2018-ലും 2019-ലുമായി രണ്ടുതവണ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി അറിഞ്ഞവരാണ് മലയാളികള്‍. ഇനിയങ്ങോട്ട് വെള്ളപ്പൊക്കം ഒരു തുടര്‍ സംഭവമായിരിക്കുമെന്ന് മുന്നറിയിപ്പും ഉണ്ട്. വെള്ളപ്പൊക്ക ഭീഷണിനിലനില്‍ക്കുന്ന ഇടങ്ങളില്‍ നിര്‍മിക്കാനുതകുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്തുകയാണ് നെസ്റ്റ് അബൈഡ് എന്ന സ്ഥാപനം. സ്റ്റാര്‍ട്ട്അപ് മിഷന്റെയും സ്റ്റാർട്ട്അപ് ഇന്ത്യയുടെയും അംഗീകാരത്തോടെ കോട്ടയം കുറവിലങ്ങാട് ഇവര്‍ വെള്ളം കയറാത്ത ആംഫീബിയസ് വീടിന്റെ മാതൃക നിര്‍മിച്ചു കഴിഞ്ഞു. കോട്ടയം കോഴാ സ്വദേശി നന്മഠം നന്മ ഗിരീഷ്, ബെന്‍ കെ. ജോര്‍ജ് എന്നിവരാണ് ഇതിന്റെ അമരക്കാര്‍.

നെതര്‍ലന്‍ഡും യു.കെ.യും മാതൃക

വിദേശരാജ്യങ്ങളായ നെതര്‍ലന്‍ഡ്‌സ്, പോളണ്ട്, യു.കെ. എന്നിടങ്ങളില്‍ ഒട്ടേറെ ആംഫീബിയസ് വീടുകള്‍ നിര്‍മിച്ചു കഴിഞ്ഞു. ഈ രാജ്യങ്ങളില്‍ നേരിട്ട് പോയാണ് കേരളത്തില്‍ ഈ വീടിന്റെ സാധ്യതകളെക്കുറിച്ച് പഠിച്ചത്. അവിടെ പ്രളയമേഖലകളില്‍ നിര്‍മിച്ച വീടുകള്‍ കണ്ടുപഠിച്ചു. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് വാട്ടര്‍ലൂവിലെ പ്രൊഫസര്‍ എലിസബത്ത്, നെതർലൻഡ്സിൽ നിന്നുള്ള എൻജിനീയർ പ്രൊഫസര്‍ ക്രിസ് സീവെൻ ബെർഗ് എന്നിവരുമായി ആശയവിനിമയം നടത്തിയാണ് വീടുനിര്‍മാണത്തിന്റെ സാധ്യതകളെപറ്റി പഠിച്ചത്-നന്മ ഗിരീഷ് പറഞ്ഞു.

വീടിന്റെ അടിത്തറ പ്രധാന്യം

ഏത് തരം വീടാണെങ്കിലും അതിന്റെ അടിത്തറയ്ക്കായിരിക്കും പ്രധാന്യം. വീടിന്റെ അടിത്തറയ്ക്ക് പ്രധാന്യം നല്‍കിയാണ് കുറവിലങ്ങാട്ടെ മാതൃക നിര്‍മിച്ചിരിക്കുന്നത്. ഇതിന് ബോയന്റ് ഫൗണ്ടേഷന്‍ എന്നു പറയും. ഉള്ളുപൊള്ളയായ കോണ്‍ക്രീറ്റ് തറയിലായിരിക്കും വീട് പണിയുക. ഇതാണ് വെള്ളം പൊങ്ങുമ്പോള്‍ പൊങ്ങാനും വെള്ളം താഴുമ്പോള്‍ താന്നുപോകാനും വീടിനെ സഹായിക്കുന്നത്. ഇങ്ങനെ പണിയുമ്പോള്‍ അടിത്തറ ശക്തമായിരിക്കുന്നതിനൊപ്പം ഭാരം കുറവുമായിരിക്കും അനുഭവപ്പെടുക. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി ഇവിടെ ലഭിക്കുന്ന വസ്തുക്കളുപയോഗിച്ചായിരിക്കും നിര്‍മാണം. 

base of amphibious house model
കോട്ടയം കുറവിലങ്ങാട് നിർമിച്ച ആംഫീബിയസ് വീടിന്റെ മാതൃകയുടെ അടിത്തറ

