ക്‌രാങ്ങാട്ട് എന്ന കിരാങ്ങാട്ട് മന കാണാനും അത് സ്‌കെച്ചു ചെയ്യാനും ഇക്കഴിഞ്ഞ ധനുമാസത്തിലെ തിരുവാതിര ദിവസം എനിക്ക് ഒരു നിമിത്തമെന്നപോലെ സാധിച്ചു. മന വരയ്ക്കണമെന്ന് മോഹം പണ്ടേ തുടങ്ങിയതായിരുന്നു. മുമ്പ് വാരാന്തപ്പതിപ്പിൽ ഞാൻ വരച്ച 'കല്ല്യാണവര'കളുമായി ബന്ധമുണ്ട്  ഈ മനയ്ക്ക്. ആ വിവാഹത്തിലെ വധു ചെന്നൈ ഐ.ഐ.ടി.യിലെ ഗവേഷക ഇന്ദു ചഞ്ചൽ പൊൽപ്പായ ഇന്ന് കിരാങ്ങാട്ട് മനയിലെ അന്തർജനമാണ്. മാത്രമല്ല, ഞാനവിടെ ചെല്ലുന്ന ദിവസം ഇന്ദു ചഞ്ചലിന്റെ പുത്തൻ തിരുവാതിരയുമായിരുന്നു. അതിൽ പങ്കെടുക്കാൻ ഭർത്താവ് അമേരിക്കയിലെ ഹോളിവുഡ്ഡിൽ ഗെയ്മിങ് എൻജിനീയർ ഉണ്ണികൃഷ്ണനും അന്ന് കിരാങ്ങാട്ടെത്തിയിരുന്നു. 


തൃശ്ശൂരിൽ നിന്ന് പെരുമ്പിള്ളിശ്ശേരി വഴി 15 കിലോമീറ്റർ തെക്ക് ​െപരുവനം ക്ഷേത്രത്തിനടുത്താണ് കിരാങ്ങാട്ടുമന. അന്തർജനങ്ങൾ തിരുവാതിര ആഘോഷിക്കാൻ ഒരുക്കൂട്ടുന്നത് ഞാൻ കണ്ടു. അന്നത്തെ രാത്രി വീട്ടുകാരുടെ തിരുവാതിരകളി ഞാൻ സ്കെച്ചുചെയ്തു.

സംസ്‌കൃതവും യജുർവേദവും തർക്കവും മീമാംസയും ആനയും കൃഷിയും പിന്നെ പെരുവനം നമ്പൂതിരി ഗ്രാമത്തിന്റെ തമ്പ്രാക്കൾ സ്ഥാനവും കിരാങ്ങാട്ടുമനയുടെ പാരമ്പര്യത്തിൽപ്പെടുന്നു. ആംഗിരസഗോത്രത്തിൽപ്പെട്ടവരും ബൗധ്ധായന യജുർവേദാധികാരികളുമായ ഈ മനയിലെ ഇന്നത്തെ നാലുകാരണവന്മാരിൽ മൂവരും പ്രശസ്ത ഋഗ്്‌വേദ പണ്ഡിതൻ ഒളപ്പണ്ണ ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെ സഹോദരീപുത്രന്മാരാണ്. മൂത്തയാൾ ഫെഡറൽ ബാങ്കിലെ മുൻമാനേജർ വാസുദേവൻ നമ്പൂതിരിപ്പാട് മനയിലെ വേദപാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. അനുജന്മാരായ കൃഷ്ണൻ നമ്പൂതിരിപ്പാട് കൃഷിയും അമേരിക്കയിലുള്ള നാരായണൻ നമ്പൂതിരിപ്പാട് തോട്ടവും നോക്കി നടത്തുന്നു. മറ്റൊരു സഹോദരൻ ഉണ്ണി നമ്പൂതിരിപ്പാട് തറവാടിന്റെ ആന പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. 

keeragat mana
 കിരാങ്ങാട്ട് മനയിലെ പത്തായപ്പുര 


കൃഷ്ണൻ നമ്പൂതിരിപ്പാടാണ് എന്നെ മനയുടെ മുക്കും മൂലയും കാണിച്ചുതന്നത്. നൂറ്റാണ്ടുകൾ പഴക്കമുണ്ട് കെട്ടിടത്തിന്. തൊണ്ണൂറ് കൊല്ലം മുമ്പാണ് അവസാനമായി രൂപമാറ്റം വരുത്തിയത്. നാലുകെട്ടുകൾ മൂന്നെണ്ണം ഇതിനകത്ത് ഉണ്ട്. ആകെ 12 കെട്ട്. ഒന്നാമത്തെ നടുമുറ്റത്ത് ഭഗവതിയും ശാസ്താവും വനദുർഗയും രണ്ടാമത്തെ നടുമുറ്റത്ത് ഒരു കിണർ. മറ്റു മനകളിൽ കാണാത്തതാണ് ഈ കാഴ്ച. മൂന്നാമത്തെ നാലുകെട്ട് ഭാഗികമായി പൊളിഞ്ഞെങ്കിലും അതിന്റെ നടുമുറ്റം നിലനിർത്തിയിട്ടുണ്ട്. എന്നെ അത്ഭുതപ്പെടുത്തിയത് ഇതിനകത്തെ ചുമർചിത്രങ്ങളാണ്. സന്താനഗോപാലം കഥയുടെ പ്രധാന രംഗങ്ങളെല്ലാം ചുമർ ചിത്രത്തിലുണ്ട്. കൂടാതെ ഒരു ബ്രിട്ടീഷ് പട്ടാളക്കാരന്റെ ചിത്രവും ചുമരിൽ കണ്ടു. ശകുന്തളയുടേതടക്കമുള്ള രവിവർമ സീരീസ് എണ്ണച്ഛായ ചിത്രങ്ങൾ ധാരാളം. ഗുരുവായൂരമ്പലത്തിൽ മാത്രം കണ്ടിട്ടുള്ള  നരസിംഹത്തിന്റെ അതേ ചിത്രം ഇവിടെ ഉണ്ട്. തൃശ്ശൂരിലെ തെക്കേമഠത്തിൽ മൂന്നാമതൊരു നരസിംഹചിത്രം കൂടി ഉണ്ടത്രേ. ഇത് മൂന്നും വരച്ചത്  ശേഖരവാരിയരാണ്.


