വീട്ടിലെ മുറികളെ വ്യത്യസ്തമാക്കുന്നത് പെയിന്റും ഡിസൈനുകളുമൊക്കെയാണ്. അധികം ചെലവില്ലാതെ എങ്ങനെ മുറിക്ക് മേക്കോവര്‍ നല്‍കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. അത്തരക്കാര്‍ക്ക് ഒരുഗ്രന്‍ ആശയം പറഞ്ഞു തരികയാണ് ജിനാ സെര്‍ബി എന്ന ഒരമ്മ

മക്കളുടെ മുറി എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആലോചനയായിരുന്നു ആ അമ്മയ്ക്ക്. ഒപ്പം പണച്ചെലവില്ലാതെ മേക്കോവര്‍ ചെയ്യലും മുന്‍ഗണനയിലുണ്ടായിരുന്നു. അങ്ങനെയാണ് മുറിക്ക് ആരും ചിന്തിച്ചിട്ടില്ലാത്തൊരു ഡിസൈന്‍ നല്‍കാന്‍ ജിന തീരുമാനിച്ചത്. ഒറ്റനോട്ടത്തില്‍ പുള്ളിപ്പുലിയുടേതു പോലുള്ള ഡിസൈന്‍ മുറിക്ക് നല്‍കിയത് ഒരു ചെലവുമില്ലാതെയാണെന്ന് അഭിമാനത്തോടെ ജിന പറയുന്നു. 

പുതിയ ഡിസൈനിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് പച്ചക്കറിയുടെ കൂട്ടത്തില്‍ കൊണ്ടുവന്ന സെലറിയുടെ കാര്യം ജിന ഓര്‍ത്തത്. പിന്നെയൊന്നും നോക്കിയില്ല സെലറിയുടെ തണ്ടെടുത്ത് തീരെ ചെറിയ കഷണങ്ങളാക്കാതെ മുറിച്ചെടുത്ത് ഫ്രിഡ്ജിനുള്ളില്‍ വച്ചു. അതു കട്ടിയായപ്പോള്‍ എടുത്ത് കറുപ്പു നിറത്തിലുള്ള പെയിന്റില്‍ മുക്കി ഭിത്തിയുടെ ഡിസൈന്‍ ചെയ്യാനുദ്ദേശിച്ച ഭാഗത്ത് വച്ചു. ഓരോ കഷണങ്ങള്‍ കൊണ്ടും ഇപ്രകാരം പെയിന്റില്‍ മുക്കി ചെയ്തു, വലിപ്പ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ഫലം പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നുവെന്ന് ജിന പറയുന്നു. 

മകനും മകളും കിടക്കുന്ന മുറിയിലാണ് ജിന പരീക്ഷണം നടത്തിയത്. ഇരു വശങ്ങളിലും ഇരു നിറങ്ങളിലുള്ള പെയിന്റ് പൂശി അവയ്ക്കു മുകളിലാണ് സെലറി ഡിസൈന്‍ നല്‍കിയത്. മുറിയില്‍ പരീക്ഷണം നടത്തും മുമ്പ് ഒരു ഷെല്‍ഫില്‍ പരീക്ഷിച്ച് വിജയിച്ചതോടെയാണ് ജിനയ്ക്ക് ആത്മവിശ്വാസമായത്. 

Content Highlights: new painting hack with vegetable by a mother