പ്രതീകാത്മക ചിത്രം (Photo: Ridhin Damu)
അടുക്കളയെന്നാല്‍ ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. പണ്ട് കാലങ്ങളില്‍ വീടിന്റെ ഒരു മൂലയ്ക്ക് ഒതുക്കി പണിയുന്നതായിരുന്നു അടുക്കളയുടെ സ്ഥാനം. എന്നാല്‍, കാലം മാറിയതോടെ കഥയും മാറി. ഓപ്പണ്‍ ശൈലിയിലുള്ള ഡിസൈനിങ്ങ് കേരളത്തില്‍ കൂടുതല്‍ ഹിറ്റായതോടെ അടുക്കളയുടെ രൂപവും കോലവും ആകെ മാറി. ലിവിങ് ഏരിയയില്‍ നിന്നേ ആളുകള്‍ക്ക് നേരിട്ട് അടുക്കളയിലേക്ക് നോട്ടം എത്തും. ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍, പലതരം കബോഡുകള്‍ തുടങ്ങി വിശാലമായ സ്ഥലത്ത് ഏറ്റവും ആധുനികമായി തന്നെയാണ് ഇന്ന് അടുക്കളകള്‍ നിര്‍മിക്കുന്നത്. പണ്ടുകാലങ്ങളിലെപ്പോലെ പുക കറ പിടിച്ച ചുമരുകളും കരിപിടിച്ച പാത്രങ്ങളുമെല്ലാം പോയി മറഞ്ഞിരിക്കുന്നു. പകരം വെട്ടിത്തിളങ്ങുന്ന പാത്രങ്ങളും ഒതുക്കത്തോടെ ഡിസൈന്‍ ചെയ്ത കബോഡുകളും തുടങ്ങി സൗകര്യങ്ങളുടെ ആറാട്ടാണ് ഇന്ന് അടുക്കളയില്‍ കാണാന്‍ കഴിയുന്നത്. ഇന്ന്, അടുക്കളയുടെ ഡിസൈനിങ്ങില്‍ സ്വീകരിക്കുന്ന പ്രധാന ട്രെന്‍ഡുകള്‍ പരിചയപ്പെടാം.
സ്മാര്‍ട്ട് ഉപകരണങ്ങള്‍
അടുക്കളയിലെ ഉപകരണങ്ങളെല്ലാം സ്മാര്‍ട്ട് ആയി മാറിയിരിക്കുകയാണ്. വിറക് കത്തിക്കുന്ന അടുപ്പുകള്‍ പോയി മറഞ്ഞു. പകരം ഓവനുകളും എയര്‍ ഫ്രയറുകളും സ്ഥാനം പിടിച്ചു. അടുക്കള ഉപകരണങ്ങള്‍ക്ക് പുറമെ മറ്റുചില സ്മാര്‍ട്ട് മാറ്റങ്ങള്‍ക്കുകൂടി അടുക്കള സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. സ്മാര്‍ട്ട് ടിവിയും പാചകത്തിനിടെ പാട്ട് കേള്‍ക്കുന്നതിനുള്ള സൗകര്യവുമെല്ലാം ഇന്ന് അടുക്കളയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ജോലി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ടെക്നോളജിയെക്കൂടി കൂട്ട് പിടിച്ച് അടുക്കളയുടെ ചുറ്റപാട് ആകെ മാറിക്കൊണ്ടിരിക്കുകയാണ്.
വുഡന്‍ ഫര്‍ണിച്ചറുകള്‍ തിരിച്ച് വരുന്നു
ഒരു കാലത്ത് നമ്മുടെ വീട്ടകങ്ങള്‍ അലങ്കരിച്ചിരുന്നത് തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകളും ഉപകരണങ്ങളുമാണ്. എന്നാല്‍, ചെലവ് ചുരുക്കലിന്റെ ഭാഗമായും കൈകാര്യം ചെയ്യുന്നതിന്റെ എളുപ്പം മുന്‍നിര്‍ത്തിയും ഒരിടക്കാലത്ത് തടിയില്‍ തീര്‍ത്ത ഫര്‍ണീച്ചറുകളും മറ്റും അടുക്കളയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. എന്നാല്‍, ഇന്ന് വുഡന്‍ ഫര്‍ണിച്ചറുകളും ഉപകരണങ്ങളും തിരിച്ചു വരവിന്റെ പാതയിലാണ്. സ്മാര്‍ട്ട് കിച്ചനുകളില്‍ ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍ അവശ്യ ഘടകമായി മാറിയിരിക്കുന്നു. ഇവിടുത്തെ കസേരകളും മറ്റും തടയില്‍ തന്നെ തീര്‍ക്കുന്നതാണ് പുത്തന്‍ ട്രെന്‍ഡ്. കൂടാതെ കബോഡുകളും മറ്റുമെല്ലാം തടയിലാണ് ഇന്ന് കൂടുതലായി നിര്‍മിക്കുന്നത്. മറ്റുള്ളവയെ അപേക്ഷിച്ച് വുഡന്‍ ഫര്‍ണിച്ചറുകളും കബോഡുകളും അടുക്കളയ്ക്ക് കൂടുതല്‍ ആഡംബരം നല്കുന്നു.
