ചെറുകാട്ടൂര്‍: വയനാടിന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന സമ്പന്നമായ നാട്ടുമുറ്റം. പഴക്കത്തെക്കുറിച്ച് പറഞ്ഞാല്‍ മുന്നൂറോളം തിരുവോണത്തിന് ഇലയിട്ട കഥ പറയാനുണ്ടാകും ഈ തറവാടിന്. പഴശ്ശിരാജ അന്തിയുറങ്ങിയെന്ന അപൂര്‍വനേട്ടവുമായി ചെറുകാട്ടൂരിലാണ് കേളോത്ത് തറവാടെന്ന ഈവീട് സ്ഥിതിചെയ്യുന്നത്.

കോട്ടയം രാജവംശത്തിലെ രാജാക്കന്‍മാര്‍ വയനാട്ടിലെത്തുമ്പോള്‍ ഈ തറവാടിന്റെ ആതിഥേയത്വം സ്വീകരിക്കാറുണ്ടെന്നാണ് മുതിര്‍ന്ന തലമുറകള്‍ പറയുന്നത്. ഇക്കാലത്ത് കേരളവര്‍മ പഴശ്ശിരാജയും ഈ വീട്ടിലെത്തിയിട്ടുണ്ട്. പഴശ്ശി അന്തുയുറങ്ങിയെന്ന് പറയപ്പെടുന്ന പുരാതനമായ കട്ടിലും ഇവിടെയുണ്ട്. പഴശ്ശി ചരിത്രത്തിന്റെ നിരവധിയായ അടയാളങ്ങള്‍ വയനാട്ടില്‍നിന്നും കാലക്രമത്തില്‍ മാഞ്ഞുപോകുമ്പോഴും ഈ തറവാട് സംരക്ഷിക്കപ്പെടുന്നു എന്നതാണ് പ്രധാനം.

വലിയ ആര്‍ച്ചുകളുള്ള നീളന്‍വരാന്തയും മച്ചകങ്ങളുമുള്ള തറവാടിനെ താങ്ങിനിര്‍ത്തുന്നത് മരത്തടികൊണ്ട് നിര്‍മിച്ച വലിയ ബീമുകളും തൂണുകളുമാണ്. വീടിന്റ മച്ചകങ്ങള്‍ നിര്‍മിച്ചിരിക്കുന്നതും പൂര്‍ണമായും മരത്തിലാണ്. വീടിന്റെ കട്ടിളയും വാതിലുകളും പ്ലാവിന്റെയും അയിനിപ്ലാവിന്റെയും തേക്കിന്റെയുമെല്ലാം തടി ഉപയോഗിച്ച് നിര്‍മിച്ചതാണ്.

കേരളീയ വാസ്തുസൗന്ദര്യത്തിന്റെ ആകെത്തുകയാണ് ഈ വീട്. വയലിനോട് അഭിമുഖമായി നില്‍ക്കുന്ന വീടിന്റെ പൂമുഖത്തേക്ക് സദാ വീശിക്കൊണ്ടിരിക്കുന്ന വയനാടന്‍കാറ്റ് ഈ തറവാടിന്റെ മുറികളിലെല്ലാം കുളിരെത്തിക്കുന്നു. മഴയത്തും വെയിലത്തും ഒരേ പോലെയുള്ള തണുപ്പും ചൂടും നിലനിര്‍ത്തുന്ന അകത്തളങ്ങള്‍ ആരെയും വിസ്മയിപ്പിക്കും. നാലുകെട്ടുകള്‍ക്ക് പകരം പൂമുഖത്ത് നിന്നും മുന്‍ഭാഗത്തെ വയലിലേക്ക് പൂര്‍ണമായ കാഴ്ചകള്‍ നല്‍കുന്ന വിധത്തിലാണ് വീടിന്റെ നിര്‍മാണം.

ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന വയനാടന്‍മഴയ്ക്ക് 300 വയസ്സുള്ള മുത്തശ്ശിവീടിനെ തളര്‍ത്താനായിട്ടില്ല. ഇതിന് കാരണം വള്ളുവനാടന്‍ ശൈലിയില്‍നിന്ന് വ്യത്യസ്തമായി ആറുമാസം തുടര്‍ച്ചയായിലഭിക്കുന്ന മഴക്കാലത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ചെരിവ് കൂടുതലുള്ള മേല്‍ക്കൂരയാണ് കേളോത്ത് തറവാടിനുള്ളത്.

നൂറുകണക്കിനാളുകള്‍ക്ക് നിരന്നിരിക്കാന്‍ കഴിയുന്ന വരാന്തയും വിശാലമായ മുറികളും നിരവധിയാളുകള്‍ ഒന്നിച്ചുജീവിച്ചകാലത്ത് ഈ തറവാട്ടില്‍ അനിവാര്യമായിരുന്നു. ആറു കിടപ്പറകളാണ് ഇതിനുള്ളിലുള്ളത്.

രണ്ടാമത്തെനിലയില്‍ നാലു കിടപ്പുമുറികളും മൂന്നാമത്തെനിലയില്‍ വിശാലമായ ഹാളുമുണ്ട്. കോട്ടയം രാജാക്കന്‍മാര്‍ അതിഥിയായി വരുമെന്നതിനാല്‍ രാജകീയമായിത്തന്നെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഇങ്ങനെ ആതിഥ്യം സ്വീകരിച്ചെത്തിയ രാജാക്കന്‍മാര്‍ നല്‍കിയ കട്ടിലും കസേരയും ഇവിടെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.

മരത്തിന്റെ കൊത്തുപണികളും ധാരാളമുണ്ട്. ഇവയെല്ലാം തനിമചോരാതെ മോടിപിടിപ്പിച്ച് വരുംകാലത്തിനുവേണ്ടി ഇവിടെ നിലനിര്‍ത്തിയിരിക്കയാണ്. പുരാതനകാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങളും പുരാവസ്തുക്കളുമൊക്കെ ഇവിടെയുണ്ട്. പലതും പഴശ്ശി മ്യൂസിയത്തിലേക്കുംമറ്റും ഇവിടെനിന്നും കൊണ്ടുപോയിട്ടുണ്ട്. കുതിരപ്പന്തിയും ആനപ്പന്തിയുമെല്ലാം ഒരുകാലത്ത് ഇവിടെയുണ്ടായിരുന്നതായും കേളോത്ത് തറവാട്ടിലെ മുതിര്‍ന്ന തലമുറകള്‍ പറയുന്നു.

കൃഷിമാത്രം ഉപജീവനമായുള്ള അക്കാലത്ത് നെല്ല് സൂക്ഷിക്കുന്ന അറകളും അതിനനുസരിച്ച് തയ്യാറാക്കിയ നെല്‍ക്കളങ്ങളും നെല്ലുകുത്തുപുരകളുമെല്ലാം ഈ തവാടിന്റെ ഐശ്വര്യമായിരുന്നു.

തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഈ വീടിന്റെ ഇപ്പോഴത്തെ ഉടമ അധ്യാപകനായ കേളോത്ത് സജിയാണ്. വയനാട്ടിലെത്തുന്ന നിരവധി വിനോദസഞ്ചാരികള്‍ക്ക് ഈ വീട് കാണാമെന്ന് മാത്രമല്ല ഇവിടെ താമസിക്കാനും ഇപ്പോള്‍ സൗകര്യമുണ്ട്.

Content highlights: pazhassi raja stayed home at wayanad cherukattoor, Keloth tharavad