കുമിളകള്‍ ചേര്‍ത്തുവച്ച വീട്. കണ്ടാല്‍ ഒരു മലയുടെ അരികില്‍ അന്യഗ്രഹജീവികളോ മറ്റോ താമസമാക്കിയതുപോലെ തോന്നും ഈ വീട് ഒറ്റനോട്ടത്തില്‍. അന്തരിച്ച ലോകപ്രശസ്ത ഫ്രഞ്ച് ഡിസൈനര്‍ പിയറി കാര്‍ഡിന്റെ വീടാണ് ഈ കുമിള വീട്. മുന്നൂറ് മില്യണ്‍ ഡോളറാണ് ഇന്നീ വീടിന്റെ വിപണി മൂല്യം.

home

പിയറിയുടെ ഏറ്റവും പ്രശസ്തമായ ആസ്തിയായിരുന്നു ഫ്രാന്‍സിലെ കാന്‍സ് മലനിരകളെ അഭിമുഖീകരിച്ചു നില്‍ക്കുന്ന ഈ ബബിള്‍ ഹൗസ്. ശരിക്കും കുറെയേറെ കുമിളകള്‍ ചേര്‍ത്തു വച്ചത് പോലെയാണ് വിചിത്രമായ ഈ  വീട്. 1,200 ചതുരശ്രയടി വീതം വിസ്താരമുള്ള പത്തോളം ചെറുകുമിളകള്‍ ചേര്‍ന്നതാണ് ഈ വീട്. സാധാരണ വീട്ടിലെ മുറികള്‍ പോലെ തന്നെ എല്ലാ കുമിളകളും തമ്മിലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് വീടിന്റെ നിര്‍മാണം. 

home

ഈ വീട്ടില്‍ പത്ത് സ്യൂട്ട് റൂമുകളാണ് ഉള്ളത്. മൂന്നു നീന്തല്‍ കുളങ്ങള്‍, വലിയ പൂന്തോട്ടങ്ങള്‍, 500 പേര്‍ക്കുള്ള ആംഫിതിയറ്റര്‍ അങ്ങനെ എല്ലാം ഇവിടെയുണ്ട്. മെഡിറ്ററെനിയന്‍ കടലിനെ അഭിമുഖീകരിക്കുന്ന തരത്തിലാണ് നിര്‍മ്മാണം.

home

ഹംഗേറിയന്‍ ആര്‍ക്കിടെക്റ്റ് ആന്റി ലോവാന്ഗ് ആണ് വീടിന്റെ ശില്‍പി. 1970 കളില്‍ പണി ആരംഭിച്ച വീട് 1984 ഓടെയാണ് പണി പൂര്‍ത്തിയാക്കിയത്. പ്രിഹിസ്‌റ്റോറിക് കേവ് കാലഘട്ടത്തിലെ ഗുഹകളെ ഓര്‍മപ്പെടുത്തുന്ന രീതിയിലാണ് വീടിന്റെ നിര്‍മാണം.

home

അരികുകളോ കതകുകളോ മേല്‍പ്പുരയോ ഇല്ലാത്തതരം വീട് പണിയണമെന്ന പിയറിയുടെ ആഗ്രഹമാണ് സുഹൃത്തുകൂടിയായ ലോവാന്ഗ് സാധിച്ചു കൊടുത്തത്. ഫാഷന്‍ ലോകത്ത് നിരവധി തരംഗങ്ങള്‍ക്ക് തുടക്കമിട്ട ഡിസൈനറാണ് പിയറി കാര്‍ഡിന്‍. കുമിളകളും ഗണിതശാസ്ത്ര രൂപങ്ങളുമുള്ള ഡിസൈനുകള്‍ പിയറിയുടെ വസ്ത്രങ്ങളുടെ പ്രത്യകതയായിരുന്നു. തന്റെ ആ ഇഷ്ടം വീട്ടിലേക്കും പകര്‍ക്കാനായിരുന്നു ഇത്തരമൊരു വീട് നിര്‍മിക്കാന്‍ പിയറി തീരുമാനിച്ചതിനു പിന്നില്‍. 

home
പിയറി കാര്‍ഡിന്‍

ഇപ്പോള്‍ ഈ വീട് വലിയ താരനിശകളും മറ്റും നടത്താനായി ഉപയോഗിക്കുകയാണ്. വീട്ടില്‍ ഒരു രാത്രി തങ്ങാനുള്ള സൗകര്യമുണ്ട് ഇപ്പോള്‍. അതിനു ചെലവിടേണ്ടത് 730 ഡോളറാണെന്ന് മാത്രം, അതായത് ഏകദേശം 50,000 രൂപയിലധികം.

Content Highlights: Pierre Cardin's outlandish 'Palais Bulles' Cannes summer home