പ്ലാസ്റ്റിക് ബോട്ടിൽ ഗ്രാമം|photo:instagram.com/therelocos/
കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് നമ്മള്‍. വലിയ നഗരങ്ങളെല്ലാം തന്നെ മാലിന്യസംസ്‌ക്കരണത്തില്‍ വെല്ലുവിളി നേരിടുന്നതും പ്ലാസ്റ്റിക്കിന്റെ കാര്യത്തിലാണ്.
കത്തിച്ചാലും കുഴിച്ചിട്ടാലും പ്രശ്‌നക്കാരനാണ് പ്ലാസ്റ്റിക്. എറണാകുളത്ത് ബ്രഹ്‌മപുരം മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തവും സമാനമായ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണുവാന്‍. മാലിന്യം കത്തിയുണ്ടായ വിഷപ്പുകയില്‍ കൊച്ചിയിപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
ശാസ്ത്രീയമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുകയോ പുനരുപയോഗം ചെയ്യുകയോ ചെയ്യേണ്ടതാണ് ഏക പരിഹാരം. ഈ സംഭവത്തിന്റെ വെളിച്ചത്തില്‍ നിന്നുകൊണ്ട് അമേരിക്കയിലെ പനാമയിലെ പരിസ്ഥിതി സൗഹാര്‍ദ ഗ്രാമത്തെക്കുറിച്ചറിയാം.
പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ടുണ്ടാക്കിയൊരു ഗ്രാമം എന്നുവേണം ഈ സ്ഥലത്തെ വിശേഷിപ്പിക്കുവാന്‍. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സംഭവം സത്യമാണ്. പാഴായ കുപ്പികള്‍ കൊണ്ടാണ് അവിടെയുള്ളവര്‍ വീടുകള്‍ നിര്‍മ്മിച്ചിരിച്ചുകൊണ്ടിരിക്കുന്നത്.
എല്ലാം വീടുകളും പൂര്‍ത്തിയായാല്‍ ആകെ 120 പ്ലാസ്റ്റിക് ബോട്ടില്‍ വീടുകള്‍ ഇവിടെയാകെയുണ്ടാകും. പനാമയ്ക്ക് തൊട്ടടുത്തുള്ളതാണ് എസ്‌ല കോളോണ്‍ എന്നറിയപ്പെടുന്ന ഈ ദ്വീപ് ലോകത്തെ മാലിന്യസംസ്‌ക്കരണത്തിന്റെ ഫലപ്രദമായ രീതിയെക്കുറിച്ചും പരിസ്ഥിതി സൗഹാര്‍ദ്ദ ജീവിതത്തെക്കുറിച്ചും പഠിപ്പിക്കുകയാണ്. ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഒരോ വര്‍ഷവും ഈ ദ്വീപ് കാണാനെത്തുന്നത്. വിനോദസഞ്ചാരികളുടെ കുത്തൊഴുത്ത് ദ്വീപിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവിനേയും കൂട്ടി.
ഉപയോഗിച്ചതിനുശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ദ്വീപില്‍ കുമിഞ്ഞുകൂടി. ബോകോസ് ദ്വീപിലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പെത്തിയ റോബര്‍ട്ട് ബ്യൂസോയെന്ന വ്യക്തിയാണ് ഈ പ്ലാസ്റ്റിക് ബോട്ടില്‍ ഗ്രാമമെന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
കടല്‍ത്തീരത്ത് ഭീതിപ്പെടുത്തുന്ന അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടതാണ് അദ്ദേഹത്തിന് ഇത്തരമൊരു ഗ്രാമം പണിയാന്‍ പ്രേരണയായത്. ഒന്നര വര്‍ഷത്തോളം ഇത് ശുചീകരിക്കാന്‍ ശ്രമിച്ചതിന് ശേഷം ഇവ ഉപയോഗപ്പെടുത്തുന്നതിന് പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുക്കുകയായിരുന്നു.
പുതിയ വീടുകള്‍ക്ക് നിര്‍മ്മാണ സാമഗ്രിയായി ഇവ ഉപയോഗിക്കാമെന്നും അദ്ദേഹം മനസിലാക്കി. ശുചീകരണഘട്ടത്തില്‍ ഒരു ദശലക്ഷത്തിലധികം പ്ലാസ്റ്റിക് ബോട്ടിലുകളാണ് അദ്ദേഹവും സംഘവും ശേഖരിച്ചത്. ഗവണ്‍മെന്റിന്റെ പിന്തുണയോടു കൂടിയാണ് അദ്ദേഹം ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. തുടക്കത്തില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ടുള്ള കെട്ടിടമാണ് അദ്ദേഹം സൃഷ്ടിച്ചത്.
