നല്ല കാര്യമാണിത്, സ്വന്തമായി പച്ചക്കറിയുണ്ടാക്കാൻ പഠിച്ചു- എന്നാണ് താരം പറയുന്നത്. 

അവനവന് ആവശ്യമുള്ള പച്ചക്കറി വീട്ടിൽ തന്നെ വിളയിക്കുക എന്നത് എത്ര മനോഹരമായ കാര്യമാണ് എന്നു പറഞ്ഞാണ് പ്രീതി മുമ്പ് അടുക്കളത്തോട്ടത്തിൽ നിന്നുള്ള വീഡിയോ പങ്കുവച്ചിരുന്നത്. അടുക്കളത്തോട്ടത്തിൽ സമയം ചെലവഴിക്കാനും പരിപാലിക്കാനും പഠിപ്പിച്ചതിനും പ്രചോദിപ്പിച്ചതിനും അമ്മയോട് നന്ദി പറയുന്നുവെന്ന് അന്നും താരം പറഞ്ഞിരുന്നു. 

Content Highlights: Preity Zinta Video from her kitchen garden