ഏറ്റവും കുറച്ചുമാത്രം പാഴ്‌വസ്തുക്കൾ ഉണ്ടാവുന്ന നിർമാണശൈലി; ഇത് പാവങ്ങളുടെ വാസ്തുശിൽപി


പ്രൊഫ. ഡോ.കെ. രവി

‘ആർക്കിടെക്ചർ നൊബേൽ’ എന്ന്‌ അറിയപ്പെടുന്ന ‘പ്രിറ്റ്‌സ്‌കർ പ്രൈസ്’ 2018-ൽ ലഭിച്ച ഇന്ത്യൻ വാസ്തു ശില്പിയാണ്‌ ഡോ. ബാലകൃഷ്ണ ദോഷി. ബ്രിട്ടീഷ് രാജ്ഞി നേരിട്ട് നൽകുന്ന റോയൽ ഇൻസ്റ്റിറ്റ്യൂട്ട് റോയൽ ഗോൾഡ് ഇത്തവണ ലഭിച്ചത്‌ അദ്ദേഹത്തിനാണ്‌. ഇന്ത്യ ലോകത്തിന് സംഭാവനചെയ്ത അപൂർവപ്രതിഭകളിലൊരാൾകൂടിയാണ് ദോഷി. ചണ്ഡീഗഢ് നഗരം മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആസ്ഥാനങ്ങൾവരെയുണ്ട് ഈ ശില്പിയുടെ അപൂർവസ്പർശത്തിന്‌ തെളിവായി

ഡോ. ബാലകൃഷ്ണ ദോഷി | ​ഫോട്ടോ: ഗെറ്റി ഇമേജസ്‌, ചണ്ഡീഗഢ്‌ നഗരത്തിന്റെ നിർമാതാവായ ലെ കൊർബൂസിയെക്കൊപ്പം ദോഷി (പിറകിൽ) ചെറുപ്പകാലത്ത്‌

ലോക വാസ്തുവിദ്യാചരിത്രത്തിലോ ഇന്ത്യൻ വാസ്തുവിദ്യാചരിത്രത്തിലോ ഡോ. ബാലകൃഷ്ണ ദോഷിക്കുതുല്യനായ ഒരു വാസ്തുശില്പിയെ കണ്ടെത്താൻ പ്രയാസമാണ്. ലെ കൊർബൂസിയെ, ലൂയി ഖാൻ, ചാൾസ് കൊറിയ, ‘ജീയോഡസിക് ഡോം’ കണ്ടുപിടിച്ച ബക്ക് മിൻസ്റ്റർ ഫുള്ളർ, ജോസഫ് അലൻ സ്റ്റൈൻ, ജെ.ആർ. ഭല്ല, ലാറി ബക്കർ, ശങ്കർ തുടങ്ങി ആയിരക്കണക്കിന് ലോകപ്രശസ്തരായ വാസ്തുശില്പികളിൽനിന്ന് തികച്ചും വ്യത്യസ്തനാണ് ഡോ. ബാലകൃഷ്ണ ദോഷി. കാരണം, ലോകത്തെ അതിപ്രശസ്തരായ വാസ്തുശില്പികൾ, ശില്പവിദ്യാപ്രയോഗത്തിലൂടെ ലോകോത്തരസൃഷ്ടികൾ ഉണ്ടാക്കിയപ്പോൾ ഡോ. ദോഷി, ഭാവിയിൽ ലോകോത്തര സൃഷ്ടികൾക്കുള്ള ഭാവനാശാലികളെ സൃഷ്ടിക്കാൻ വാസ്തുവിദ്യ വിദ്യാഭ്യാസ അവസരം ഉണ്ടാക്കുകയും ആ വിദ്യാഭ്യാസത്തെ തികച്ചും നവീനമായ പാന്ഥാവിലേക്ക്‌ നയിക്കുകയാണ്‌ ചെയ്തത്‌.

