കൊല്ലത്തെ കൊറ്റങ്കര പഞ്ചായത്തിലെ ചന്ദനത്തോപ്പ് മാടങ്കാവ് അമ്പലത്തിനടുത്ത എം.ആര്‍.ഹൗസിലെ റമീസ സാധാരണ കൂലിപ്പണിക്കാരിയായിരുന്നു. കൂട്ടുകാരോടൊപ്പം തൊഴിലുറപ്പ് ജോലിക്ക് പോവും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തും. അങ്ങിനെയിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ 'ലൈഫ്' പദ്ധതിയനുസരിച്ച് വീട് നിര്‍മിച്ചുനല്‍കാനുള്ള ചുമതല കുടുംബശ്രീയെ ഏല്‍പിക്കുന്നതായും അതിനായി പരിശീലനം നല്‍കുന്നതായും അറിഞ്ഞത്. പരിചയമില്ലാത്ത ജോലിയാണെങ്കിലും ഒരു കൈ നോക്കിയാലോ എന്ന് തോന്നി. ഇക്കാര്യം സുഹൃത്തുക്കളായ പുഷ്‌കല, ഷീല, രാജി, ശ്രീവിദ്യ എന്നിവരുമായും പാല്‍ക്കമ്പനിയിലെ ജീവനക്കാരനായ ഭര്‍ത്താവ് മധുവിനോടും സംസാരിച്ചു. എല്ലാവരും സമ്മതിച്ചു. അങ്ങിനെ 'കൊറ്റങ്കര ഫീനിക്‌സ് കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്' എന്ന കുടുംബശ്രീ കെട്ടിടനിര്‍മാണ യൂണിറ്റ് നിലവില്‍വന്നു.

നിര്‍മിതി കേന്ദ്രത്തില്‍ ഒരു മാസത്തെ പരിശീലനം. തുടര്‍ന്ന് ഇത്രയും ദിവസം മേസ്ത്രിമാരുടെ കൂടെ ജോലിചെയ്ത പരിശിലനവും. പരിശീലനകാലത്ത് പ്രതിദിനം 310 രൂപ പ്രതിഫലം കിട്ടി. സഹായിക്കുന്ന മേസ്ത്രിക്ക് മണിക്കൂറിന് 125 രൂപയും സഹായിക്ക് 100 രൂപ നിരക്കിലും. സാങ്കേതിക സഹായം നല്‍കാന്‍ നിര്‍മിതി കേന്ദ്രത്തിലെ എന്‍ജിനീയര്‍ രാജുവും മേസ്ത്രി ബാബുവും. തുടര്‍ന്ന് ഇവര്‍ ധൈര്യപൂര്‍വം രംഗത്തിറങ്ങി.

ലൈഫ് പദ്ധതിയനുസരിച്ച് നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡി. തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് 40,000 രൂപയുടെ സേവനവും കിട്ടും. ബാക്കിത്തുക വീട്ടുടമ നല്‍കണം. നാനൂറ് ചതുരശ്ര അടി വിസ്തൃതിയുള്ള വീടാണ് ലൈഫ് പദ്ധതിയനുസരിച്ച് നിര്‍മിക്കുന്നത്. ഇതിന് ഏകദേശം 1200 സിമന്റ് കട്ടയാണ് നിര്‍മിക്കുന്നത്. ഒന്നിന് 40 രൂപയാണ് വില.

ലൈഫ് പദ്ധതിയനുസരിച്ച് ഒരു വര്‍ഷം 15,000 വീടുകള്‍ നിര്‍മിക്കണം. നിലവിലുള്ള പണിക്കാരെവെച്ച് സമയബന്ധിതമായി ഇത്രയും വീടുകള്‍ നിര്‍മിച്ചുനല്‍കാനാവില്ല. അതിനാലാണ് കെട്ടിടനിര്‍മാണ രംഗത്തുകൂടി സ്ത്രീകളെ പരിശീലിപ്പിക്കാന്‍ സംസ്ഥാന കുടുംബശ്രീ മിഷന്‍ തീരുമാനിച്ചത്.

