രു മാസത്തിനകം പൊളിച്ചുകളയാന്‍ സുപ്രീംകോടതി ഉത്തരവിട്ട ഫ്‌ളാറ്റുകളിലെ താമസക്കാര്‍ ആശങ്കയിലാണ്... ഇനിയെന്ത് ചെയ്യും...? റിവ്യൂഹര്‍ജി കൊടുക്കുന്നതിന്റെ സാധ്യത പരിശോധിക്കുകയാണ് എല്ലാവരും. ഇനി മുമ്പിലുള്ള മാര്‍ഗവും അതാണ്. ഫ്‌ളാറ്റുടമകളെ കേട്ടില്ലെന്ന പരാതിയാണ് എല്ലാവര്‍ക്കുമുള്ളത്.

ഓരോ ഫ്‌ളാറ്റുകാരും വെവ്വേറെ കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നത്. മിക്കവരും എട്ടും പത്തും വര്‍ഷം മുമ്പ് ഫ്‌ളാറ്റുകള്‍ വാങ്ങിയവരാണ്. സ്വന്തം അഭിഭാഷകന്‍ രേഖകള്‍ പരിശോധിച്ചതാണ്. ബാങ്കുകള്‍ അവരുടെ നിയമസംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചാണ് വായ്പ അനുവദിച്ചത്. താമസം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് പലരും ഫ്‌ളാറ്റിരിക്കുന്ന സ്ഥലം സംബന്ധിച്ച് കേസ് നിലവിലുണ്ടെന്ന് അറിയുന്നത്. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചപ്പോള്‍ സന്തോഷത്തിലായിരുന്നു. സുപ്രീംകോടതി എതിരായി വിധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കേസിനെക്കുറിച്ച് ഈ വിധി വന്ന ശേഷം അറിഞ്ഞവര്‍ പോലുമുണ്ട്. ഏറെയും വിദേശത്തുള്ളവര്‍.

ഫ്‌ളാറ്റുകളില്‍ കഴിയുന്നവരെല്ലാം കോടീശ്വരന്‍മാരല്ലെന്ന് ഉടമകള്‍ പറയുന്നു. വലിയ സാമ്പത്തികസ്ഥിതിയുള്ളവരുണ്ട്. എന്നാല്‍, ആയുഷ്‌കാലത്ത് സമ്പാദിച്ചതെല്ലാം മുടക്കി ഫ്‌ളാറ്റ് വാങ്ങിയവരുമുണ്ട്... റിട്ടയര്‍ ചെയ്തപ്പോള്‍ കിട്ടിയ തുക ഉപയോഗിച്ച് വാങ്ങിച്ചവരുമുണ്ട്. മിക്കവര്‍ക്കും വേറെ വീടില്ല. ഇനിയെങ്ങോട്ടുപോകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഉദ്യോഗസ്ഥരോ തദ്ദേശസ്ഥാപനത്തിന്റെ ഭരണനേതൃത്വമോ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ അനുഭവിക്കുന്നത് അവരാരുമല്ലെന്നാണ് ഇവരുടെ വാദം.

അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും ഇതിലുള്‍പ്പെട്ട 'ഹോളിഡെ ഹെറിറ്റേജി'ന്റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. കുണ്ടന്നൂര്‍ 'ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, നെട്ടൂര്‍ 'ആല്‍ഫ വെഞ്ച്വേഴ്സ്' ഇരട്ടസമുച്ചയം, ചമ്പക്കരയിലെ 'ഗോള്‍ഡന്‍ കായലോരം', നെട്ടൂര്‍ കേട്ടേഴത്ത് കടവിലെ 'ജെയ്ന്‍ കോറല്‍കോവ്' എന്നിവയാണ് പൊളിക്കേണ്ടത്.

ഫ്‌ളാറ്റുടമകളില്‍ ഭൂരിപക്ഷവും വിദേശത്തായതാണ് ഒരു പ്രശ്‌നമായിരിക്കുന്നത്. മിക്കവരുമായും ഫ്‌ളാറ്റുടമകള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ കൊളാറ്ററല്‍ സെക്യൂരിറ്റിയായിട്ടാണ് വായ്പകള്‍ ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്. ഫ്‌ളാറ്റ് പൊളിച്ചാല്‍ തിരിച്ചടവ് മുടങ്ങും. തുടര്‍ന്ന് വായ്പ ഈടാക്കാന്‍ നിയമനടപടികള്‍ക്ക് പോകേണ്ടിവരും. ഇതെല്ലാം വലിയ നിയമയുദ്ധത്തിലേക്ക് നയിക്കുന്നതാണ്. ഇനി ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടിവന്നാല്‍ ഫ്‌ളാറ്റുടമകള്‍ക്ക് ആര് നഷ്ടപരിഹാരം നല്‍കുമെന്ന ചോദ്യവും അവശേഷിക്കുന്നു.

