ഒരു ജയില്‍ എന്നു കേള്‍ക്കുമ്പോഴേക്കും മനസ്സില്‍ തെളിയുന്ന ചില ചിത്രങ്ങളുണ്ട്. കിടക്കയും കഴിക്കാനാവശ്യമുള്ള പാത്രങ്ങളും തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ഒരു ഇരുണ്ടമുറി. എന്നാല്‍ സ്വീഡനിലെ ഒരു ജയിലില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ച്ചകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ലക്ഷ്വറി അപ്പാര്‍ട്‌മെന്റ് ആണെന്ന് തോന്നും വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ജയില്‍ക്കാഴ്ചകള്‍ ആണവ.
ജയില്‍ മുറിയുടെയും മറ്റ് ഇടങ്ങളുടെയും ചിത്രങ്ങളാണ് വൈറലാകുന്നത്. വെള്ള നിറത്തില്‍ പെയിന്റ് പൂശിയ മുറികളില്‍ നിരവധി സൗകര്യങ്ങളുണ്ട്. ഒരാള്‍ക്ക് കിടക്കാന്‍ പാകത്തിലുള്ള കിടക്കയ്ക്ക് മറുവശത്തായി മേശയും കസേരയും കാണാം. പുറത്തേക്കുള്ള കാഴ്ച്ചകള്‍ കാണാന്‍ ജനലുകളും ഉണ്ട്. വീടുകളിലെ ബാത്‌റൂമിനെ ഓര്‍മിപ്പിക്കും വിധത്തിലാണ് ഇവിടെയും ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ജയിലകങ്ങളില്‍ വീര്‍പ്പുമുട്ടലൊഴിവാക്കാന്‍ വിനോദ ഉപാധികളും ഒരുക്കി.ിട്ടുണ്ട്. ചെസും മറ്റും കളിക്കാനുള്ള സൗകര്യങ്ങളും ടിവി കാണാനും പുസ്തകം വായിക്കാനുമുള്ള അവസരങ്ങളുമുണ്ട്. വൃത്തിയായി ഒരുക്കിയിരിക്കുന്ന അടുക്കളയും ചിത്രങ്ങളില്‍ കാണാം.
ദാരെല്‍ ഒവെന്‍സ് എന്ന ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രങ്ങല്‍ പുറത്തുവന്നിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ മൂവായിരം ഡോളറിന്റെ അപ്പാര്‍ട്‌മെന്റ് പോലെ തോന്നും ഈ ജയില്‍ ചിത്രങ്ങള്‍ എന്നു പറഞ്ഞാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
ഇതുവരെ അഞ്ചോളം വ്യത്യസ്ത അപ്പാര്‍ട്‌മെന്റുകളില്‍ താമസിച്ചിട്ടുണ്ടെങ്കിലും അവയേക്കാളെല്ലാം മനോഹരമാണ് ഇതെന്ന് ഒരാള്‍ പറയുന്നു. ഈ ജയില്‍ കാണുമ്പോള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനാണ് തോന്നുന്നതെന്നും ആരോ പുതിയ അപ്പാര്‍ട്‌മെന്റ് വാങ്ങിയതിന്റെ ചിത്രങ്ങള്‍ എന്നാണ് ആദ്യകാഴ്ചയില്‍ കരുതിയത് എന്നുമൊക്കെ പോകുന്നു കമന്റുകള്‍.
Content Highlights: Pictures Of A Nordic Prison Cell That Looks Like A Hotel Room