വീടുകളൊരുക്കുമ്പോള്‍ വ്യത്യസ്തത നിലനിര്‍ത്തുന്നവരുണ്ട്. മറ്റുവീടുകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന എന്തെങ്കിലും ഘടകം ഡിസൈനില്‍ കൊണ്ടുവന്നിട്ടുണ്ടാവും അവര്‍. എന്നാല്‍ വ്യത്യസ്തതയ്ക്ക് പകരം സംഗതി സര്‍പ്രൈസ് ആണെങ്കിലോ ? അത്തരത്തില്‍ ഒരു വീടിന്റെ ഡിസൈനില്‍ ഉടമസ്ഥന്‍ ഒരുക്കിയ സര്‍പ്രൈസാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. വീട് അന്വേഷിച്ചു നടന്ന ജാമി വില്‍ക്‌സ് എന്ന യുവാവാണ് താന്‍ കണ്ട വീട്ടിലെ ട്വിസ്റ്റ് എന്താണെന്ന് പങ്കുവച്ചിരിക്കുന്നത്. 

ലണ്ടന്‍ സ്വദേശിയായ ജാമി നാളുകളായി വീടിനു വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു. വീഡിയോ സഹിതമാണ് ജാമിയുടെ പോസ്റ്റ്. വീടിന്റെ ഓരോഭാഗവും വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു ജാമി. എന്നാല്‍ അടുക്കളയിലെ കാബിനറ്റ് ഭാഗമെത്തിയപ്പോള്‍ ജാമിക്ക് ഒരു അസ്വാഭാവികത തോന്നി. കാബിനറ്റിന്റെ വശത്ത് സ്പര്‍ശിച്ചപ്പോഴാണ് അത് മുകളിലേക്ക് പൊക്കാന്‍ കഴിയുന്നുണ്ടെന്നും അതിനു കീഴെ സ്റ്റെയര്‍കെയ്‌സ് ആണെന്നും മനസ്സിലായത്. 

കാബിനറ്റ് മുകളിലേക്ക് നീക്കി കബോര്‍ഡും തുറന്നാല്‍ കാണുന്നത് താഴേക്കുള്ള പടികളാണ്. അവ എത്തിച്ചേരുന്നതാകട്ടെ പുറകുവശത്തെ പൂന്തോട്ടത്തിലും. വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് അധികമാവും മുമ്പേ വൈറലാവുകയും ചെയ്തു. മൂന്നരലക്ഷത്തോളം ലൈക്കുകളും അമ്പതിനായിരത്തിനടുത്ത് റീട്വീറ്റുകളുമാണ് വീഡിയോക്ക് ലഭിച്ചത്. നിരവധി പേര്‍ രസകരമായ കമന്റുകള്‍ പങ്കുവെക്കുകയും ചെയ്തു. 

ഈ ഡിസൈന്‍ ബുദ്ധിപരമെന്നോ ഭ്രാന്തമെന്നോ നിശ്ചയിക്കാന്‍ കഴിയുന്നില്ല എന്നതായിരുന്നു ഒരു കമന്റ്. അബദ്ധത്തില്‍ ഈ കബോര്‍ഡ് തുറന്ന് സാധനം വെക്കാന്‍ ശ്രമിച്ചാല്‍ മൂക്കും കുത്തി താഴെ വീഴുമെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.

Content Highlights: Man Finds A Secret Doorway With Stairs Hidden In Kitchen Cupboard During An Apartment Viewing