ഇരട്ടി സൗകര്യങ്ങള്‍
ഒരു ചെറിയ ഫ്രിഡ്ജും അത്യാവശ്യം സാധനങ്ങളുമായി ഒതുങ്ങിക്കൂടിയിരുന്ന അടുക്കളയല്ല ഇപ്പോഴത്തെ ട്രെന്‍ഡ്. ചെറിയ ഫ്രഡ്ജിന് പകരം ഒന്നിലധികം വമ്പന്‍ ഫ്രിഡ്ജുകള്‍, ഇരട്ടിയിലധികം വലുപ്പത്തോടെ വിശാലമായ അകം, ഇരട്ട് സ്റ്റോറേജ് സൗകര്യങ്ങള്‍ എന്നിവയെല്ലാം അടുക്കള കീഴടക്കി കഴിഞ്ഞു. വിശാലമായ കൗണ്ടര്‍ സ്പെയ്സും സൗകര്യങ്ങളുമെല്ലാം അടുക്കളയുടെ മുഖമാകെ മാറ്റിയിരിക്കുകയാണ്. ലോക്കല്‍ മെറ്റീരിയലുമല്ല, വില കൂടിയ ആഡംബരം നിറയുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങളുമാണ് ഇത്തത്തെ ട്രെന്‍ഡി കിച്ചനുകളുടെ മുഖമുദ്ര. കോവിഡിനെത്തുടര്‍ന്ന് അടച്ചിടല്‍ വരികയും ആളുകള്‍ കൂടുതല്‍ സമയം വീടിനുള്ളില്‍ ചെലവഴിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് അടുക്കളയുടെ രൂപത്തില്‍ ഇത്ര പ്രകടമായ മാറ്റം വന്നത്.
വീടിനു പുറത്തും ഒരടുക്കള
വിറക് കത്തിക്കുന്ന അടുപ്പ് അടങ്ങുന്ന ഒരു അടുക്കള, ഇതിനോട് ചേര്‍ന്ന് എന്നാല്‍ നേരിട്ട് ബന്ധമില്ലാതെ, പാചകവാതകം ഉപയോഗിച്ച് പാചകം ചെയ്യുന്ന മറ്റൊരു അടുക്കള. ഇതായിരുന്നു ഈ അടുത്തകാലം വരെ കേരളത്തിലെ ട്രെന്‍ഡ്. എന്നാല്‍, ഇവിടം വിട്ട് വീടിന് പുറത്തേക്ക് ഇറങ്ങുകയാണ് ഇന്ന് അടുക്കള. വീടിന്റെ പിന്നിലായാണ് ഈ അടുക്കള നിര്‍മിക്കുന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വിരുന്നൊരുക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം അടുക്കളകളുടെ നിര്‍മാണം. ഇവരോടൊപ്പം സൊറ പറഞ്ഞ്, ഒന്നിച്ചിരുന്ന പാചകം ചെയ്യുന്നതിനുള്ള സൗകര്യങ്ങലാണ് ഇവിടെയുണ്ടാകുക. കാത്തിരുന്ന് ഭക്ഷണത്തിന്റെ ഗുണവും രുചിയും ചൂടും നഷ്ടപ്പെടില്ല. ആവശ്യമെങ്കില്‍ പാചകവിദഗ്ധരുടെയും പ്രൈവറ്റ് ഷെഫിന്റെയും സഹായം തേടാം. പാചകം ചെയ്യുന്നതിനൊപ്പം അതിഥികള്‍ എത്തുന്നതിനുമുമ്പ് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുമെല്ലാമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. അടുക്കളയില്‍ നിന്ന് നേരിട്ട് ഭക്ഷണം അതിഥികളിലേക്ക് എത്തിക്കുന്നത് പുത്തന്‍ അനുഭവമായിരിക്കും സമ്മാനിക്കുക.
Content Highlights: myhome, kerala home designs, new trends in kitchen desiging
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..