ചെരിഞ്ഞ മേല്‍ക്കൂരയും ചുറ്റുവരാന്തയുള്ളതുമായ വീടായിരിക്കും ആംഫീബിയന്‍ വീടുകള്‍ക്ക് ഏറ്റവും അനുയോജ്യം. ചുറ്റുവരാന്തകളോട് കൂടി വീട് പണിയുമ്പോള്‍ മഴക്കാലത്ത് പുറം ഭിത്തിയില്‍ വെള്ളം തട്ടാനുള്ള സാധ്യത വളരെ കുറയുന്നു. ഇത് വീടുകളുടെ ആയുസ്സ് വര്‍ധിപ്പിക്കും. പാനലുകളുപയോഗിച്ചാണ് വീടിന്റെ ഭിത്തി നിര്‍മിക്കുന്നത്. കട്ടകളുപയോഗിച്ചും ഭിത്തി നിര്‍മിക്കാം. കട്ടയുപയോഗിച്ച് നിര്‍മിക്കുമ്പോള്‍ ചെലവ് അല്‍പം വര്‍ധിക്കുമെന്ന് മാത്രം. മുകളിലേക്ക് എത്രഭാരം വന്നാലും അത് താങ്ങി നിര്‍ത്തുന്നവിധത്തിലായിരിക്കും അടിത്തറയുടെ നിര്‍മാണം. കേരളത്തിന്റെ കാലാവസ്ഥയില്‍ മൂന്നുനിലവരെ പണിയാനാണ് ഇവര്‍ ശുപാര്‍ശ ചെയ്യുന്നത്. 

അടിത്തറ പണിതുകഴിഞ്ഞ് അതാതു പ്രാദേശിക കോണ്‍ട്രാക്ടറുടെ സഹായത്തോടെയായിരിക്കും വീടിന്റെ ബാക്കി നിര്‍മാണം നടത്തുക. എന്നാല്‍, വീട് പണി പൂര്‍ത്തിയാകുന്നതുവരെ സഹായം ഒപ്പമുണ്ടാകും. 

അടിസ്ഥാനം ആര്‍ക്കിമെഡീസ് തത്വം 

ആംഫീബിയസ് വീട് നിര്‍മിക്കുന്നത് ആര്‍ക്കിമെഡീസ് തത്വം അടിസ്ഥാനമാക്കിയാണ്. കോണ്‍ക്രീറ്റ് തറയുടെ നാലു മൂലയ്ക്കും വളയങ്ങളുണ്ട്. അതിനുള്ളില്‍ ബോള്‍ട്ടുകളും. വളയം നാലുതൂണുകളിലേക്ക് ഇറക്കിയിടും. വെള്ളം പൊങ്ങിയാല്‍ വളയത്തിനുള്ളിലെ ബോള്‍ട്ടുകള്‍ സ്വയം ഉരുണ്ട് വെള്ളത്തിന്റെ ലെവലനുസരിച്ച് വീടിന്റെ തറ പൊങ്ങാന്‍ തുടങ്ങും. തുണിനുള്ളിലാണ് ഈ ഉയര്‍ച്ചതാഴ്ചകളെന്നതിനാല്‍ വീട് ചെരിയുകയുമില്ല.  

പണ്ടുമുതലേ വെള്ളം പൊങ്ങാന്‍ സാധ്യതയുള്ള സ്ഥലത്ത് താമസിക്കുന്നവരുണ്ട്. അവര്‍ക്ക് വീടു പണിയുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ചതുപ്പുനിലങ്ങളില്‍ നിലവില്‍ കെട്ടിടങ്ങള്‍ പണിയാന്‍ ഉദ്ദേശിക്കുന്നില്ല-നന്മ പറഞ്ഞു. 

വീടുപണിയാന്‍ ഉദേശിക്കുന്ന സ്ഥലത്തെ മണ്ണിലെ ഈര്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് അടിത്തറയുടെ നിര്‍മാണം. കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങളിലും ഈ തരത്തില്‍ വീട് നിര്‍മിക്കാം. തീരത്ത് നിന്നും ഒരു കിലോമീറ്റര്‍ മാറിയായിരിക്കും വീടിന്റെ നിര്‍മാണം. 

ഒരു ചതുരശ്ര അടിക്ക് 2500 രൂപ എന്ന നിരക്കിലാണ് ചെലവ് കണക്കാക്കുന്നത്. നിലവില്‍ പാലായ്ക്ക് സമീപം മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകുന്ന ഭരണങ്ങാനത്താണ് നെസ്റ്റ്ബൈഡിന്റെ നേതൃത്വത്തില്‍ വീട് നിര്‍മിക്കുന്നത്. 

വെള്ളപ്പൊക്കസാധ്യത ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന ആലപ്പുഴയിലെ കുട്ടനാട്ടിലും കൊല്ലം ജില്ലയ്ക്കു സമീപമുള്ള മണ്‍റോ തുരുത്തിലും ആംഫീബിയന്‍ സാങ്കേതികവിദ്യയിലുള്ള വീടുകള്‍ നിര്‍മിക്കുന്നതിന് സാധ്യതകളേറെയാണ്.

വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നസ്ഥലത്തുള്ള പത്തുപേര്‍ക്ക് സൗജന്യമായി വീടുനിര്‍മിച്ചു കൊടുക്കാനും നെസ്റ്റ് അബൈഡ് പദ്ധതിയിടുന്നുണ്ട്. ഇതിനായി ക്രൗഡ് ഫണ്ടിംങ്ങും ആരംഭിച്ചിട്ടുണ്ട്.

Conteny highlights: new technology to bulid house in flooded area amphibians house