ആല്‍ഫ വെഞ്ച്വേഴ്സ് ഡയറക്ടര്‍ ജെ. പോള്‍രാജ് പറയുന്നു

റിവ്യൂ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ട്. ആല്‍ഫയുടെ ഫ്‌ളാറ്റുകള്‍ പണിയാന്‍ പെര്‍മിറ്റ് കിട്ടിയപ്പോള്‍ 'സി.ആര്‍.ഇസഡ്.' (തീരദേശ നിയന്ത്രണ മേഖല) നിയമം അനുസരിച്ചുള്ള മാപ്പിങ് മരട് പഞ്ചായത്തില്‍ ഉണ്ടായിരുന്നില്ല. 2006-ലാണ് ആല്‍ഫ വെഞ്ച്വേഴ്സിന് പെര്‍മിറ്റ് കിട്ടിയത്. ഒരേക്കര്‍ 73.18 സെന്റിലാണ് പണിതിരിക്കുന്നത്. 73 അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. ആകെ ബില്‍റ്റ് ഏരിയ 1,92,960 ചതുരശ്രയടി.

ഫ്‌ളാറ്റ് പണിയാന്‍ മരട് പഞ്ചായത്ത് അനുമതി നല്‍കിയത് 2006 സെപ്റ്റംബര്‍ 19. ഇതിന് പിന്നാലെ പണി തുടങ്ങി. ഒമ്പത് മാസത്തിന് ശേഷം പഞ്ചായത്ത് സി.ആര്‍.ഇസഡ്. ലംഘിച്ചുവെന്ന് പറഞ്ഞ് ഷോകോസ് നോട്ടീസ് നല്‍കി. ആല്‍ഫ ഹൈക്കോടതിയെ സമീപിച്ചു. നോട്ടീസ് കോടതി സ്റ്റേ ചെയ്തു. മരട് സി.ആര്‍.ഇസഡ്-2-ലാണ് വരുന്നതെന്ന് കാണിച്ച് പഞ്ചായത്ത് എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. കേസില്‍ കക്ഷി ചേര്‍ക്കപ്പെട്ട സി.ഇസഡ്.എം.എ. (തീരദേശ നിയന്ത്രണ അതോറിറ്റി) പഞ്ചായത്തിന്റെ നിലപാടിനെ എതിര്‍ത്തില്ല. പഞ്ചായത്ത് നല്‍കിയ പെര്‍മിറ്റിനെയും എതിര്‍ത്തില്ല. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 2012 ജൂലായ് 10-ന് മരട് മുനിസിപ്പാലിറ്റി (അപ്പോഴേക്കും പഞ്ചായത്ത് മുനിസിപ്പാലിറ്റിയായിരുന്നു) കെട്ടിട നമ്പര്‍ നല്‍കി. ആളുകള്‍ താമസവും തുടങ്ങി. ആല്‍ഫ വെഞ്ച്വേഴ്സിന് അനുകൂലമായിട്ടാണ് ഹൈക്കോടി വിധി വന്നതും. പെര്‍മിറ്റ് നല്‍കിയതിനെ കോടതിയില്‍ ആരും എതിര്‍ത്തില്ലെന്നാണ് ആല്‍ഫ വെഞ്ച്വേഴ്സിന്റെ വാദം. അന്ന് എതിര്‍ത്തിരുന്നെങ്കില്‍ കെട്ടിടംപണി നിര്‍ത്തുമായിരുന്നു. ബില്‍ഡിങ് പെര്‍മിറ്റ് കിട്ടാന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ല.

മരട് മുന്‍സിപ്പാലിറ്റി 2012 ഡിസംബര്‍ 18-ന് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുന്നു. കെട്ടിട നമ്പര്‍ ലഭിച്ച് ആളുകള്‍ താമസിച്ചുതുടങ്ങിയ ശേഷമായിരുന്നു ഇത്. മരട് സി.ആര്‍.ഇസഡ്-3 ലാണെന്ന് അവര്‍ വാദിച്ചു. അവര്‍തന്നെ നേരത്തെ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായിരുന്നു ഇത്. കോടതി ഇത് തള്ളി.