1927 ഓഗസ്റ്റ് 26-ന് ഒരു സാധാരണ ഗുജറാത്തി കുടുംബത്തിൽ പുണെയിൽ ആയിരുന്നു ദോഷിയുടെ ജനനം. ജന്മനാൽത്തന്നെ അദ്ദേഹത്തിന് അവാച്യമായ സൃഷ്ടിവൈഭവമുണ്ടായിരുന്നു. വരയിലും ക്ഷേത്രഗണിതത്തിലും സ്‌കൂൾ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ അനിതരസാധാരണമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. ഈ ജന്മവാസനകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മുംബൈയിൽ ജെ.ജെ. സ്‌കൂൾ ഓഫ് ആർക്കിടെക്ചറിൽ വിദ്യാർഥിയായത്. സ്തുത്യർഹമായ മാർക്കോടെ ബി.ആർക്ക് ബിരുദം നേടിയ ഡോ. ദോഷിക്ക് സ്കോളർഷിപ്പോടുകൂടി ലണ്ടനിൽ ഉപരിപഠനം നടത്താൻ അവസരം ലഭിച്ചു. ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്‌ചറിൽ ബിരുദാനന്തര പഠനത്തിനുശേഷം, അദ്ദേഹം ചരിത്രത്തിലെതന്നെ അതികായനായ വാസ്തുശില്പി ലേ കോർബൂഷറുടെ സീനിയർ ഡിസൈനറായി പാരീസിൽ 1951 മുതൽ 1954 വരെ സേവനമനുഷ്ഠിച്ചു. അതിനുശേഷം നാലുവർഷം ഇന്ത്യയിലെ ലേ കോർബൂഷറുടെ പ്രോജക്ടുകളുടെ സൂപ്പർവൈസറായി ജോലിചെയ്തു.

ഇക്കാലത്ത് ഡോ. ദോഷി അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായതും ചരിത്രപരമായതുമായ സൃഷ്ടികൾ ചെയ്തു. ഇന്ത്യ വിഭജിച്ചതോടുകൂടി പഞ്ചാബിന് ലോകോത്തരമായ ഒരു തലസ്ഥാനനഗരം സൃഷ്ടിക്കാൻ നെഹ്രുവിന്‌ അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി ഭാരതസർക്കാർ തിരഞ്ഞെടുത്തത് ഡോ. ദോഷിയുടെ ഗുരുവായ ലേ കോർബൂഷറെയായിരുന്നു. കൊർബൂസിയെ ഈ പ്രോജക്ടിൽ അദ്ദേഹത്തിന്റെ സഹായിയായി തിരഞ്ഞെടുത്തത് ഡോ. ദോഷിയെയായിരുന്നു. ‘അസാമാന്യനായ ഒരു വാസ്തുശില്പി’ എന്നാണ് കോർബൂഷർ ഡോ. ദോഷിയെ വിശേഷിപ്പിച്ചിട്ടുള്ളത്. അങ്ങനെ, ആധുനിക നഗരാസൂത്രണത്തിന്റെ ചരിത്രത്തിൽ എക്കാലവും തലയുയർത്തിനിൽക്കുന്ന ഒരു സ്മാരകമായി ചണ്ഡീഗഢ് രൂപപ്പെട്ടു. ചണ്ഡീഗഢ് പോലൊരു തലസ്ഥാനനഗരം ആധുനികകാലത്ത് ലോകത്തെങ്ങും ഉണ്ടാക്കിയിട്ടില്ല എന്നത് ഒരു ചരിത്രവസ്തുതയാണ്. ഇതു മാത്രവുമല്ല, സുസ്ഥിരനഗരാസൂത്രണത്തിന്റെയും നഗരവികസനത്തിന്റെയും ആഗോളതലത്തിൽതന്നെ, എക്കാലത്തെയും ജ്വലിക്കുന്ന സ്മാരകമാണ് ചണ്ഡീഗഢ് നഗരം. കൊർബൂസിയെയുടെയും ഡോ. ദോഷിയുടെയും ജീവിതത്തിലെതന്നെ ഏറ്റവും വലിയ സൃഷ്ടിയായിരുന്നു ചണ്ഡീഗഢ്‌ നഗരം. നെഹ്രു, ഇൗ ആധുനികസൃഷ്ടി യാഥാർഥ്യമായിക്കണ്ടപ്പോൾ സന്തോഷംകൊണ്ട് സ്തബ്ധനായിപ്പോയി.

