ഷീബ റോജി തന്റെ പെറ്റ് ഷോപ്പിൽ
അകത്തളങ്ങളില്‍ ചെടിയും മീനും മോടികൂട്ടാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. അക്വേറിയത്തിനുള്ളില്‍ ചെറിയ ചെടികള്‍കൊണ്ട് അലങ്കരിക്കുന്ന രീതിയാണ് കാലങ്ങളായി ഉള്ളത്. എന്നാലിപ്പോള്‍ ട്രെന്‍ഡ് മാറുകയാണ്.
ചെടിയും മീനും ഒരുമിച്ചു പരിപാലിച്ചു വളര്‍ത്തുന്ന മിനി അക്വാപോണിക്സാണ് വീട്ടിലെ താരം. അക്വേറിയത്തിനു മുകളില്‍ ചെടി വളര്‍ത്തി ഭംഗി കൂട്ടുന്ന വിദ്യ. ഈ ഹോബിയെ വരുമാന മാര്ഗമാക്കുകയാണ് ഷീബ റോജി. കഴിഞ്ഞ ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതോടെയാണ് ഷീബ ഇതിലേക്കെത്തിയത്. ഇവന്റ് മാനേജ്മെന്റ് മേഖലയും തളര്‍ന്നതോടെ സഹോദരന് ബിജു എബ്രഹാമും ഷീബയ്ക്കൊപ്പം ചേര്‍ന്നു.
ബിജുവിന്റെ സുഹൃത്തിന്റെ പ്ലാന്റ് നഴ്സറിക്കൊപ്പം ഷീബ പെറ്റ്ഷോപ്പ് ആരംഭിച്ചു. ''അരുമകളെ ഗിഫ്റ്റായി പലരും നല്‍കുന്നുണ്ട്. എന്നാല്‍ അതിന്റെ ഡെലിവറി ബുദ്ധിമുട്ടാണ്. അങ്ങനെയാണ് മിനി അക്വാപോണിക്സ് സാധ്യതകളെപറ്റി ചിന്തിച്ചത്. അങ്ങനെ വണ്‍ ഫിഷ്-വണ്‍ പ്ലാന്റ് എന്ന ആശയത്തില്‍ അക്വാപോണിക്സ് തയ്യാറാക്കി. പെറ്റ് ഷോപ്പില്‍ മീന്‍ വാങ്ങാന്‍ വരുന്നവര്‍ അക്വാപോണിക്സ് വാങ്ങാന്‍ തുടങ്ങി. വിവാഹ വാര്‍ഷികം, ബര്‍ത്ത്ഡേ, ഹൗസ് വാമിങ് തുടങ്ങിയുള്ള അവസരങ്ങളില്‍ ഗിഫ്റ്റായി പലരും മിനി അക്വാപോണിക്സ് അന്വേഷിച്ചെത്താറുണ്ട്'' - ഷീബ പറയുന്നു.
തിരുവല്ല സ്വദേശികളായ ഷീബയും സഹോദരന് ബിജുവും ഇടപ്പള്ളി വട്ടേക്കുന്നത്താണ് താമസം. ചേരാനെല്ലൂര്‍ ഇടയക്കുന്നത്താണ് ഇവരുടെ പെറ്റ് ഷോപ്പ്.
മിനി അക്വാപോണിക്സ്
മീനും ചെടികളും ഒന്നിച്ചുവളര്ത്തുന്നതാണ് അക്വാപോണിക്സ്. അതിന്റെ മിനിയേച്ചര്‍ പതിപ്പ്, അതായത് ഒരു ചെടിയും ഒരു മീനും എന്ന രീതിയാണ് മിനി അക്വാപോണിക്സ്. ചെടിയുടെ വേര് വെള്ളത്തിലേക്കിറങ്ങി മീനിന്റെ ഭക്ഷ്യാവശിഷ്ടങ്ങളും വിസര്‍ജ്യവും വളമായി വലിച്ചെടുക്കും. സാധാരണ അക്വേറിയത്തിന്റെ അത്രയും പരിചരണം മിനി അക്വാപോണിക്സിനു വേണ്ട.
ഫൈറ്റര്‍ ഫിഷാണ് കൂടുതലായും ഈ രീതിയില്‍ വളര്‍ത്തുന്നത്. വലിയ ബൗള്‍ ആണെങ്കില്‍ ഗപ്പിയെയും ഗോള്‍ഡ് ഫിഷിനെയും വളര്‍ത്താം. ബോസ്റ്റണ്‍ ഫേണ്‍, പീസ് ലില്ലി, മണി പ്ലാന്റ്, സിങ്കോണിയം, ഫിലോഡെന്‍ഡ്രോണ്‍ എന്നീ ചെടികളാണ് വളര്‍ത്താന്‍ അനുയോജ്യം.
Content Highlights: mini aquaponics for home interior
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..