സെറിബ്രല്‍ പാള്‍സിയുള്ള മകനെ പരിചരിക്കാനായി അധ്യാപകജോലി ഉപേക്ഷിച്ചതായിരുന്നു ശ്രീപ്രിയ. മകന്റെ ചികിത്സയും വീട്ടുകാര്യങ്ങളുമായി ജീവിതം മുന്നോട്ടുപോകുമ്പോഴും ശ്രീപ്രിയയുടെ സന്തോഷം മുറ്റത്ത് പൂത്തുനില്ക്കുന്ന ചെടികളും മരങ്ങളുമായിരുന്നു. മകനുവേണ്ടി പലരീതിയിലുള്ള ചികിത്സകളും അവര്‍ പരീക്ഷിച്ചു. ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും ഒക്കുപ്പേഷന്‍ തെറാപ്പിയുമൊക്കെ... ഇടയ്ക്ക് മുറ്റത്തേക്കിറങ്ങുമ്പോള്‍ അവന്റെയുള്ളില്‍ സന്തോഷം തുടിക്കുന്നപോലെ ആ അമ്മയ്ക്ക് തോന്നി. പിന്നീട് എന്നും ശ്രീപ്രിയ മകനെയുംകൂട്ടി ചെടികള്‍ നനച്ചു. മണ്ണും വളവുമിട്ട് അവയെ പരിപാലിച്ചു. ഇന്ന് തിരുവനന്തപുരം ശ്രീകാര്യത്തുള്ള ശ്രീപ്രിയയുടെ വീട്ടില്‍ ആയിരത്തിലധികം ചെടികളുണ്ട്. ചെടികള്‍ വാടകയ്ക്കുനല്കി വരുമാനം സമ്പാദിക്കുന്ന സംരംഭകയാണവര്.
പത്തുവര്ഷംമുന്പ് ഏതാനും ചെടികള്‍ ടെക്നോപാര്‍ക്കിലെ ചില കമ്പനികളുടെ ഫ്രണ്ട് ഓഫീസില്‍ വയ്ക്കാന്‍ നല്‍കിയാണ് ശ്രീപ്രിയ ഈ സംരംഭം തുടങ്ങുന്നത്. ''ഞങ്ങളുടെ ഒരു കുടുംബസുഹൃത്ത് ടെക്നോപാര്‍ക്കില്‍ ഫ്ളവര്‍ ഷോപ്പ് നടത്തിയിരുന്നു. അദ്ദേഹം ചെടികളൊക്കെ ഇങ്ങനെ വാടകയ്ക്ക് നല്‍കാറുണ്ട്. അദ്ദേഹമാണ് ഭര്‍ത്താവ് ഗിരീഷിനോട് ഇക്കാര്യം പറയുന്നത്. അങ്ങനെ കുറച്ച് ചെടികള്‍ അവിടെയുള്ള ഓഫീസുകളില്‍ വയ്ക്കാനായി നല്കി. അന്ന് 25 രൂപയാണ് വാടകയായി വാങ്ങിയിരുന്നത്. ഇന്നത് 200 രൂപയായി. ഓരോ ഇനം ചെടികള്‍ക്കനുസരിച്ച് വാടക കൂടിയും കുറഞ്ഞുമിരിക്കും. ഇപ്പോള്‍ മാസം 60,000- 70,000 രൂപവരെ വരുമാനം നേടുന്നുണ്ട്.'' കേരള യൂണിവേഴ്സിറ്റിയില്‍ സെക്ഷന്‍ ഓഫീസറായ ഭര്‍ത്താവ് ഗിരീഷും നട്ടുനനയ്ക്കാന്‍ ഒപ്പം കൂടാറുണ്ട്.