പ്ലാസ്റ്റിക് ഇത്തരത്തില്‍ പുനരുപയോഗം ചെയ്യാമെന്ന് അദ്ദേഹം വ്യക്തമായി തെളിയിച്ചു. അദ്ദേഹത്തിന്റെ പരിശ്രമത്തെ പ്രകീര്‍ത്തിച്ച് മെല്‍ ഫിലിംസും ഡേവിഡും ഫ്രെയിഡും ചേര്‍ന്ന് ഡോക്യുമെന്ററിയും തയ്യാറാക്കുകയുണ്ടായി.കുപ്പികള്‍ വയര്‍ മെഷിന്റെ കൂടുകളില്‍ ഭംഗിയായി നിറയ്ക്കുന്നതാണ് ആദ്യപടി.
പീന്നീട് സ്റ്റീല്‍ റീബാറില്‍ തീര്‍ത്ത കൂട്ടിലേയ്ക്ക് ഇതിടുന്നു. ശേഷം കുപ്പികള്‍ നിറച്ച ഈ ബോക്‌സുകള്‍ ഗൃഹനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. ഇതിന് പുറത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നതാണ് രീതി. പനാമയിലെ ചൂടുള്ള കാലാവസ്ഥയില്‍ ഈ പ്ലാസ്റ്റില്‍ ബോട്ടില്‍ വീടുകള്‍ തണുപ്പ് പകരുമെന്ന് ബ്യൂസോ പറയുന്നു.
വീടിനുള്ള 35 ഡിഗ്രി തണുപ്പാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഈ വീടുള്ളവര്‍ക്ക് എയര്‍ കണ്ടീഷന്‍ ഉപയോഗിക്കേണ്ടിവരില്ലെന്ന് സാരം.വീടുകള്‍ പോലെ തന്നെ നാലു നിലയുള്ള പ്ലാസ്റ്റിക് കൊട്ടാരം, പ്ലാസ്റ്റിക് ജയില്‍ എന്നിവയും ഇവിടെ വിനോദസഞ്ചാരികള്‍ക്ക് രസകരമായ കാഴ്ചയൊരുക്കുന്നുണ്ട് .
പ്ലാസ്റ്റിക് കൊട്ടാരം 40000 കുപ്പികളുപയോഗിച്ച് രണ്ടു വര്‍ഷമെടുത്താണ് നിര്‍മ്മിച്ചത്. 14000 പ്ലാസ്റ്റിക് കുപ്പികളുണ്ടെങ്കില്‍ 100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മ്മിക്കാനാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. പ്ലാസ്റ്റിക് ജയിലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് പ്ലാസ്റ്റിക് മൂലം പ്രകൃതിയ്ക്കുണ്ടായ ദോഷവശങ്ങളെക്കുറിച്ചാണ്.
ഭൂമി കുലുക്കം, വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളെപ്പോലും പ്രതിരോധിക്കാന്‍ കഴിയുന്നതാണ് പ്ലാസ്റ്റിക് ചുമരുകളുള്ള ഇത്തരം വീടുകള്‍. കുപ്പിയും ഫ്രയിമും ഉപയോഗിച്ചുള്ള ഈ നിര്‍മ്മാണരീതിയ്ക്ക് ചിലവും കുറവാണ്. സമാനമായ വീടുകള്‍ നിര്‍മ്മിക്കുവാന്‍ പഠിപ്പിക്കുവാന്‍ പരിശീലനപരിപാടിയൊരുക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്.
ലോകത്ത് ഓരോ വ്യക്തിയും ഓരോ കുപ്പി വീതം ഉപയോഗിച്ചാല്‍ തന്നെ എത്രയും വലിയ സംഖ്യയായിരിക്കും ആ കുപ്പികളുടെ എണ്ണം.അവയൊക്കെ ഇത്തരത്തില്‍ ഫലപ്രദമായി മാറ്റിയെങ്കില്‍ പലതരത്തില്‍ പരിസ്ഥിതിയ്ക്ക് അത് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.
വീട് നിര്‍മ്മിക്കാന്‍ മാത്രമല്ല താത്ക്കാലിക ദുരന്തനിവാരണ കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, ഫാമുകളിലെ മൃഗങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, വാട്ടര്‍ ക്യാച്ച്മെന്റ് ടാങ്കുകള്‍, ലാന്‍ഡ് ഡ്രെയിനേജ് സംവിധാനങ്ങള്‍, സെപ്റ്റിക് ടാങ്കുകള്‍, റോഡുകള്‍ എന്നിവയ്ക്കും മറ്റും പ്ലാസ്റ്റിക് കുപ്പികള്‍ വീണ്ടും ഉപയോഗിക്കാമെന്നും ബ്യൂസോ പറയുന്നു.
Content Highlights: Plastic bottle village,Panama,eco-friendly development, Robert Bezeau, Isla Colón
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..