നല്ല ജോലി, രണ്ടു വീടുകള്‍, ലണ്ടനിലെ അടിച്ചുപൊളി ജീവിതം. ഇതിലുപരി മറ്റെന്തു വേണം എന്നു ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ ഇവയിലൊന്നും കണ്ണു മഞ്ഞളിക്കാതെ കോടികളുടെ ആസ്തികള്‍ വിറ്റ് കാട്ടിനുള്ളില്‍ മനോഹരമൊയൊരു കൊച്ചുവീടു പണിത യുവാവ് ശ്രദ്ധേയമാവുകയാണ്. ലണ്ടനില്‍ എഞ്ചിനീയറായ ക്രിസ് ഹാര്‍ബര്‍ ആണ് വ്യത്യസ്തമായ തന്റെ തീരുമാനത്താല്‍ പലരെയും ഞെട്ടിച്ചത്.

Kris
Photo credit: Marcus Hessenber/ Barcroft Images

മുപ്പത്തിയൊന്നുകാരനായ ക്രിസിന് നഗര ജീവിതം നല്‍കിയ സുഖലോലുപതയിലൊന്നും മതിമറക്കാന്‍ കഴിഞ്ഞിരുന്നില്ല. നഗരത്തില്‍ നിന്നെല്ലാം വിട്ട് സമാധാന പൂര്‍ണമായൊരു ജീവിതമാണ് അയാള്‍ കൊതിച്ചിരുന്നത്. ഒടുവില്‍ ക്രിസ് സ്വപ്‌നം കണ്ടതുപോലൊരു സ്ഥലം സൗത് വെയില്‍സില്‍ കണ്ടെത്തുകയും ചെയ്തു. പതിനെട്ട് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ആ വനത്തില്‍ തന്റെ സ്വപ്‌നക്കൂടാരം പണികഴിപ്പിക്കുകയാണ് ക്രിസ് ചെയ്തത്. അതും സോ കോള്‍ഡ് വീട് സങ്കല്‍പങ്ങളോടെല്ലാം ഗുഡ് ബൈ പറഞ്ഞ്, വെറും മണ്ണും ചെളിയും മരവുമൊക്കെ ഉപേയാഗിച്ച്.

അതിനായി തന്റെ വീടും ഫ്‌ളാറ്റും വില്‍ക്കുക മാത്രമല്ല ജോലി ഉപേക്ഷിക്കുകയും ചെയ്തു ക്രിസ്. വീടു നിര്‍മ്മിക്കും മുമ്പു തന്നെ അതിനെക്കുറിച്ചു കൃത്യമായ കാഴ്ച്ചപ്പാടും ക്രിസിനുണ്ടായിരുന്നു. തികച്ചും പ്രകൃതിദത്തമായവ ഉപയോഗിച്ചു മാത്രമേ വീട് പണിയുകയുള്ളൂ എന്നാണ് ക്രിസ് തീരുമാനിച്ചത്. 2015ല്‍ പണി തുടങ്ങിയ വീട് അക്ഷരാര്‍ഥത്തില്‍ ഒരു വനത്തിനു നടുവിലാണ്. പിന്നീടുള്ള ഒന്നരവര്‍ഷത്തോളം വീടുപണിയുന്ന തിരക്കിലായിരുന്നു. വീടുപണിക്കായി തൊണ്ണൂറു ശതമാനവും പ്രകൃതിദത്തമായതും പുതുക്കി ഉപയോഗിക്കാവുന്നതുമായ വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് ക്രിസ് പറയുന്നു.

Kris
Photo credit: Marcus Hessenber/ Barcroft Images

വീട്ടിനകത്തെ ഓരോ വസ്തുക്കളിലും ക്രിസിന്റെ കലയോടുള്ള പ്രണയവും തിരിച്ചറിയാം. ഇനി കാട്ടിനു നടുവിലായതുകൊണ്ട് വൈദ്യുതിയോ ഇന്റര്‍നെറ്റ് പോലുള്ള സേവനങ്ങളോ ലഭിക്കില്ലെന്നു കരുതുന്നവരുടെ ശ്രദ്ധയ്ക്ക്, ഹൈഡ്രോ-സോളാര്‍ പവറുകളാല്‍ പൂര്‍ണ സജ്ജമാക്കിയ വീട്ടില്‍ മറ്റേതു വീടുകളിലെയും പോലെ സൗകര്യങ്ങളും ലഭിക്കും. വീടിനു പുറമെ ക്രിസിന്റെ കഠിനാധ്വാനത്തില്‍ മാത്രം പണികഴിപ്പിച്ചൊരു വര്‍ക്ക് ഷോപ്പും സമീപത്തുണ്ട്. 

ആദ്യമൊക്കെ കാട്ടിനുള്ളിലെ ജീവിതം തന്നെ ഒറ്റപ്പെടുത്തുമോ എന്നു ചിന്തിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ താന്‍ അങ്ങേയറ്റം ആസ്വദിക്കുകയാണെന്നു പറയുന്നു ക്രിസ്. ആദ്യമൊക്കെ തനിക്കു ഭ്രാന്താണെന്നു കരുതിയിരുന്ന വീട്ടുകാര്‍ ഇന്നു തന്നെ അഭിനന്ദിക്കുകയാണ്. ഈ വീട്ടിനുള്ളില്‍ തന്നെ ഏറെകാലം കഴിയണമെന്നാണ് ക്രിസിന്റെ ആഗ്രഹം. മഴക്കാലവും വേനല്‍ക്കാലവുമൊക്കെ വീടിനെയും ഭൂമിയെയും എങ്ങനെ മാറ്റുന്നുവെന്നൊക്കെ കണ്ടു മനസ്സിലാക്കിയതിനു ശേഷം മറ്റൊരു വീടും പണിയണം. അവിടെയായിരിക്കും പിന്നീടുള്ള ജീവിതകാലം മുഴുവന്‍ തന്റെ ജീവിതം. 

Kris
Photo credit: Marcus Hessenber/ Barcroft Images

അത്യാവശ്യം അറ്റകുറ്റപ്പണികളൊക്കെ ചെയ്തു മുന്നോട്ടു പോവുകയാണെങ്കില്‍ കുറഞ്ഞത് ഇരുപതു വര്‍ഷക്കാലമെങ്കിലും തന്റെ വീട് നിലനില്‍ക്കുമെന്നാണ് ക്രിസ് കരുതുന്നത്. തനിക്കൊരു മാറ്റം വേണമെന്ന് എന്നും ചിന്തിച്ചിരുന്നു, ഇപ്പോള്‍ അതു പ്രാവര്‍ത്തികമാക്കുകയും ചെയ്തു ഇനിയൊരിക്കലും നഗര ജീവിതത്തിലേക്കുള്ള തിരിച്ചു പോക്കില്ലെന്നും ക്രിസ് കൂട്ടിച്ചേര്‍ക്കുന്നു. ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യന്‍ ഇപ്പോള്‍ താനാണെന്നാണ് ക്രിസിന്റെ വാദം. 
 
Content highlights: Kris Harbour eco home