ബ്രിട്ടീഷ് കാലത്തെ ഒജൈൽ ഫാക്ടറി നിർമിച്ച ചിത്രപ്പണികളുള്ള ടൈലുകൾ പാകിയ നിലം, മരത്തിൽ തീർത്ത രണ്ടു ഗോവണികൾ, സ്വാമിയാർക്കിരിക്കാനുള്ള വലിയ രണ്ട് ആവണപ്പലകകൾ. ഏകദേശം  നാലു പേർക്ക് പുറംതിരിഞ്ഞിരിക്കാവുന്നത്ര വലിപ്പമുണ്ട് അവയ്ക്ക്. ആമയുടെ മുഖംപോലുള്ള മുകവും വാലും നാല്‌ കാലുകളും നിരവധി മുറികൾ മിക്കതും അടഞ്ഞുകിടക്കുന്നു. ആട്ടുകട്ടിൽ, നിരവധി ഓലഗ്രന്ഥങ്ങൾ... തീർന്നില്ല വിശേഷം. ഇല്ലപ്പറമ്പിൽ ഒരു ശിവക്ഷേത്രവും വലിയ കുളവും ഉണ്ട്. എല്ലാ ദേവതകൾക്കും പൂജകൾ ഉണ്ട്. ഇവിടെ ജനിച്ച് തെക്കേമഠത്തിലേക്ക് സന്ന്യസിച്ച പ്രശസ്തരായ രണ്ട് സ്വാമിയാർക്കുള്ള യോഗീശ്വരി പൂജയും ചെയ്യുന്നുണ്ട്. യോഗീശ്വരീപൂജകൾ നടക്കുന്ന ഇല്ലങ്ങൾ കേരളത്തിൽ വിരളമാണ്. ഇവയ്‌ക്കെല്ലാം പുറമെ വലിയ ഒരു മാളികവീടിനോളം വലുപ്പത്തിൽ പത്തായപ്പുര. മാവും പ്ലാവും മറ്റനവധി വൃക്ഷലതാദികൾ പടർന്ന വളപ്പിൽ നിന്നും നോക്കിയാൽ നോക്കെത്താദൂരം കോൾപ്പാടം കാണാം. പാടത്തിന് നടുവിലൂടെ ചേനംകരയിലേക്ക് ബസ് സർവീസുമുണ്ട്. ആനകൾക്ക് പേരുകേട്ട മനയാണിത്. കിരാങ്ങാട്ട് കേശവനാണ് ഏറ്റവും പ്രശസ്തൻ. മണികണ്ഠനും ഗോപാലനും പ്രശസ്തർ തന്നെ. കഴിഞ്ഞ 47 വർഷങ്ങൾക്കുള്ളിൽ 57 ബിഹാറി ആനകൾ ഇവിടെ അംഗങ്ങളായിരുന്നു. ആധുനികരീതിയിലുള്ള നെറ്റിപ്പട്ടം ഡിസൈൻ ചെയ്തത് ഈ മനയിലെ ഒരു കാരണവരാണ്. ഈ കാരണവരുടെ ഛായാചിത്രവും മനയിൽ കണ്ടു.

keeragat mana
 കിരാങ്ങാട്ട് മനയിലെ പൂത്തിരുവാതിര 


നൂറ്റി എട്ട് ശിവക്ഷേത്രങ്ങളിൽപ്പെട്ട കയിനൂരും കല്ലാറ്റുപുഴയും പിന്നെ കൂടോത്ത് ക്ഷേത്രം, കാഞ്ഞിരശ്ശേരി ശിവക്ഷേത്രം, എരുമപ്പെട്ടി തിപ്പല്ലൂർ ശിവക്ഷേത്രം, പുഴയ്ക്കൽ പാടത്തെ ധർമശാസ്താക്ഷേത്രം, മച്ചാട്ട് വാസുദേവപുരം ക്ഷേത്രം എന്നിവയൊക്കെ ഒരു കാലത്ത് കിരാങ്ങാട്ട് മനയുടെ വകയായിരുന്നു.


പ്രൗഢിയും സമ്പത്തും വേദവും പൂജകളും എല്ലാം ഇന്നും നിലനിർത്തുന്ന ഈ മനയിലുള്ളവർ ആധുനിക വിദ്യാഭ്യാസം നേടിയവരും പലപ്പോഴും വിദേശവാസികളുമാണ്. വെറും നാലുപേരാണ് ഇന്ന് മനയിൽ താമസിക്കുന്നത്. കൃഷ്ണൻ നമ്പൂതിരിപ്പാടും നിർമല അന്തർജനവും മക്കൾ അപ്പുവും അനുവും പുറത്ത് തൊഴുത്തിൽ രണ്ട് പശുക്കളും.
പ്രശസ്തമായ ദേശമംഗലത്തുമനയും വടുക്കിണിയേടത്ത് കിരാങ്ങാട്ടുമനയും ഈ മനയുടെ ശാഖകൾ തന്നെ. മനയും പുത്തൻ തിരുവാതിരയും വരച്ച് അവിടുത്തെ ഉഷ അന്തർജനം ഒരുക്കിയ തിരുവാതിര വിഭവങ്ങളും കഴിച്ചാണ് മടങ്ങിയത്.
 

Content Highlight:  kiragatt mana by artist madanan