''ആദ്യം മൂന്നാല് കമ്പനികളില്‍ ചെടികള്‍ നല്കി. പിന്നീട് കൂടുതല്‍ കമ്പനികളില്‍നിന്ന് ഓര്‍ഡര്‍ കിട്ടിത്തുടങ്ങി. അതിനനുസരിച്ച് വരുമാനം കൂടി. ധാരാളം ചെടികളും വാങ്ങി. അങ്ങനെ ഒരു ഒമ്നിവാന്‍ വാങ്ങി. ഇപ്പോള്‍ അതിലാണ് ചെടികള്‍ കൊണ്ടുപോകുന്നത്. നാല് ജോലിക്കാരുമുണ്ട്. അവരില്‍ രണ്ടുപേര്‍ അന്യസംസ്ഥാനക്കാരാണ്. പിന്നെ, കോളേജില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളുണ്ട്. അവര്‍ക്ക് പഠനത്തിനൊപ്പം പോക്കറ്റ്മണി നേടാനാണ് ഈ ജോലി ചെയ്യുന്നത്. എല്ലാ ഞായറാഴ്ചകളിലും കമ്പനികളില്‍ പോയി അവിടെ വെച്ചിട്ടുള്ള ചെടികളെ പരിപാലിക്കും. കോട്ടണ്‍ ഉപയോഗിച്ച് ഇലകളെല്ലാം പൊടിതട്ടി വൃത്തിയാക്കും. ഏതെങ്കിലും ചെടികള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുപകരം മറ്റൊരു ചെടി വെച്ചുകൊടുക്കും. പഴയ ചെടികള്‍ വീട്ടില്‍ കൊണ്ടുവന്നശേഷം പുതിയ മിശ്രിതം തയ്യാറാക്കി അതിലേക്ക് മാറ്റിനടാറുണ്ട്. പിന്നീട് വീണ്ടും ഈ ചെടിതന്നെ കമ്പനികളിലേക്ക് കൊടുക്കും.
അകത്തളങ്ങളില്‍ വയ്ക്കാനായി അധികവും മണിപ്ലാന്റാണ് ഉപയോഗിക്കുന്നത്. അതില്‍തന്നെ പലതരം വെറൈറ്റികളുണ്ട്. ഗോള്‍ഡന്‍, മാര്‍ബിള്‍ പ്ലാന്റ്, അഗ്ലോണിമ, പീസ് ലില്ലി... തുടങ്ങിയവ. ഇവയ്ക്കെല്ലാം ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. മണ്ണും മണലും ചകിരിച്ചോറും ഉണങ്ങിയ ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കുമൊക്കെ ചേര്‍ന്ന മിശ്രിതം.''
ജീവിതം പച്ചപിടിച്ച് മുന്നോട്ടുപോകുന്നതിനിടെ ദുരിതംപോലെ കോവിഡ് വന്നപ്പോള്‍ ശ്രീപ്രിയയുടെ ചെടികളും വാടിപ്പോയി. ''പല കമ്പനികളും ജോലിക്കാരില്ലാത്തതുകൊണ്ടും വര്‍ക്ക് ഫ്രം ഹോം ആയതുകൊണ്ടും അടച്ചുപൂട്ടി. അവിടെയുള്ള ചെടികള്‍ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ കമ്പനികളല്ലാതെ ബാക്കിയെല്ലാ കമ്പനികളും ചെടികള്‍ കൊടുത്തുവിട്ടു. എല്ലാ ചെടികളും ഇപ്പോള്‍ വീട്ടുമുറ്റത്തും പറമ്പിലുമൊക്കെയായി വെച്ചു. അവയെല്ലാം വീണ്ടും തളിര്ത്തുതുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ചിലരൊക്കെ ചെടികള്‍ കൊണ്ടുപോവാന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, ലോക്ഡൗണ്‍ കാലത്ത് ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് മികച്ച വിപണി ഉണ്ടായതും രക്ഷയായി. സെറാമിക് പോട്ടുകളില്‍ ചെറിയ ഇന്‍ഡോര്‍ പ്ലാന്റുകള്‍ വെച്ചുകൊടുക്കുന്നതിന് ഡിമാന്‍ഡുണ്ട്. വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ പരിപാലിച്ചുനല്കാറുമുണ്ട്. തത്കാലം ഒന്നും വില്‍ക്കുന്നില്ല, ചെടികള്‍ വാടകയ്ക്ക് കൊടുക്കാന്‍ തന്നെയാണ് പ്ലാന്‍. ഈ ചെടികളാണ് എന്റെ മോന്റെ സന്തോഷം. അവനിപ്പോള്‍ നടക്കുന്നു, കൈകള്‍കൊണ്ട് മണ്ണ് കോരിയിടുന്നു, വെള്ളം നനയ്ക്കുന്നു...ഓരോ ചെടിയും നട്ട് നനച്ച് അത് വളര്‍ന്നുവരുമ്പോള്‍ അവനുണ്ടാവുന്ന സന്തോഷം വാക്കുകള്‍ക്കപ്പുറമാണ്.'' ഒരു ട്രേയില്‍ നിറയെ കുഞ്ഞുചെടികളുമായി അനിയത്തി ഹരിശ്രീക്കൊപ്പം ഹരിഗോവിന്ദ് വന്നു. അവന് ആ ചെടികളെ ശ്രീപ്രിയയുടെ കൈകളില്‍ ഭദ്രമായി ഏല്‍പ്പിച്ചു.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: plants for rent service by Sreepriya