ഡോ. ദോഷി രൂപകൽപന ചെയ്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേ്മെന്റ് കാമ്പസ്

കൊർബൂസിയയെപ്പോലെത്തന്നെ അന്നത്തെക്കാലത്ത് അതിപ്രശസ്തനായ ഒരു വാസ്തുശില്പിയായിരുന്നു ലൂയി ഖാൻ. ലൂയി ഖാനും ഡോ. ദോഷിയും ചേർന്നാണ് ഇന്ത്യയിലെ രണ്ടാമത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറായ അഹമ്മദാബാദ് ഐ.എം.എമ്മിന്റെ വിശ്വവിഖ്യാതമായ ആസ്ഥാനമുണ്ടാക്കിയത്. യഥാർഥത്തിൽ ഐ.ഐ.എം. അഹമ്മദാബാദിന്റെ ആസ്ഥാനം ഇന്നുകാണുന്നരീതിയിൽ രൂപംകൊണ്ടത് ലൂയി ഖാന്റെയും ഡോ. ദോഷിയുടെയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണപരിപാടിയുടെ പിതാവായ ഡോ. വിക്രം സാരാഭായിയുടെയും സംയുക്തഭാവനയിലൂടെയാണ്‌. നെഹ്രുവും ഡോ. സാരാഭായിയും വളരെ അടുപ്പത്തിലായിരുന്നു. മഹാരാഷ്ട്രയിൽനിന്ന് കിർലോസ്‌കർ ഐ.ഐ.എം. പുണെയിലേക്കു കൊണ്ടുപോകാൻ വലിയ ശ്രമംനടത്തിയിരുന്നു. പക്ഷേ, നെഹ്രുവിന് താത്‌പര്യം ഡോ. സാരാഭായിയുടെ നേതൃത്വത്തിൽ ഐ.ഐ.എം. അഹമ്മദാബാദിൽ വരണമെന്നായിരുന്നു. ഡോ. അങ്ങനെയാണ് അദ്ദേഹം ലൂയി ഖാനെയും ഡോ. ദോഷിയെയും വാസ്തുശില്പികളായി തിരഞ്ഞെടുത്തത്‌. ഡോ. ദോഷിയുടെ ആധുനിക വാസ്തുശില്പശൈലിയിൽ ഡോ. സാരാഭായിക്ക് വലിയ താത്‌പര്യമായിരുന്നു (ലേഖകൻ 1970-'71 കാലഘട്ടത്തിൽ ഡോ. സാരാഭായിയുടെ ജൂനിയർ പി.എ. ആയിരുന്നു). ഡോ. ദോഷിയുടെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഐ.ഐ. എം. ബാംഗ്ലൂർ. പ്രൊ. രാമസ്വാമി ആയിരുന്നു ഐ.ഐ.എം. ബാംഗ്ലൂരിന്റെ സ്ഥാപക ഡയറക്ടർ. അദ്ദേഹത്തിന്, ഐ.ഐ.എം. അഹമ്മദാബാദിന്റെ ആധുനിക വാസ്തുശില്പശൈലിയിൽ ഐ.ഐ. എം. ബാംഗ്ലൂരിനെയും വാർത്തെടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ, ഐ.ഐ.എം. ബാംഗ്ലൂരിന്റെ വാസ്തുശില്പചുമതല ഡോ. ദോഷിക്കുനൽകി. ഡോ. ദോഷി, ഐ.ഐ.എം. ബാംഗ്ലൂരിനെ ആധുനികശില്പകലയുടെ മറ്റൊരു സ്മാരകമാക്കിമാറ്റി.

