വീട് പണിയാന്‍ തീരുമാനിക്കുന്ന കാലം തൊട്ടുതന്നെ മുക്കും മൂലയും വരെ ഒരുക്കുന്നതില്‍ സ്വപ്നം കണ്ടുതുടങ്ങുന്നവരാണ് ഏറെയും. തീം ആസ്പദമാക്കിയുള്ള രീതിയില്‍ അകത്തളങ്ങള്‍ ഡിസൈന്‍ ചെയ്യുന്നവരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നൊരു ഫോട്ടോ ഇതിനേക്കാളെല്ലാമപ്പുറമാണ്. ഫോട്ടോഗ്രാഫിയോടുള്ള പ്രണയം മൂത്ത് നിര്‍മിച്ച വീടാണിത്.

കര്‍ണാടക സ്വദേശിയായ രവി ഹോംഗല്‍ എന്നയാളുടെ വീടാണ് വൈറലാകുന്നത്. ക്യാമറയോടും ഫോട്ടോഗ്രാഫിയോടുമുള്ള ഇഷ്ടം മൂത്തപ്പോള്‍ നിര്‍മിച്ച വീടിനെയും ഇദ്ദേഹം വെറുതെ വിട്ടില്ല. ഒറ്റനോട്ടത്തില്‍ തന്നെ ഇരുവശത്തുമുള്ള വീടുകളില്‍ നിന്ന് വ്യത്യസ്തമാണ് രവിയുടെ വീടെന്നു കാണാം. ചാരനിറത്തിലുള്ള പെയിന്റു പൂശിയ മൂന്നുനില വീടാണിത്. വീടിന്റെ മുന്‍ഭാഗം ക്യാമറയുടെയും ക്യാമറാ ലെന്‍സിന്റെയുമൊക്കെ രൂപത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

ബാല്‍ക്കണിയുടെ ഹാന്‍ഡ്‌റെയില്‍ ഫിലിമിന്റെ രൂപത്തിലാണുള്ളത്. വീടിന്റെ മുകളില്‍ നിന്ന് ഒന്നാംനില വരെയും ഫിലിംകൊണ്ടുള്ള ഡിസൈന്‍ കാണാം. വീടിന്റെ ഏറ്റവും മുകളിലായി ക്ലിക്ക് എന്നെഴുതി വച്ചിട്ടുമുണ്ട്. 

ഓരോ നിലകളുടെയും മുകളിലായി എപ്‌സണ്‍, നികോണ്‍, കാനോണ്‍ എന്നിങ്ങനെ എഴുതിവച്ചിട്ടുമുണ്ട്. എന്തായാലും വീടിന്റെ ഡിസൈനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

വീട് മാത്രമല്ല തന്റെ മൂന്നു മക്കള്‍ക്കു നല്‍കിയ പേരിലുമുണ്ട് ഈ ക്യാമറാഭ്രാന്ത്. കാനോണ്‍, നികോണ്‍, എപ്‌സണ്‍ എന്നിങ്ങനെയാണ് കക്ഷി മക്കള്‍ക്കും നല്‍കിയിരിക്കുന്ന പേര്. 

Content Highlights: Photography Obsessed Karnataka Man Builds Camera Shaped House