മരട് മുനിസിപ്പാലിറ്റിയുടെ തീരദേശ പരിപാലന രേഖ (സി.ഇസഡ്.എം.പി.)യുടെ പുതുക്കിയ കരട് 2014 മേയ് മാസത്തില്‍ പുറത്തിറക്കി. ഇതിലും മുന്‍സിപ്പാലിറ്റി സി.ആര്‍.ഇസഡ്-2 ലാണെന്ന് പറയുന്നു. ഇത് പിന്നീട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും അംഗീകരിച്ചു. എന്നാല്‍, സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി സി.ഇസഡ്.എം.പി. ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഈവര്‍ഷം മാര്‍ച്ച് 12-ന് നല്‍കിയത്. 2006-ല്‍ മരട് പഞ്ചായത്ത് സി.ആര്‍.ഇസഡ് 1,3 എന്നിവയില്‍ വരുമെന്നാണ് ഇവരുടെ റിപ്പോര്‍ട്ട്.

ഇത് തെറ്റാണെന്നാണ് ആല്‍ഫ വെഞ്ച്വേഴ്സ് വാദിക്കുന്നത്. ഈ കമ്മിറ്റി നിയോഗിച്ച ഉപസമിതി തങ്ങളെ കേട്ടില്ലെന്നും അവര്‍ പറയുന്നു. മരട് മുനിസിപ്പാലിറ്റി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളിപ്പോയി. തുടര്‍ന്ന് തീരദേശ പരിപാലന അതോറിറ്റിയാണ് സുപ്രീം കോടതിയില്‍ പോയതും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കോടതി ഉത്തരവിട്ടതും.

മരട് പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ പെര്‍മിറ്റ് കൊടുത്തതിനെ 2007-ല്‍ അനുകൂലിച്ച തീരദേശ പരിപാലന അതോറിറ്റിക്ക് ഇപ്പോള്‍ നിലപാട് മാറ്റാന്‍ കഴിയുമോയെന്നാണ് ജെ. പോള്‍രാജിന്റെ ചോദ്യം.

റിവ്യൂ ഹര്‍ജിയുടെ സാധ്യത

സാധാരണഗതിയില്‍ റിവ്യൂഹര്‍ജികള്‍ സുപ്രീംകോടതി കാര്യമായി പരിഗണിക്കാറില്ലെങ്കിലും ഇക്കാര്യത്തില്‍ അങ്ങനൊരു സാധ്യതയുണ്ടെന്ന് പ്രമുഖ അഭിഭാഷകന്‍ കാളീശ്വരം രാജ് പറയുന്നു. എല്ലാ കക്ഷികളെയും കേട്ടശേഷം വിധിപറയുമ്പോഴാണ് റിവ്യൂ ഹര്‍ജികള്‍ക്ക് വലിയ പ്രസക്തിയില്ലാത്തത്.

എന്നാല്‍, ഈ വിഷയത്തില്‍ ഫ്‌ളാറ്റുകളിലെ താമസക്കാരെ കേട്ടിട്ടില്ല. അത് പ്രസക്തമായ വിഷയമാണ്. അതിനാല്‍ റിവ്യൂഹര്‍ജിക്ക് സാധ്യതയുണ്ടെന്ന് കാളീശ്വരം രാജ് പറയുന്നു. തുറന്ന കോടതിയില്‍ കേള്‍ക്കണോയെന്ന് കോടതിയാണ് തീരുമാനിക്കുന്നതെങ്കിലും അങ്ങനെ ആവശ്യപ്പെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ക്രഡായി യോഗം ഇന്ന്

കോടതിവിധിയെ തുടര്‍ന്നുണ്ടായ സംഭവവിശേഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 'കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ' ('ക്രഡായി') കൊച്ചി ചാപ്റ്റര്‍ ബുധനാഴ്ച യോഗം ചേരുന്നുണ്ട്. വിധി റിയല്‍ എസ്റ്റേറ്റ് മേഖലയെയാകെ ബാധിക്കുമെന്ന വിലയിരുത്തലാണുള്ളത്.

Content Highlights: owners on kochi flat demolition