ഇന്നിപ്പോള്‍ 'കൊറ്റങ്കര ഫിനിക്‌സ് കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്' നാലാമത്തെ വീടിന്റെ നിര്‍മാണത്തിലാണ്. മൂന്ന് വീടിന്റെ നിര്‍മാണം പൂര്‍ണമായും നിര്‍വഹിച്ചത് ഈ അഞ്ചംഗ ഗ്രൂപ്പാണ്. ചുവര് വെപ്പ്, കോണ്‍ക്രീറ്റ്, തേപ്പുപണി, ടൈല്‍ ഒട്ടിക്കല്‍ തുടങ്ങിയ ജോലികളെല്ലാം ഇവര്‍തന്നെ ചെയ്തു. പ്ലമ്പിങ്ങും വയറിങ്ങും മാത്രം മറ്റുള്ളവരെ ഏല്‍പ്പിച്ചു. ഈ ജോലികളിലും ഇവര്‍ക്ക് പ്രാഥമിക പരിശീലനം നല്‍കി.

സിമന്റും മണലും കരിങ്കല്ലും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൃത്യമായ അളവില്‍ ഉപയോഗിക്കും എന്നതാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മിക്കുന്ന വീടുകളുടെ മേന്‍മയെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.ജി.സന്തോഷും അസി. കോ-ഓര്‍ഡിനേറ്റര്‍ അജുവും പറഞ്ഞു. കരാറുകാരെ ഏല്‍പ്പിച്ചാല്‍ ഇത്ര കൃത്യമായി കാര്യങ്ങള്‍ നടക്കണമെന്നില്ല.

ജില്ലയില്‍ ഇതുവരെ 150 പേര്‍ക്കാണ് വീട് നിര്‍മാണത്തില്‍ പരിശീലനം നല്‍കിയത്. 15 വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. 20 ഗ്രൂപ്പുകള്‍ക്കാണ് പരിശീലനം നല്‍കിയത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടുകളില്‍ മിക്കതും ശാസ്താംകോട്ട ബ്ലോക്കിലാണ്. ജില്ലയിലെ 68 പഞ്ചായത്തുകളിലും കുടുംബശ്രീയുടെ ഒരു കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പെങ്കിലും ഉണ്ടാവണമെന്നാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ളതും പത്തുലക്ഷം രൂപവരെ ചെലവുവരുന്നതുമായ കെട്ടിടങ്ങളുടെ നിര്‍മാണം കുടുംബശ്രീ ഗ്രൂപ്പുകളെ നേരിട്ട് ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ലൈഫ് പദ്ധതിയുടെ വീട് നിര്‍മാണം ഒരു സേവനമായാണ് കാണുന്നതെന്ന് റമീസയും കൂട്ടരും പറയുന്നു. സിമന്റും മണലും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൃത്യമായ അളവില്‍ എടുക്കുന്നതുകാരണം പ്രത്യേകിച്ച് ലാഭമൊന്നുമില്ല. കൃത്യമായി ജോലിചെയ്ത സംതൃപ്തി.

തങ്ങള്‍ രണ്ടാംകിടക്കാരാണെന്നും പുരുഷന്‍മാര്‍ക്കൊപ്പം നില്‍ക്കാന്‍ അനര്‍ഹരാണെന്നും ഒരു കൂട്ടം സ്ത്രീകള്‍ വിളിച്ചുപറയുമ്പോള്‍, പുരുഷന്‍മാര്‍ കുത്തകയാക്കി വെച്ചിരിക്കുന്ന തൊഴില്‍മേഖല കൈയെത്തിപ്പിടിക്കുകയും മുന്നേറുകയും ചെയ്യുന്ന ഈ വനിതകള്‍ സ്ത്രീശക്തിയുടെ പ്രതീകങ്ങള്‍ തന്നെ.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights: kudumbasree women constructing house