വീട് നിര്‍മിക്കുമ്പോള്‍ എത്രത്തോളം പുതുമയുള്ളതാക്കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അവയ്ക്കൊപ്പം പ്രകൃതിയെകൂടി കണക്കിലെടുത്തുകൊണ്ടുള്ള നിര്മാണരീതിയായിരിക്കണമെന്നു പറയുകയാണ് ആര്‍ക്കിടെക്ട് സെബാസ്റ്റ്യന്‍ ജോസ്. കേരളത്തിലെ ഏറ്റവും മികച്ച ആര്‍ക്കിടെക്ടുകളെ കണ്ടെത്താനായി മാതൃഭൂമി ന്യൂസ് നടത്തിയ മാസ്റ്റര്‍ക്രാഫ്റ്റ് മത്സരത്തില്‍ ബെസ്റ്റ് ആര്‍ക്കിടെക്ട് അവാര്‍ഡ്, ബെസ്റ്റ് റൂഫ് അവാര്‍ഡ്, ബെസ്റ്റ് ലാന്‍ഡ്സ്കേപ് അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയത് സെബാസ്റ്റ്യന്‍ ജോസാണ്. 2001 മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സെബാസ്റ്റ്യന്‍ ജോസ് ശില്പി ആര്‍ക്കിടെക്ട്സിന്റെ ഉടമ കൂടിയാണ്. ഹരിതവീട് ചെലവു കുറച്ചും നിര്‍മിക്കാം എന്നു പറയുന്നു സെബാസ്റ്റ്യന്‍ ജോസ്. ക്ലബ്എഫ്എം ആര്‍ജെ റാഫിയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

''വീട് നിര്‍മിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത, കാലാവസ്ഥ, ഉടമസ്ഥന്റെ ആവശ്യങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് ഡിസൈന്‍ ചെയ്യേണ്ടത്. പരമാവധി പ്രകൃതിയോട് ഇണങ്ങുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്യാം. കഴിയുന്നതും അധികം മരങ്ങള്‍ മുറിക്കാതിരിക്കാന്‍ ശ്രമിക്കുക. അയല്ക്കാരനെക്കൂടി പരിഗണിക്കുന്ന വിധത്തിലാവണം വീട് ഡിസൈന്‍ ചെയ്യേണ്ടത്. കാറ്റും വെളിച്ചവും നന്നായി കടക്കാനായി ക്രോസ് വെന്റിലേഷന് ചെയ്തിരിക്കണം.
പല കാര്യങ്ങള്‍ക്കായി പാഴ്ച്ചെലവ് ചെയ്യുന്ന സമയത്ത് മഴവെള്ളസംഭരണി നിര്‍മിക്കാന്‍ ശ്രദ്ധിക്കുക. മൂവായിരം ചതുരശ്ര അടിയുള്ള വീടിന് ആറായിരം- ഏഴായിരം ലിറ്ററിന്റെ മഴവെള്ള സംഭരണി ഉണ്ടാക്കും. അതുകൊണ്ട് ഒരാഴ്ച്ചത്തെ വെള്ളമേ ലഭിക്കാനിടയുള്ളു. അതിനുപകരം മണ്ണിലേക്ക് വെള്ളം ഇറങ്ങും വിധത്തില്‍ സംവിധാനമുണ്ടാക്കണം. ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യുന്ന രീതിയാണിത്. പണ്ടെല്ലാം ചരലും മണ്ണുമായിരുന്ന മുറ്റമായതുകൊണ്ട് വെള്ളം ഇറങ്ങിപ്പോകുമായിരുന്നു. ഇപ്പോള്‍ അതല്ല അവസ്ഥ. പേവിങ് മിനിമല്‍ ആക്കുന്നതാണ് നല്ലത്, ഗ്രാസ് പേവേഴ്സ് ഉപയോഗിക്കാം.
സ്ഥലത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് നിര്‍മിതികള്‍ രൂപകല്പന ചെയ്യണം. അല്ലാതെ പ്രത്യേക ശൈലിയുടെ പുറകെ പോകരുത്. വീടിന്റെ രൂപകല്പനയില് കാലാവസ്ഥ, സ്ഥലം, വീട്ടുടമയുടെയും നാടിന്റെയും സംസ്കാരം എന്നിവയ്ക്ക് പ്രാധാന്യമുണ്ട്. വീടിന്റെ ചെലവു കുറയ്ക്കാന്‍ സ്പേസ് മാനേജ്മെന്റ് നല്ല രീതിയില്‍ ചെയ്താല്‍ മതി. കേരളത്തിന്റെ കാലാവസ്ഥയ്ക്കനുസരിച്ച് വീടിന്റെ മേല്‍ക്കൂര ചരിഞ്ഞതാകണം. എന്നാല്‍ കുറച്ച് സ്ഥലമുള്ള വ്യക്തികളെ സംബന്ധിച്ച് ടെറസ് ഉണ്ടായാല്‍ ഉപകാരപ്രദമായിരിക്കും.''
മാസ്റ്റര്‍ക്രാഫ്റ്റ് പോലുള്ള ഷോകള്‍ അത്തരത്തിലുള്ള ബോധവല്‍ക്കരണം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
Content Highlights: mathrubhumi mastercraft winner architect sebastian jose on green home