1957-ൽ ‘വാസ്തുശില്പ ഫൗണ്ടേഷൻ’ എന്ന സ്ഥാപനത്തിന് അദ്ദേഹം രൂപംകൊടുത്തു. ഈ സ്ഥാപനത്തിന്റെ ബാനറിലാണ് ഡോ. ദോഷി, ഇന്ത്യയിലും പലവിദേശരാജ്യങ്ങളിലും നൂറുകണക്കിന് ടൗൺഷിപ്പുകളും ചരിത്രപ്രാധാന്യമുള്ള ധാരാളം രമ്യഹർമ്യങ്ങളും ഉണ്ടാക്കിയതും ആധുനിക വാസ്തുശില്പകലയുടെ എന്നത്തേയും പ്രതീകങ്ങളായി ഇന്നും അവ നിലകൊള്ളുന്നതും. ഐ.ഐ.എം. ബാംഗ്ലൂർ, ഐ.ഐ.എം. ലഖ്‌നൗ, ജയ്‌പുരിലെ വിദ്യാനഗർ പ്രോജക്ട്‌, ഹൈദരാബാദിൽ ഇലക്‌ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ടൗൺഷിപ്പ്, ഇൻഡോർ ഡെവലപ്‌മെൻറ്‌ അതോറിറ്റിക്കുവേണ്ടി ഡിസൈൻചെയ്ത ഇൻഡോർ പ്രോജക്ട്‌, ഗുജറാത്തിലെ കലോലിൽ ഇന്ത്യൻ ഫാർമേഴ്‌സ് കോ-ഓപ്പറേറ്റീവ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിനുവേണ്ടി ഡിസൈൻചെയ്ത ഇഫ്‌കോ ടൗൺഷിപ്പ്, അഹമ്മദാബാദിലെ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ സ്റ്റഡീസ്, ഹൈദരാബാദിലെ എൽ.ഐ.സി. ടൗൺഷിപ്പ് തുടങ്ങിയവയെല്ലാം ദോഷിയുടെ സ്പർശത്തിലൂടെ പൂർത്തിയായി.

പ്രകൃതിക്ക്‌ യാതൊരുവിധ ക്ഷതവും ഏൽക്കാതെയും തദ്ദേശീയമായ പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ചും ഹരിതപുനഃസൃഷ്ടി നടത്തിയും മഴവെള്ളം സംഭരിക്കുന്ന സാങ്കേതികത്വം, സൗരോർജം, കാറ്റിൽനിന്നുള്ള ഊർജം എന്നിവ ഉപയോഗിക്കുന്ന മാതൃകകൾ ഡിസൈനിൽ ഉൾക്കൊള്ളിച്ചും നിർമാണസമയത്ത് ഏറ്റവും കുറച്ചുമാത്രം പാഴ്‌വസ്തുക്കൾ ഉണ്ടാവുന്ന നിർമാണശൈലിയും വെള്ളവും ഊർജവും വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്ന നിർമാണരീതിയും ഡോ. ദോഷിയുടെ വാസ്തുശില്പ ഡിസൈനുകളിലെ പ്രധാന മൂലകങ്ങളായിരുന്നു.

അദ്ദേഹം ചെയ്തിട്ടുള്ള എല്ലാ പ്രോജക്ടുകളും മേൽപ്പറഞ്ഞ സുസ്ഥിരവികസന ഉദ്ദേശ്യങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു. ഇതിനെല്ലാംപുറമേ, വാസ്തുവിദ്യാപ്രയോഗത്തിലൂടെ സാമൂഹികനീതിയും മാനുഷികതുല്യതയും ലോകത്ത് ആദ്യമായി നടപ്പാക്കാൻശ്രമിച്ച വാസ്തുശില്പിയാണ് ഡോ. ദോഷി. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ‘പാവങ്ങളുടെ വാസ്തുശില്പി’ എന്ന് ലോകം മുഴുവൻ അറിയപ്പെടുന്നത്. ഏറ്റവും വലിയ തസ്തികയിലുള്ള ഓഫീസർമാരും ഏറ്റവും ചെറിയ തസ്തികയിലുള്ള ശിപായിമാരും ഒന്നിച്ചിടകലർന്ന് ജീവിക്കുന്ന ഒരു ടൗൺഷിപ്പ് ഡിസൈൻ ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം നടപ്പാക്കിയത് ഇതിനുദാഹരണമാണ്‌.

1966 -ൽ ദോഷി രൂപകല്പന ചെയ്ത അഹമ്മദാബാദി​െല ടാഗോർ ഹാൾ

സാധാരണ ടൗൺഷിപ്പ്‌ ഡിസൈൻ ചെയ്യുമ്പോൾ, ഉയർന്ന ഓഫീസർമാർക്കും സാധാരണ ജോലിക്കാർക്കും പ്രത്യേകം പ്രത്യേകം ബ്ലോക്കുകൾ ഡിസൈൻചെയ്യുകയായിരുന്നു വാസ്തുശില്പികൾ ചെയ്തിരുന്നത്. അതിനു വിപരീതമായി ഒരു ‘സോഷ്യലിസ്റ്റ് വാസ്തുശില്പ ഡിസൈൻ’ ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഡോ. ദോഷിയായിരുന്നു.

