നന്താനശ്ശേരി ഇല്ലം
കോഴിക്കോട്: നാടെങ്ങും ഉപ്പുസത്യാഗ്രഹത്തിന്റെ അലയൊലികളാല്‍ പുതിയൊരുണര്‍വിലേക്കുയര്‍ന്ന നാളുകള്‍. കേളപ്പജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപ്പുസത്യാഗ്രഹജാഥയ്ക്ക് നടുവണ്ണൂരില്‍ ഒരുക്കിയ സ്വീകരണമാണ് രംഗം. ജാഥയെ സ്വീകരിക്കാനും ജാഥാംഗങ്ങള്‍ക്ക് വിശ്രമത്തിനും ഭക്ഷണത്തിനും സൗകര്യമൊരുക്കാനും മുന്‍നിരയിലുള്ളത് അംശം അധികാരിയായ നന്താനശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ മൂസ്സതും അനുജന്‍ ഗണപതി മൂസ്സതും.
ബ്രിട്ടീഷ് ഭരണത്തിനുകീഴില്‍ പോലീസിന്റെ അഴിഞ്ഞാട്ടത്തിനും ജനദ്രോഹത്തിനും സകലപിന്തുണയും നല്‍കുന്ന അധികാരിമാര്‍ക്കിടയില്‍ ഇങ്ങനെയും ഒരധികാരിയോ? സദ്യ കഴിച്ച് വിശ്രമിക്കുന്നതിനിടയില്‍ കേളപ്പജി അക്കാര്യം അധികാരിയുമായി ചര്‍ച്ചചെയ്യുകയുണ്ടായി. ''നിയമലംഘനത്തിനിറങ്ങിയവരെ സ്വീകരിച്ച് സദ്യ നല്‍കുന്നത് ഒരധികാരിക്ക് ചേര്‍ന്നതാണോ'' എന്ന കേളപ്പജിയുടെ ചോദ്യത്തിന് പരമേശ്വരന്‍ മൂസ്സതിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു: ''എല്ലാ അധികാരിമാര്‍ക്കും ചേര്‍ന്നതല്ല. എന്നാല്‍, എനിക്കു ശരിയെന്നുതോന്നുന്നത് ചെയ്യുന്നതില്‍നിന്ന് എന്നെ തടയാന്‍ ആര്‍ക്കും അധികാരമില്ല. എന്നെ പിരിച്ചുവിടുമെന്ന പരിഭ്രമം എനിക്കില്ല. ഈ പദവി വലിച്ചെറിയണമെന്നാണ് വിചാരം.''
.jpg?$p=81e9f21&&q=0.8)
നന്താനശ്ശേരി ഇല്ലക്കാര്‍ക്ക് പാരമ്പര്യമായി കിട്ടിയതാണ് അധികാരിപ്പണി. എന്നാല്‍, അതിലും വലുതാണ് ദേശത്തിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തോടുള്ള തന്റെ കടമയെന്ന് ഉറപ്പിച്ച ഗാന്ധിയന്‍നിലപാടിന്റെ പ്രഖ്യാപനമായിരുന്നു ഈ വാക്കുകള്‍. അധികാരിപ്പണിയിലിരുന്നുകൊണ്ട് സത്യാഗ്രഹികളെ പണവും ഭക്ഷണവും നല്‍കി സത്കരിച്ചത് സര്‍വീസ് ചട്ടങ്ങളുടെ മനഃപൂര്‍വമായ ലംഘനമാണെന്ന കുറ്റം ചുമത്തി പരമേശ്വരന്‍ മൂസ്സതിനെ ആറുമാസത്തെ കഠിനതടവിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ജയില്‍വാസമനുഭവിച്ചതിന്റെ പേരില്‍ അംശം അധികാരിസ്ഥാനത്തുനിന്ന് പുറത്താക്കി. അതിനെതിരേ മദിരാശി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ അനുകൂലവിധി നേടിയെങ്കിലും അധികാരിപ്പണി വേണ്ടെന്നുതീരുമാനിച്ച് മുഴുവന്‍സമയ സ്വാതന്ത്ര്യസമരപ്പോരാളിയായി പരമേശ്വരന്‍ മൂസ്സത്.
