ഓർക്കിഡ് ചെടികൾക്കരികിൽ ഡോ. സാബു
പ്രകൃതിയില്‍ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുന്നതിലും മലിനീകരണം നിയന്ത്രിക്കുന്നതിലും ഓര്‍ക്കിഡുകള്‍ക്ക് വലിയ പങ്കുണ്ട്. ശ്രദ്ധയും ചിട്ടയും കരുതലും ഉണ്ടെങ്കില്‍ ഏതു കാലാവസ്ഥയിലും വീട്ടില്‍ വളര്‍ത്താം. പ്രായപൂര്‍ത്തിയായ ഒരു ചെടിയില്‍നിന്ന് ആറുമാസംവരെ പൂക്കള്‍ ലഭിക്കും. നല്ല രീതിയില്‍ കൃഷി ചെയ്താല്‍ മികച്ചവരുമാനവും ലഭിക്കും.
ശുദ്ധമായ വെള്ളമാണ് വേണ്ടത്. വളപ്രയോഗം ആവശ്യമായി വന്നാല്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയടങ്ങിയ എന്‍.പി.കെ. വളരെ കുറച്ച് നല്‍കണം. പൂവിന്റെ ഭംഗി കണ്ടുമാത്രം തിരഞ്ഞെടുക്കേണ്ടവയല്ല ഓര്‍ക്കിഡുകളുടെ ഇനങ്ങളെന്ന് ഓര്‍ക്കിഡുകളെ സംരക്ഷിച്ച് ഗവേഷണവും പഠനവും നടത്തുന്ന വയനാട് അമ്പലവയല്‍ വയലരുകില്‍ ഡോ. സാബു പറയുന്നു.
തൈകള്‍ മുളപ്പിക്കാന്‍ ഹാര്‍ഡനിങ്
ചെടികളില്‍നിന്ന് തൈകള്‍ മുളപ്പിച്ചെടുക്കാന്‍ ഹാര്‍ഡനിങ് സെന്ററുണ്ട്. ടിഷ്യൂ കൊണ്ടുവന്ന് മുളപ്പിക്കുന്ന ഈ ഹാര്‍ഡനിങ് കേന്ദ്രത്തില്‍ ഒരേസമയം ആയിരം തൈകള്‍വരെ ഉത്പാദിപ്പിക്കാം. എഴുപതിലധികം വന്യ ഓര്‍ക്കിഡുകളില്‍ നാല്പതിലധികം ഇനം ശേഖരിച്ച് സംരക്ഷിച്ചു പ്രചരിപ്പിക്കുന്നതിനുള്ള അംഗീകാരമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ സാബു ഇടംപിടിച്ചിട്ടുണ്ട്. 2022-ലെ ഗ്ലോബല്‍ ഗ്ലോറിയസ് അവാര്‍ഡും ലഭിച്ചു.
സാഹസികത നിറഞ്ഞതും ക്ലേശകരവും കഠിനവുമായ നിരന്തര യാത്രകളിലൂടെയാണ് പശ്ചിമഘട്ടത്തിലെ വംശനാശഭീഷണിയുള്ള പല വന്യ ഓര്‍ക്കിഡുകളും ശേഖരിക്കുന്നതെന്ന് സാബു പറഞ്ഞു. നിബിഡവനങ്ങള്‍, പാറയിടുക്കുകള്‍, അരുവിയുടെ കര, തോടരിക്, വലിയ മരങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇതുവരെയുള്ള നാല്പതിനവും സംഘടിപ്പിച്ചത്. ഓര്‍ക്കിഡുകളില്‍ ടിഷ്യൂ കള്‍ച്ചര്‍ രീതി പരീക്ഷിച്ചുവരുകയാണിപ്പോള്.
വിവിധയിനം വന്യ ഓര്‍ക്കിഡുകള്‍
തവിട്ട് പൂങ്കുലകള്‍ വിരിയുന്ന ഹിമാലയന്‍-വിയറ്റ്നാം ബള്‍ബ് ഓര്‍ക്കിഡ്, മനോഹരമായ പൂക്കളുണ്ടാകുന്ന സെബേഡിയം, നീണ്ട പൂങ്കുലകളുള്ള ലിബാരിഷ്, ഒബറേണിയ, നെക്ളസ് തുടങ്ങിയവ ഉള്‍പ്പെടെ നാല്പതിലധികം ഇനങ്ങളാണ് സാബുവിന്റെ വീട്ടിലുള്ളത്.
സിംബീഡിയം: മരത്തിനു മുകളില്‍ കൂട്ടമായി വളരുന്നവയാണ് സിംബീഡിയം. ഒരു കൂട്ടത്തിന് അഞ്ചുകിലോഗ്രാംവരെ ഭാരം വരും. ബ്രൗണ്‍ നിറത്തിലും മഞ്ഞനിറത്തിലുമുള്ള പൂക്കള്‍ക്ക് 30 സെന്റീമീറ്റര്‍വരെ നീളമുണ്ട്. ഈ ഇനത്തിന് വിത്തുകളുമുണ്ടാകും.
സൈക്കോറിച്ചസ്: പാറപ്പൊത്തുകളില്‍ വളരുന്നവയാണ് സൈക്കോറിച്ചസ്. വേരുകള്‍ വളരെ കുറവുള്ള ഇവയ്ക്ക് വെള്ളവും വളരെക്കുറച്ച് മതി.
ലിംബാരിസ്: തോടിന്റെ അരികുകളില്‍ വളരുന്നവയാണ് ലിംബാരിസ്. ജലാംശമുള്ള ഇലകളാണ് പ്രത്യേകത. തണ്ട് വളരെ കുറവായിരിക്കും. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ പൂ വിരിഞ്ഞാല്‍ ഒരുമാസംകൊണ്ട് കൊഴിഞ്ഞുപോകും. വെള്ളനിറത്തില്‍ നിറയെ പൂക്കള്‍ ഉണ്ടാകുന്ന ഈ ഇനം സാധാരണ ഓര്‍ക്കിഡുകള്‍ കരിനിറച്ച പാത്രങ്ങളിലും വളര്‍ത്താം.
ഗ്യാസ്ട്രോ ലിച്ചസ്: നല്ലപോലെ വെള്ളം ആവശ്യമായ മറ്റൊരു വന്യ ഇനം ഓര്‍ക്കിഡാണ് ഗ്യാസ്ട്രോ ലിച്ചസ്. മരത്തില്‍ പായലുള്ള സ്ഥലത്തുമാത്രം വളരുന്ന ഇവയ്ക്ക് ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള പൂക്കള്‍ കൂട്ടമായുണ്ടാകും. പൂക്കള്‍ക്ക് രണ്ടിഞ്ചുവരെ നീളമുണ്ടാകും.
പാറകളിലുള്ള ഓര്‍ക്കിഡുകള്‍ക്ക് പടലവേരുകളും മരത്തില്‍ ഉള്ളവയ്ക്ക് കട്ടിയുള്ള ആരോഗ്യമുള്ള വേരുകളും ഓര്ബീനിയംപോലുള്ള ഓര്‍ക്കിഡുകള്‍ക്ക് മരത്തെ പൊതിഞ്ഞുള്ള വേരുകളുമുണ്ടാകും. സമുദ്രനിരപ്പില്‍നിന്ന് 500 മുതല്‍ രണ്ടായിരം മീറ്റര്‍വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് വന്യ ഓര്‍ക്കിഡുകള്‍ വളരുന്നത്.
വിവരങ്ങള്‍ക്ക്: 9747349061.
Content Highlights: orchid, gardening tips, myhome, dr. sabu, wild orchid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..