ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഏറ്റവുമധികം വിരസത അനുഭവിച്ചവരിൽ ഏറെപേരും കുട്ടികളായിരിക്കും. പുറത്തുപോവാനോ സമപ്രായക്കാർക്കൊപ്പം കളിക്കാനോ കഴിയാത്ത അവസ്ഥ. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മറികടക്കാൻ വീട്ടിനുള്ളിൽ തന്നെ മികച്ച കളിയിടങ്ങൾ ഒരുക്കുന്ന വീട്ടുകാരുമുണ്ട്. അത്തരത്തിൽ സ്റ്റെയർകെയ്സിനു കീഴിൽ മക്കൾക്കായി കളിസ്ഥലമൊരുക്കിയ അമ്മയാണ് ശ്രദ്ധേയമാകുന്നത്. 

ഒഹിയോ സ്വദേശിയായ ആംബർ സ്മിത് ആണ് തന്റെ മൂന്നുമക്കൾക്കായി മനോഹരമായൊരു കളിയിടം ഒരുക്കിയത്. സ്റ്റെയർകെയ്സിനു കീഴിലെ സ്ഥലം എങ്ങനെ ഉപയോ​ഗപ്രദമാക്കാം എന്ന ആലോചനയിലായിരുന്നു ആംബർ. തുടർന്നാണ് മക്കൾക്കുള്ള കളിസ്ഥലം തന്നെയാക്കാം എന്നു തീരുമാനിക്കുന്നത്. നാലുദിവസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കുകയും ചെയ്തെന്ന് ആംബർ പറയുന്നു. 

സ്റ്റെയർകെയ്സിനു കീഴിലെ ചെറിയ ഇടത്തെ കുഞ്ഞൻ വീടിനു സമാനമായി ഡിസൈൻ ചെയ്തിരിക്കുകയാണ് ആംബർ. സ്റ്റെയർകെയ്സിനു താഴെയായുള്ള ചെറിയ മുറിക്ക് വാതിലും പിടിപ്പിച്ചിട്ടുണ്ടായിരുന്നു. വീട്ടിലേക്ക് മാറിയപ്പോഴേ ഈ ഇടം കളിസ്ഥലമാക്കണമെന്ന് ആലോചിച്ചിരുന്നുവെന്നും ആംബർ. 

ചുവരിൽ ഇഷ്ടികയ്ക്കും മേൽക്കൂരയ്ക്കും സമാനമായ വാൾപേപ്പർ ഒട്ടിച്ചു. ജനലും പൂക്കളുമൊക്കെ ഒരുക്കി.  ഇവിടെ നിന്ന് അകത്തേക്കുള്ള ചെറിയ ഇടത്തിൽ മക്കൾക്കായി കുഞ്ഞൻ അടുക്കളയും സെറ്റ് ചെയ്തു. 

home

അടുക്കളച്ചുവരിൽ മനോഹരമായ പൂക്കൾ കൊണ്ടുള്ള വാൾപേപ്പർ ഒട്ടിച്ചു. താഴെയായി കബോർഡുകളും പാത്രങ്ങളും ഒരുക്കി. വശത്തായി ഇന്റീരിയർ പ്ലാന്റ്സും വച്ചിട്ടുണ്ട്. ഇരിക്കാനായി ചെറിയൊരു കൗച്ചും നിലത്ത് റ​​ഗും പാത്രങ്ങൾ വെക്കാനുള്ള ഇടവും ഉൾപ്പെടെ ഒരു സമ്പൂർണ വീടിന്റെ ലുക്ക് വരുത്തി. മുപ്പതിനായിരത്തിനടുത്ത് രൂപയാണ് ഇതിനെല്ലാമായി തനിക്ക് ചെലവായതെന്നും ആംബർ പറയുന്നു. 

ആംബർ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട് നിരവധി പേരാണ് മികച്ച ആശയമെന്നു കമന്റ് ചെയ്ത് രം​ഗത്തെത്തിയത്. സ്റ്റെയർകെയ്സിനു കീഴിലെ സ്ഥലം ഉപയോ​ഗപ്രദമാക്കാൻ ലഭിച്ച ക്രിയേറ്റീവ് വഴിയാണ് ഇതെന്നാണ് പലരും കമന്റ് ചെയ്യുന്നത്. 

Content Highlights: Mum transforms space under-the-stairs into playroom