റാസല്‍ ഖൈമയിലെ ആ വലിയ വീട്. ബിസിനസ്സ് ആണ് ജീവിതത്തില്‍ വലുതെന്ന് വിശ്വസിച്ചു നടക്കുന്ന പപ്പ. നൈറ്റ് പാര്‍ട്ടിയും ഡാന്‍സുമായി നടക്കുന്ന ഒരു മമ്മ. ആകെ ഉണ്ടായിരുന്ന കൂട്ടുകാര്‍ ഷാര്‍ജയിലെ ബോര്‍ഡിംഗ് സ്‌കൂളിലെ അറബി പിള്ളേരായിരുന്നു... റാസല്‍ ഖൈമയിലെ ആ വലിയ വീട്ടില്‍ ആ രാജകുമാരന്‍ ഒറ്റയ്ക്കായിരുന്നു.- പറയുന്നത് പ്രേമം സിനിമയിലെ ഗിരിരാജന്‍ കോഴിയാണെങ്കിലും ശരിക്കും ജീവിതത്തില്‍ ഈ ഡയലോഗ് പറയുകയാണ് ജര്‍മ്മന്‍ മള്‍ട്ടി മില്യനെയറായ എഴുപതുകാരന്‍ കാള്‍ റിപ്പണ്‍. തന്റെ ഏകാന്തത ഒഴിവാക്കാനായി സുഹൃത്തുക്കളെ ആവശ്യപ്പെട്ടുകൊണ്ട് ഇയാള്‍ പരസ്യവും നല്‍കിക്കഴിഞ്ഞു.
ന്യൂസിലണ്ടിലെ ആഡംബര മാന്‍ഷനില്‍ ഒപ്പം തനിക്ക് താമസിക്കാന്‍ പത്ത് ആളുകളെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതും സൗജന്യമായി. പതിനെട്ടിനും എഴുപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയും പുരുഷന്‍മാരെയും പരിഗണിക്കും. സല്‍സ്വഭാവികളായിരിക്കണം എന്ന നിബന്ധന മാത്രം.
വൈന്‍ നിര്‍മ്മാണ കേന്ദ്രം, കുതിരാലയം, മനോഹരമായ കടല്‍ കാഴ്ചകള്‍, ആഡംബരവീടുകള്‍ എന്നിവ ചേര്‍ന്നതാണ് റിപ്പണിന്റെ 220 ഹെക്ടര്‍ എസ്റ്റേറ്റ്. ഇവിടെ രണ്ടാള്‍ക്ക് ഒരു വീട് ഷെയര്‍ ചെയ്യാം. ഒത്തു ചേരലുകള്‍ ഇഷ്ടപ്പെടുന്ന ആര്‍ക്കും വരാം. ഡിന്നറുകളില്‍ പങ്കെടുക്കാം... ഇങ്ങനെ ആകര്‍ഷകമായ വാഗ്ദാനങ്ങളുമുണ്ട് പരസ്യത്തില്‍. ഫിഷിങ്, ബേര്‍ഡ് വാച്ചിങ്, ക്വയാക്കിങ്, നീന്തല്‍ എന്നിവ വേറെയും.
ജര്‍മ്മനിയിലെ ഐസ്ഡ് കോഫി ഉത്പാദകരില്‍ പ്രധാനിയാണ് റിപ്പണ്‍. പത്ത് വര്‍ഷം കൊണ്ടാണ് ഇയാള്‍ തന്റെ ഫാം ഇപ്പോഴുള്ള ഫൈവ് സ്റ്റാര്‍പദവിയില്‍ എത്തിച്ചത്. ശിഷ്ടക്കാലം നന്മയുള്ള മനുഷ്യര്‍ക്കൊപ്പം സൗഹൃദം പങ്കുവച്ച് ജീവിക്കണം- റിപ്പണ്‍ പറയുന്നു.
Content Highlights: millionaire seeking people to live with him in isolated paradise