കിങ്ഖാന് ഷാരൂഖ് ഖാന്റെ ഭാര്യ എന്നതിലപ്പുറം ഇന്റീരിയര്‍ ഡിസൈനിങ് രംഗത്തെ മികവിലൂടെ തന്റേതായ മേല്‍വിലാസം സൃഷ്ടിച്ചയാളാണ് ഗൗരി ഖാന്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ വീടുകളും ഓഫീസ് ഇടങ്ങളും ഗൗരി ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഭാര്യയോട് തനിക്കു വേണ്ടി ഡിസൈന്‍ ചെയ്യാമോ എന്നു ഷാരൂഖ് ചോദിച്ചതാണ് വൈറലാകുന്നത്.
2018 ഒക്ടോബറില്‍ ഷാരൂഖ് ഖാന് ആദ്യമായി ട്വിറ്ററിലൂടെ എന്നാണ് എന്റെ ഓഫീസ് ഡിസൈന്‍ ചെയ്യാന്‍ പോകുന്നത് എന്നു ചോദിച്ചതും വൈറലായിരുന്നു. ഞാന്‍ ഫ്രീയായ ഉടന്‍ എന്ന് ഗൗരി മറുപടിയും നല്‍കിയിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അതേ ചോദ്യവുമായി എത്തിയിരിക്കുകയാണ് ഷാരൂഖ്.
ഗൗരിയുടെ പുതിയ ബ്രാന്റിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് പങ്കുവച്ച പോസ്റ്റിനു കീഴെയാണ് ഷാരൂഖ് കമന്റുമായെത്തിയത്. ദയവുചെയ്ത് എന്റെ റെഡ് ചില്ലീസ് ഓഫീസ് റൂം പുതിയ സീലിങ് വച്ച് നവീകരിക്കാമോ എന്നാണ് താരം ഗൗരിയോട് ചോദിച്ചത്. ജോലി പുനരാരംഭിക്കുമ്പോള്‍ പുതുമ എന്തെങ്കിലും തോന്നാന്‍ ആണെന്നും ഷാരൂഖ് കുറിക്കുന്നു.
കോവിഡ് പടര്‍ന്നുപിടിച്ചതോടെ ഗൗരി ഖാനും ഷാരൂഖ് ഖാനും തങ്ങളുടെ ഓഫീസ് ഇടങ്ങള്‍ ക്വാറന്റൈന് സൗകര്യത്തിനായി വിട്ടു നല്‍കിയത് ശ്രദ്ധേയമായിരുന്നു. ക്വാറന്റൈന് സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ ഇന്റീരിയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.
Content Highlights: On Gauri Khan's Work Post, Shah Rukh Khan Makes A Personal Request