ഒരു കാര്യം ഇവിടെ പ്രത്യേകിച്ച് പ്രതിപാദിക്കേണ്ടത്, ലോ കോസ്റ്റ് ഹൗസിങ്‌ കോൺസെപ്റ്റും എക്കോ ഫ്രണ്ട്‌ലി ആർക്കിടെക്ചർ കോൺസെപ്റ്റുമൊക്കെ ഇന്ത്യയിൽ പരക്കേ പറഞ്ഞുതുടങ്ങിയത് ഈ അടുത്തകാലത്താണ്. ഡോ. ദോഷി മേൽപ്പറഞ്ഞ ആശയങ്ങൾ 1950-കളുടെ ആരംഭത്തിൽത്തന്നെ ഇന്ത്യയിലും വിദേശത്തും പ്രചരിപ്പിച്ച വാസ്തുശില്പിയാണ്. ഭാവിയിൽ ലോകം മുഴുവൻ പ്രചരിപ്പിക്കാൻവേണ്ടി, ഈ ആശയങ്ങളെ അടിത്തറയാക്കിക്കൊണ്ടുള്ള ഒരു വാസ്തുശില്പ വിദ്യാഭ്യാസ സ്‌കൂൾ ഓഫ് തോട്ടിന് അദ്ദേഹം ആരംഭംകുറിച്ചു. ഒരു നവവാസ്തുശില്പസംസ്‌കാരം പ്രചരിപ്പിക്കാൻവേണ്ടി അദ്ദേഹം അഹമ്മദാബാദിൽ ‘സ്‌കൂൾ ഓഫ് ആർക്കിടെക്ചർ’ 1962-ലും ‘സ്‌കൂൾ ഓഫ് പ്ലാനിങ്’ 1972-ലും സ്ഥാപിച്ചു. ഇവിടെനിന്ന് പരിശീലനങ്ങളും വിപ്ലവകരമായ നവീന ആശയങ്ങളും സ്വായത്തമാക്കിയ ബിരുദധാരികൾ ലോകം മുഴുവൻ ഡോ. ദോഷിയുടെ വാസ്തുശില്പചിന്താസരണിയും സോഷ്യലിസ്റ്റ് ആർക്കിടെക്ചറും പ്ലാനിങ്ങും അരനൂറ്റാണ്ടിലേറെയായി പ്രചരിപ്പിച്ച്, സുസ്ഥിരവികസനം യാഥാർഥ്യമാക്കാൻ സഹായിച്ചുകൊണ്ടിരിക്കുകയാണ്.

വാസ്തുവിദ്യാപ്രയോഗത്തിലൂടെ സാമൂഹികനീതിയും മാനുഷികതുല്യതയും ലോകത്ത് ആദ്യമായി നടപ്പാക്കാൻശ്രമിച്ച വാസ്തുശില്പിയാണ് ഡോ. ദോഷി.

ഡോ. ദോഷി കേരളത്തിന്റെ ഒരു ബന്ധുകൂടിയാണ് എന്നത് മലയാളികൾക്കും അഭിമാനദായകമായ കാര്യമാണ്. മഹാകവി അക്കിത്തത്തിന്റെ മകനും പ്രസിദ്ധ ഫൈൻ ആർട്‌സ് അക്കാദമീഷ്യനും ഗവേഷകനുമായ പ്രൊഫ. വാസുദേവൻ അക്കിത്തത്തിന്റെ ഭാര്യ ചിത്രകാരികൂടിയായ മനീഷ ദോഷി, ബാലകൃഷ്ണ ദോഷിയുടെ മൂന്നാമത്തെ മകളാണ്.

(വിക്രം സാരാഭായിയുടെ ജൂനിയർ പി.എ., സെപ്റ്റ് യൂണിവേഴ്‌സിറ്റിയിലെ മുൻ ഫാക്കൽറ്റി, യു​െനസ്‌കോ, യു.എൻ.ഇ.പി., കോമൺവെൽത്ത് സെക്രട്ടേറിയറ്റ് എന്നീ അന്തർദേശീയ സംഘടനകളുടെ മുൻ കൺസൽട്ടൻറ്, കേരള സർക്കാരിന്റെ മുൻ സുസ്ഥിരവികസന ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് ലേഖകൻ)

Content Highlights: life of indian architect dr balkrishna doshi, b.v. doshi architecture style, B. V. Doshi works

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented