വീടിന്റെ പ്രധാന ഭാഗമാണ് അടുക്കള... അടുക്കള എങ്ങനെ ഒരുക്കണമെന്ന് വീടുവയ്ക്കാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ആലോചിക്കുന്നവരാണ് നമ്മള്‍. സ്ഥലപരിമിതി ഉണ്ടെങ്കില്‍പ്പോലും മികച്ച അടുക്കള എന്നത് എല്ലാവരുടെയും സ്വപ്നംതന്നെയാണ്. പഴയ അടുക്കളയോട് 'ബൈ' പറഞ്ഞ് പുതുമ തേടി പോകുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്.

വീടിന്റെ എനര്‍ജി റൂം അടുക്കളതന്നെയാണ്. അതിനാല്‍ അടുക്കള നന്നായാല്‍ വീടും നന്നാകും. അടുക്കളസങ്കല്‍പ്പത്തെ തന്നെ ലളിതവും മനോഹരവുമാക്കുന്നവയാണ് 'മോഡുലാര്‍ കിച്ചണ്‍'. മോഡുലാര്‍ അടുക്കളകള്‍ ട്രെന്‍ഡി അടുക്കളകളുടെ വലിയലോകം തന്നെയാണ് തുറന്നിടുന്നത്.

എല്ലാം ഓപ്പണ്‍

നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതല്ല അടുക്കളകള്‍. ലിവിങ് റൂമുകളോട് ചേര്‍ന്ന് തന്നെയാണ് ഇപ്പോഴത്തെ അടുക്കളകള്‍ സെറ്റ് ചെയ്യുന്നത്. കുടുംബത്തോടൊപ്പം ഇടപഴകി പാചകം ചെയ്യുന്ന രീതി ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത്തരം അടുക്കള ഒരുക്കാവുന്നതാണ്. വിദേശരാജ്യങ്ങളില്‍ കാണുന്ന ഇത്തരം ഡിസൈനുകള്‍ അതേപടി ചെയ്യുന്നവരുമുണ്ട്. എന്നാല്‍, ഡിസൈനിന്റെ കൂടെ കേരള ടച്ചും ചേര്‍ത്ത് അടുക്കള ഒരുക്കുന്ന ഉപഭോക്താക്കളുമുണ്ട്. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കു പോലും പാചകം ചെയ്യാവുന്ന രീതിയാണ് ഇത്തരം അടുക്കളകളില്‍ സജീകരിക്കുന്നത്.

അടുക്കളയില്‍ ഉയരത്തിലുള്ള സാധനങ്ങള്‍ എടുക്കാനായി ഉപയോഗിച്ച ശേഷം മടക്കി വയ്ക്കാവുന്ന കോണികളടക്കമുള്ള അടുക്കളകള്‍ രംഗത്തുണ്ട്. 'ഡ്രീം കിച്ചണ്‍' എന്ന അടുക്കള സങ്കല്‍പ്പത്തെ ലഘൂകരിക്കുകയാണ് ഈ രീതിയിലൂടെ. ഉപഭോക്താവിന്റെ താത്പര്യം അനുസരിച്ചാണ് കോണികള്‍ അടക്കം അടുക്കളയുടെ ഭാഗമായി ഒരുക്കുന്നത്. മാത്രമല്ല, ഇവ കൂടുതല്‍നാള്‍ നീണ്ടുനില്‍ക്കുകയും ചെയ്യും.

അടുക്കളയിലെ ഇറ്റാലിയന്‍ ടച്ച്

'ഇറ്റാലിയന്‍ അടുക്കള'കളോട് മലയാളികള്‍ക്ക് പ്രിയം കൂടിവരികയാണ്. വീടിന്റെ എവിടെ വേണമെങ്കിലും ഇത്തരം അടുക്കളകള്‍ സെറ്റ് ചെയ്യാവുന്നതാണ്. എല്ലാ റൂമില്‍ നിന്നും കാണാന്‍ പറ്റുന്ന ഓപ്പണ്‍ അടുക്കളകളാണിവ. പൂര്‍ണമായും വിദേശനിര്‍മിത മോഡുലാര്‍ മോഡലുകളാണ് ഇത്തരം അടുക്കളകളുടെ പ്രത്യേകതകള്‍. പല മോഡ്യൂളുകള്‍ ചേര്‍ത്ത് യോജിപ്പിച്ചതാണ് 'മോഡുലാര്‍ കിച്ചന്‍'. അഴിച്ചെടുക്കാനും മാറ്റാനും വൃത്തിയാക്കാനും എളുപ്പം. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഉപകരണങ്ങളില്‍ മാറ്റം വരുത്താവുന്നതാണ്. 'അടുക്കള സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള ഇടം' എന്ന സങ്കല്‍പ്പത്തെ പാടേ ഇല്ലാതാക്കുന്നവയാണ് ഇത്തരം അടുക്കളകള്‍.

അടുക്കളയെക്കുറിച്ചുള്ള പഴഞ്ചന്‍ നിര്‍വചനങ്ങള്‍ക്ക് പൂട്ടിടുന്നവയാണ് ഇറ്റാലിയന്‍ മോഡുലാര്‍ കിച്ചണ്‍. മാത്രമല്ല, കൂടുതല്‍ ഇഷ്ടത്തോടെ അടുക്കളയില്‍ ചെലവഴിക്കാന്‍ ഇത്തരം മോഡലുകളിലൂടെ സാധിക്കും. മീഡിയം ഉപഭോക്താക്കളില്‍ തുടങ്ങി ഹൈ എന്‍ഡ് ഉപഭോക്താക്കള്‍ക്ക് വരെയുള്ള മോഡലുകള്‍ ലഭ്യമാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സാഹായത്തോടെയാണ് ഇത്തരം അടുക്കളകള്‍ ഒരുക്കുന്നത്.

സുരക്ഷിതവും വാറന്റിയും

മികച്ച അടുക്കള ഒരുക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും പണം കൂടുതല്‍ ആണെന്ന കാരണത്താല്‍ അടുക്കള മോടിയാക്കാന്‍ നില്‍ക്കാറില്ല ചിലര്‍. എന്നാല്‍, കുറഞ്ഞ വിലയുള്ള മോഡുലാര്‍ അടുക്കളകള്‍ ലഭ്യമാണ്. വില കൂടുന്നതിന് അനുസരിച്ച് അടുക്കളയുടെ ഭംഗിയിലും ഗുണമേന്മയിലും മാറ്റം വരും. മാത്രമല്ല, ഇവ 10 വര്‍ഷത്തോളം ഈടുനില്‍ക്കുന്നവയുമാണ്.

മോഡുലാര്‍ അടുക്കളയില്‍ വളരെ എളുപ്പത്തില്‍ റാക്കുകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യാം. എത്ര ഭാരമുള്ള വസ്തുക്കള്‍ ഡ്രോയറില്‍ വെച്ചാല്‍പ്പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുമില്ല.

ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള മോഡുലാര്‍ അടുക്കളകള്‍ വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. 'എന്‍ജിനീയേര്‍ഡ് വുഡ്' ആണ് ഉപയോഗിക്കുന്നത്. കൂടാതെ, കംപ്യൂട്ടര്‍ അധിഷ്ഠിതമായാണ് ഇവ കട്ട് ചെയ്യുന്നത്. അതുകൊണ്ട്, അളവുകളിലും മറ്റും തെറ്റുകള്‍ വരാനുള്ള സാധ്യതകളും കുറവാണ്. ഇത്തരം എന്‍ജിനീയേര്‍ഡ് വുഡ്ഡുകള്‍ക്ക് സര്‍ട്ടിഫിക്കേഷനും ഉണ്ടാകും.

മികച്ച അക്‌സസറികള്‍ അടക്കം ഫിറ്റ് ചെയ്താണ് വിദേശരാജ്യങ്ങളില്‍ നിന്ന് ഇത് എത്തിക്കുന്നത്. ഉപഭോക്താവിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ആവശ്യമെങ്കില്‍ അതും അടുക്കളയില്‍ ഒരുക്കിക്കൊടുക്കും. അടുക്കളയുടെ നീളത്തിനും വീതിക്കും അനുസരിച്ചാണ് മോഡുലാര്‍ അടുക്കളകള്‍ സെറ്റ് ചെയ്ത് ലഭിക്കുക.

ഫിനിഷിങ് പ്രധാനം

അടുക്കള ഒരുക്കുക മാത്രമല്ല, ഫിനിഷിങ്ങിലുമുണ്ട് കാര്യം. ലാമിനേറ്റഡ്, ലാക്കര്‍, ഗ്ലാസ്, സെറാമിക് ഫിനിഷ്, വിനീര്‍, സോളിഡ് വുഡ് തുടങ്ങിയവയാണ് പ്രധാന ഫിനിഷിങ്ങുകള്‍. മാത്രമല്ല 300400 തരം നിറങ്ങള്‍ അടുക്കളയ്ക്കായി തിരഞ്ഞെടുക്കാം.

അടുക്കളയിലെ വിശ്രമം

പാചകത്തിനിടയില്‍ അല്‍പ്പം ഒന്ന് വിശ്രമിക്കണം എന്നു തോന്നിയാല്‍ നേരെ ഹാളിലേക്ക് പോകണം എന്നില്ല. വിശ്രമിക്കാനായി അടുക്കളയില്‍ സൗകര്യം ഒരുക്കുന്ന പ്രവണത കൂടുന്നുണ്ട്. വായിക്കാനോ, അല്ലെങ്കില്‍ കുട്ടികള്‍ക്ക് വന്നിരിക്കാനോ ഒക്കെയായി അടുക്കളയില്‍ ചെറിയൊരു ടേബിള്‍ ഒരുക്കാനും മോഡേണ്‍ അടുക്കളയില്‍ സാധിക്കും.

ഉപഭോക്താവിന്റെ അഭിരുചിക്ക് അനുസരിച്ച് ബ്രേക്ക്ഫാസ്റ്റ് ടേബിള്‍ പോലും അടുക്കളയില്‍ ക്രമീകരിക്കാവുന്നതാണ്. പാചകത്തോട് കൂടുതല്‍ ഇഷ്ടം തോന്നാനും ഇതിലൂടെ സാധിക്കും.

അടുക്കള ഒരുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം

* പാത്രം കഴുകുമ്പോള്‍ വെള്ളം താഴെ വീഴാതിരിക്കാന്‍ സിങ്കിന്റെ വക്കുകളില്‍ കര്‍വിങ് ചെയ്യാവുന്നതാണ്. സ്ലാബിന്റെ മെറ്റീരിയലായ ടൈലോ മറ്റോ ഉപയോഗിച്ചുതന്നെ അത് ചെയ്യാം.

* സിങ്കിനായി മാറ്റ് ഫിനിഷ് ഉപയോഗിക്കുക. സ്‌ക്രാച്ച് വീഴില്ല.

* അടുക്കള കൗണ്ടര്‍ടോപ്പിന് ക്വാര്‍ട്‌സ് ഉപയോഗിക്കാം. കറ, പോറല്‍, വിള്ളല്‍ എന്നിവയില്‍നിന്ന് രക്ഷ നേടാം. വിവിധ നിറങ്ങളില്‍ ലഭ്യമാണ്.

* ഇടയ്ക്ക് ഓപ്പണ്‍ ഷെല്‍ഫുകള്‍ വയ്ക്കുന്നത് അടുക്കളയ്ക്ക് ഭംഗിയേറും. ഇവിടെ കരകൗശല വസ്തുക്കളോ ഭംഗിയുള്ള പാത്രങ്ങളോ വയ്ക്കാവുന്നതാണ്.

* പാറ്റ, പല്ലി എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ കാബിനറ്റുകളില്‍ ഏതെങ്കിലും ഗ്ലാസ് ആക്കുക.

* അടുക്കളയിലെ ജനലുകള്‍ക്ക് പകരം ഗ്രില്‍ വയ്ക്കുകയാണെങ്കില്‍ വായു, വെളിച്ചം എന്നിവ കൂടുതല്‍ വരും. വെര്‍ട്ടിക്കല്‍ ബ്ലൈന്‍ഡ്‌സ് ഉപയോഗിക്കാം

* ഫ്‌ലാറ്റുകള്‍ ആണെങ്കില്‍ ഇലക്ട്രിക് ചിമ്മിനികള്‍ ഉപയോഗിക്കാം. അെല്ലങ്കില്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ മതി.

* ഈര്‍പ്പം തട്ടിയാല്‍പ്പോലും കേടാകാതെ നില്‍ക്കുന്ന രീതിയില്‍ വേണം കാബിനറ്റ് നിര്‍മിക്കാന്‍.

* ഓരോ അടുക്കളയുടെയും വലിപ്പവും ആവശ്യവും കണ്ടറിഞ്ഞ് വേണം ലൈറ്റ് സെറ്റ് ചെയ്യാന്‍.

* എല്‍, യു, ജി തുടങ്ങിയ ഷേപ്പുകളില്‍ അടുക്കള ഒരുക്കാം.

* അടുക്കളയുടെ ഡിസൈനിങ് പൂര്‍ത്തിയാകുന്നതിനു മുമ്പ് ഉപകരണങ്ങള്‍ വാങ്ങിക്കാതിരിക്കുക.

* നിറം തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക.

കൊച്ചിയില്‍ 40 ലക്ഷത്തിന്റെ അടുക്കള

ഫ്‌ലാറ്റുകളിലുള്ളവരാണ് ഇത്തരം അടുക്കളകളുടെ പ്രധാന ആരാധകര്‍. മൂന്നര ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയുണ്ടെങ്കില്‍ അടുക്കള ഒരുക്കാവുന്നതാണ്. കേരളത്തില്‍ സാധാരണ ബജറ്റ് ഉള്ളവര്‍ പരമാവധി ആറ് ലക്ഷം രൂപ വരെയുള്ള അടുക്കളകളാണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍, പ്രീമിയം ആളുകള്‍ 20 ലക്ഷം മുതലുള്ള അടുക്കളകളെയാണ് ആശ്രയിക്കുന്നത്.

കൊച്ചിയില്‍ 3040 ലക്ഷം രൂപ വരെ വിലവരുന്ന അടുക്കളകള്‍ തിരഞ്ഞെടുത്തവരുണ്ട്. വിലയേക്കാള്‍ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിനും ഡിസൈനിനുമാണ് പ്രാധാന്യം നല്‍കുന്നത്. ഒരു കോടി രൂപയോളമുള്ള അടുക്കളകള്‍ ഉപയോഗിക്കുന്നവര്‍ ഹൈ എന്‍ഡ് ഉപഭോക്താക്കളാണ്. ഇവര്‍ അടുക്കളയ്ക്കായി വീടിന്റെ വലിയഭാഗം തന്നെയാണ് മാറ്റിവയ്ക്കുന്നത്. അടുക്കള ഒരുക്കാനായി ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം തന്നെ ഹൈ എന്‍ഡ് വിഭാഗത്തിലുള്ളവയും ആയിരിക്കും.

Content Highlights: modular kitchen benefits