അദ്ദേഹത്തിന്റെ അനുജന്‍ ഗണപതി മൂസ്സത് കഠിനമായ പോലീസ് മര്‍ദനത്തിന്റെ ആഘാതം ജീവിതാവസാനംവരെ അനുഭവിച്ചു. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിനായിരുന്നു പോലീസ് നടപടി. സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ നാളുകളില്‍ ഇങ്ങനെയെത്രയെത്ര സംഭവങ്ങള്‍. നടുവണ്ണൂരില്‍ അതിന്റെയൊക്കെ കേന്ദ്രമായിരുന്നു പരമേശ്വരന്‍ മൂസ്സതിന്റെയും ഗണപതി മൂസ്സതിന്റെയും വീടായ നന്താനശ്ശേരി ഇല്ലം.
രഹസ്യമായി പ്രചരിച്ചിരുന്ന 'സ്വതന്ത്രഭാരതം' പത്രത്തിന്റെ കേന്ദ്രമായും ഈ ഇല്ലം പ്രവര്‍ത്തിച്ചു. കല്ലച്ച് ഉപയോഗിച്ച് പത്രത്തിന്റെ നൂറുകണക്കിന് പകര്‍പ്പുകളെടുത്ത് പലയിടങ്ങളിലേക്കുമെത്തിച്ചിരുന്നത് ഇവിടെനിന്നാണ്. കുറുമ്പ്രനാട് താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമായിരുന്നു ഈ ഭവനം. കെ. കേളപ്പന്‍, എ.കെ. ഗോപാലന്‍, മൊയാരത്ത് ശങ്കരന്‍, സി.കെ. ഗോവിന്ദന്‍ നായര്‍, വിഷ്ണുഭാരതീയന്‍, സ്വാമി ആനന്ദതീര്‍ഥന്‍ തുടങ്ങിയവര്‍ക്കൊക്കെ താവളമായിരുന്ന ഈ വീട് മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പല സമരമുറകളുടെയും ആസൂത്രണത്തിനും സാക്ഷ്യംവഹിച്ചു.
.jpg?$p=1400dd6&&q=0.8)
അയിത്തോച്ചാടനത്തിന്റെയും ക്ഷേത്രപ്രവേശനത്തിന്റെയും സന്ദേശവുമായി ഉജ്ജ്വലമായൊരു സംഭവംകൂടി ഇവിടെയുണ്ടായി. വൈക്കം സത്യാഗ്രഹത്തിന്റെ അലയൊലികള്‍ നാടെങ്ങുമുണ്ടായ കാലത്താണത്. ബ്രാഹ്‌മണര്‍മാത്രം ഉപയോഗിച്ചിരുന്ന അമ്പലക്കുളത്തില്‍ ഹരിജന്‍ ബാലന്മാരെ കുളിപ്പിച്ച് അമ്പലത്തില്‍ത്തന്നെ പന്തിഭോജനം നടത്തിക്കൊണ്ടായിരുന്നു വിപ്ലവം. അതിനും നേതൃത്വം നല്‍കിയത് പരമേശ്വരന്‍ മൂസ്സതും ഗണപതി മൂസ്സതും തന്നെ. ഇങ്ങനെ എത്രയെത്രയോ അനര്‍ഘമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച നന്താനശ്ശേരി ഇല്ലം ഇനി ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ഒരിക്കല്‍ എട്ടുകെട്ടായിരുന്ന ഈ ഇല്ലത്ത് ഇപ്പോള്‍ അഞ്ചുമുറികളും ഇടനാഴിയും അടുക്കളയുമാണുള്ളത്. അതും വൈകാതെ പൊളിച്ചുനീക്കും. ഈ കുടുംബത്തിലുള്ളവര്‍ പലപല ഭാഗങ്ങളിലാണുള്ളതെങ്കിലും വിശേഷാവസരങ്ങളില്‍ ഒത്തുകൂടുക പതിവാണ്. പൊളിക്കുന്നതിനുമുമ്പായുള്ള അവസാന കുടുംബസംഗമം ഈ മാസത്തെ ആദ്യ ഞായറാഴ്ചയായിരുന്നു.
Content Highlights: nanthanassery illam, freedom struggle, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..