വീട് ഡിസൈന്‍ ചെയ്യുന്നതിനെക്കുറിച്ച് പലര്‍ക്കും പല സങ്കല്‍പങ്ങളുമുണ്ടാകും. ഒരാള്‍ക്കിഷ്ടപ്പെടുന്ന ഡിസൈന്‍ കാണുന്നവരില്‍ അതേ ഇഷ്ടം തോന്നിക്കണമെന്നില്ല. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്ന ഒരു ബാത്‌റൂമിന്റെ ചിത്രത്തിനു പിന്നിലും ഇതാണ് കാര്യം. 

നാല്‍പത്തിരണ്ടായിരത്തില്‍പ്പരം ഷെയറുകളാണ് ചിത്രത്തിന് ഫേസ്ബുക്കില്‍ ലഭിച്ചിരിക്കുന്നത്. ഇനി ഇത്രയും വൈറലാകാന്‍ കാരണമെന്തെന്നല്ലേ. ആദ്യകാഴ്ച്ചയില്‍ വലിയ പ്രത്യേകതകളൊന്നും തോന്നില്ലെങ്കിലും ഡിസൈനാണ് ഈ ബാത്‌റൂം വൈറലാകുന്നതിനു പിന്നില്‍. 

വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന ബാത്‌റൂം ചുവരിലെ ടൈലിലാണ് കാര്യം. തലങ്ങും വിലങ്ങുമൊക്കെയെന്നപോലെ വിവിധ നിറത്തിലുള്ള ടൈലുകളാണ് ചുവരില്‍ പതിച്ചിരിക്കുന്നത്. ഇതാണ് ചിലരുടെയെങ്കിലും കണ്ണുകളെ അസ്വസ്ഥരാക്കിയിരിക്കുന്നതും. 

കാമീ മെക്കാന്‍ഡല്‍സ് എന്നയാളാണ് തന്റെ ഫേസ്ബുക്കിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഇത് അസ്വസ്ഥരാക്കുന്ന ഒരാളെങ്കിലും ഇവിടെയുണ്ടാകുമെന്ന് അറിയാം എന്ന ക്യാപ്ഷനോടെയാണ് കാമീ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. 

ആരാണ് ഇതു ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും ഇതു കാണുമ്പോള്‍ തന്നെ തലവേദന തോന്നുന്നുവെന്നും കാഴ്ച്ച മങ്ങിയ പോലെ തോന്നുവെന്നുമൊക്കെ പോകുന്നു കമന്റുകള്‍. ഒപ്പം ബാത്‌റൂം ടൈലിനെ അനുകൂലിച്ച് കമന്റ് ചെയ്യുന്നവരുമുണ്ട്. ഒരുപാട് കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ഡിസൈന്‍ എന്നു കണ്ടാലറിയാം എന്നും എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമായില്ലെങ്കിലും അതൊരു കലയായി അംഗീകരിക്കണമെന്നുമൊക്കെ പോകുന്നു കമന്റുകള്‍.

Content Highlights: People say this picture of a bathroom makes them dizzy