വീടിനു പുറത്തു മാത്രമല്ല അകത്തും പച്ചപ്പു നിറയ്ക്കുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്. ഇന്റീരിയര്‍ പ്ലാന്റ്‌സിന്റെ വലിയ ശേഖരം തന്നെ വീട്ടിനുള്ളില്‍ സൃഷ്ടിക്കുന്നവരുണ്ട്. അത്തരത്തില്‍ ഇന്‍ഡോര്‍ പ്ലാന്റ്‌സിനോടുള്ള പ്രണയം മൂത്ത് തന്റെ വീടിനുള്ളില്‍ ചെറിയൊരു കാടുതന്നെ സൃഷ്ടിച്ച യുവാവാണ് ശ്രദ്ധേയമാകുന്നത്.
ഇരുപതുകാരനായ ജോ ബാഗ്‌ലിയാണ് കഥയിലെ താരം. ഒരു ബെഡ്‌റൂമുള്ള തന്റെ കൊച്ചുവീട്ടിനുള്ളില്‍ ആയിരത്തിനാനൂറോളം ചെടികളാണ് ജോ പിടിപ്പിച്ചിരിക്കുന്നത്. ഗാര്‍ഡന്‍ സെന്റര്‍ ജീവനക്കാരനാണെന്നതും ചെടികളോടുള്ള പ്രിയം കൂട്ടി.
പതിമൂന്നാം വയസ്സിലാണ് ചെടികളോടുള്ള പ്രണയം ജോ ആരംഭിച്ചത്. ഇതുവരെ ചുരുങ്ങിയത് മൂന്നുലക്ഷത്തോളം രൂപ താന്‍ ഇന്റീരിയര്‍ പ്ലാന്റ്‌സിനു വേണ്ടി ചെലവാക്കിയിട്ടുണ്ടെന്നാണ് ജോ പറയുന്നത്.
ദിവസത്തില്‍ ചെടികള്‍ നനയ്ക്കാനും പരിപാലിക്കാനുമായി മണിക്കൂറുകളോളമാണ് ജോ മിനക്കെടുന്നത്. ഓരോ ദിവസവും രാവിലെ എഴുന്നേറ്റ് ചെടികള്‍ക്കിടയില്‍ നടക്കുന്നതുതന്നെ പ്രത്യേക ഊര്‍ജമാണ് പകരുന്നതെന്ന് ജോ പറയുന്നു.
ബെഡ്‌റൂം മാത്രമല്ല അടുക്കളയും ഡൈനിങ് റൂമും എന്തിനധികം ബാത്‌റൂം വരെ ചെടികള്‍ കൊണ്ട് നിറച്ചിരിക്കുകയാണ് കക്ഷി. കസേരകളിലും ഡൈനിങ് ടേബിളിലും ബെഡിനു വശത്തുളള കാബിനറ്റിലും സോഫയുടെ ഇരുവശങ്ങളിലുമെല്ലാം ചെടികള്‍ വച്ചിട്ടുണ്ട്. നടക്കാനുള്ള വഴികളില്‍ മാത്രമാണ് ചെടികള്‍ അധികം വച്ചിട്ടില്ലാത്തത്.
ഇപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ജോയ്ക്ക് ചെടികള്‍ സമ്മാനിക്കാറുണ്ട്. ചെടികളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പലരും ജോയെ ഇപ്പോള്‍ സമീപിക്കാറുമുണ്ട്.
Story Courtesy: Metro News
Content Highlights: Man fills his home with 1,400 houseplants