മഞ്ഞളും മണ്ണും റീസൈക്കിള്‍ ചെയ്ത ജൂട്ടും. ഒരു ഹോട്ടല്‍ മുഴുവന്‍ പണിതിരിക്കുന്നത് ഇങ്ങനെ. ഞെട്ടേണ്ട, ഗുജറാത്തിലെ അഹമ്മദാബാദിലുള്ള 'മിട്ടി കി രംഗ്' എന്ന റസ്റ്റൊറന്റാണ് ഈ പരിസ്ഥിതി സൗഹൃദ ഹോട്ടല്‍. അഹമ്മദാ ബാദിലെ ദി ഗ്രിഡ് ( tHE gRID Architects) എന്ന കമ്പനിയാണ് ഈ റസ്റ്റൊറന്റിന്റെ നിര്‍മാണത്തിന് പിന്നില്‍.
'മിട്ടി കി രംഗ്' അഥവാ മണ്ണിന്റെ നിറം എന്ന് പേര് നല്‍കാനും ഒരു കാരണമുണ്ട്. കുംഭാറിലെ മൊത്തം പോട്ടര്‍മാര്‍ക്കും ആദരമര്‍പ്പിച്ചാണ് ഈ ഹോട്ടലിന്റെ ഉടമ ഇത്തരത്തിലൊരു പേര് സ്വീകരിച്ചത്. ഉടമയായ മിലാന്‍ പ്രജാപതി അഹമ്മദാബാദ് ആസ്ഥാനമായുള്ള കുശവ സമുദായത്തിലെ അംഗമാണ്. അതിനാല്‍ തന്നെ 'മിട്ടി കി രംഗ് 'അദ്ദേഹത്തിന്റെ ഒരു സ്വപ്നപദ്ധതി കൂടിയായിരുന്നു.
മഞ്ഞള്‍, ചെളി , ജൂട്ട് എന്നിവ കൊണ്ടാണ് ഈ കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് ജോലികള്‍ ചെയ്തത്. ഈ ഗോള്‍ഡന്‍ പ്ലാസ്റ്റര്‍ കെട്ടിടത്തിനുള്ളില്‍ മൊത്തെ പ്രകൃതിദത്തമായ ഒരു ഗന്ധം നിറയ്ക്കുന്നുണ്ട്. ഇങ്ങനെ പരിസ്ഥിതി സൗഹൃദമായതിനാല്‍ നിര്‍മാണചെലവിന്റെ 50 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു. മണ്ണിന്റെ നിറമായതിനാല്‍ കെട്ടിടത്തിന് വേറെ നിറമൊന്നും നല്‍കേണ്ടി വന്നില്ല. 3,250 ചതുരശ്രയടിയില്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്.
കെട്ടിടത്തിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത് മിലന്റെ തൊഴിലാളികള്‍ തന്നെയാണ്. ടെറകോട്ട ടേബിള്‍ വെയര്‍, അണ്‍ ഫയര്‍ഡ് ക്ലേ വെസ്സല്‍സ്, തടി എന്നിവയാണ് ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. പൈപ്പിങും ഡ്രെയ്‌നേജും ക്ലേ വെസ്സല്‍സാണ്. സീലിങ് , ഫര്‍ണിച്ചര്‍ എന്നിവ നിര്‍മ്മിച്ചിരിക്കുന്നത് റിസൈക്കിള്‍ ചെയ്ത തടിയിലും. ലോക്കല്‍ സെറാമിക് ടൈലുകള്‍ കൊണ്ടാണ് ഫ്‌ളോറിങ്. വിളക്കുകള്‍ക്ക് ജ്യൂട്ട് ലാംപ്‌ഷെയ്ഡുകളും നല്‍കിയിരിക്കുന്നു.
Content Highlights: New Eco-friendly Restaurant Built in Ahmedabad is a Tribute to Indian Potters