കുറഞ്ഞ ചെലവില്‍ പ്രകൃതിസൗഹൃദമായ വീടുകള്‍ പണിയാനാവുമെന്ന് സ്വന്തം വീട് നിര്‍മിച്ചുകൊണ്ടുതന്നെ തെളിയിച്ചിരിക്കുകയാണ് ഡിസൈനറും ഉടമയും കൂടിയായ പ്രസൂന്‍ സുഗതന്‍. കോട്ടയം ഏഴാം മൈലിനടുത്ത് പാമ്പൂരാന്‍പാറയില്‍ 5 സെന്റില്‍ നിര്‍മിച്ച വീടിന് ചെലവായത് 4.65 ലക്ഷം രൂപയാണ്.  വീടു പണിയാന്‍ വേണ്ടിവന്നതാകട്ടെ 25 ദിവസവും.

നിര്‍മാണഘട്ടങ്ങള്‍

1. വീടിന്റെ ഇരുവശങ്ങളിലും അഞ്ച് കുഴി വീതമെടുത്ത് അതില്‍ ജിഐ പൈപ്പ് ഇറക്കി ചുറ്റും കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചു. തറനിരപ്പില്‍ നിന്ന് അഞ്ച് അടി ഉയരത്തിലാണ് പൈപ്പ് ഉറപ്പിച്ചത്. ഇതിനുമുകളിലായി ജിഐ സ്‌ക്വയര്‍ പൈപ്പ് പിടിപ്പിച്ചു. ശേഷം ത്രികോണാകൃതിയിലുള്ള ജിഐ ഫ്രെയിം പിടിപ്പിച്ചു. ഈ ഫ്രെയിമില്‍ ജിഐ ട്രഫോള്‍ഡ് ഷീറ്റ്  ഉറപ്പിച്ചു.ആദ്യത്തെ മൂന്ന് ദിവസം മാത്രമേ മഴയെയും വെയിലിനെയും പേടിക്കേണ്ടതുള്ളൂ. 

Home

2. സാധാരണ തറ പണിത് ഭിത്തികെട്ടുകയാണ് ചെയ്യാറുള്ളത്. ഇവിടെ പൈപ്പിലാണ് വീടിന്റെ ഭാരം പിടിച്ചുനിര്‍ത്തുന്നത്. ആവശ്യത്തിനുള്ള ഒരടി തറപ്പൊക്കം മാത്രമെടുത്ത് വെട്ടുകല്ലടക്കി മണ്ണ് നിറച്ചെടുക്കുകയായിരുന്നു. 650 സ്‌ക്വയര്‍ഫീറ്റിന് തറ പണിയാന്‍ വേണം ഒന്നരലക്ഷം രൂപയോളം. ഇവിടെ 25000 രൂപ മാത്രമാണ് ചെലവ് വന്നത്. 

3. ഫൈബര്‍ സിമന്റ് ബോര്‍ഡുകള്‍ കൊണ്ട് അകത്തളങ്ങള്‍ വേര്‍തിരിച്ചു.

home

4. സാധാരണ പോലെ കട്ട കെട്ടിയാണ് മുന്നിലെയും പിന്നിലെയും ചുമര് നിര്‍മിച്ചത്. അതുകൊണ്ട് സുരക്ഷാപ്രശ്‌നവുമില്ല. സീലിങ്ങിലെ മെറ്റല്‍ ഷീറ്റിന് താഴെ ജിപ്‌സം ഫോള്‍സ് സീലിങ് നല്‍കിയതുകൊണ്ട് ചൂടിന്റെ പ്രശ്‌നവുമില്ല. 

5. മുറികള്‍ വേര്‍തിരിച്ചത് ഫൈബര്‍ സിമന്റ് ബോര്‍ഡ് ഉപയോഗിച്ചാണ്. 

home

6. മുകള്‍നിലയുടെ നിലമൊരുക്കിയതും വിബോര്‍ഡ് പാനലുകള്‍ കൊണ്ടുതന്നെ. പ്രകൃതിക്ഷോഭങ്ങളെ ചെറുക്കാന്‍ പ്രാപ്തിയുള്ള വീടാണിത്. ഇനി അഥവാ തകര്‍ന്നുവീണാലും ഉള്ളിലുള്ളവര്‍ക്ക് ഒരു പോറല്‍ പോലും സംഭവിക്കില്ല. ആവശ്യാനുസരണം അഴിച്ചുമാറ്റി മറ്റൊരിടത്തു പുനര്‍നിര്‍മിക്കാനും സാധിക്കും. ഫൈബര്‍ സിമന്റ് പാനലുകള്‍ യഥേഷ്ടം അഴിച്ചുമാറ്റി അകത്തളങ്ങള്‍ പുനര്‍ക്രമീകരിക്കാനും സാധിക്കും.

7. ത്രികോണാകൃതിയില്‍ നിര്‍മിച്ചതുകൊണ്ട് മുകള്‍ നിലയില്‍ ട്രസ് ചെയ്യാതെ തന്നെ ഇടം ലഭ്യമാക്കാനായി

home

8. ബദല്‍ നിര്‍മാണസാമഗ്രികളുടെ ഉപയോഗം. കോണ്‍ക്രീറ്റ് ഉപയോഗം നിയന്ത്രിച്ചു

9. ജനല്‍, വാതില്‍ പഴയ തടിയുരുപ്പടികള്‍ പുനരുപയോഗിച്ചു

10. സ്മൂത്ത് ഫിനിഷിങ്ങിനേക്കാളും മാറ്റ് ഫിനിഷ് ഇഷ്ടപ്പെടുന്നവര്‍ പ്ലാസ്റ്ററിങ് ചെയ്യണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.

(തയ്യാറാക്കിയത്- രേഖ നമ്പ്യാര്‍)

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: low cost sustainable home design