കുറ്റിച്ചിറ കുഞ്ഞിത്താന്‍ മാളികവീട്ടില്‍ ആകെക്കൂടി ഒരു പെരുന്നാളിന്റെ തിരക്ക്. അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള തറവാട് വീടിന്റെ അകത്തളത്തില്‍ സുലൈമാനിക്കൊപ്പം നിറയുന്നത് മുഴുവന്‍ തിരഞ്ഞെടുപ്പ് ചര്‍ച്ച. ഇക്കാലത്ത് തിരഞ്ഞെടുപ്പല്ലാതെ മറ്റെന്ത് ചര്‍ച്ച ചെയ്യാനെന്ന് ചോദിച്ചാല്‍ ഉണ്ട്, മൂവായിരത്തോളം അംഗങ്ങളാണ് കുഞ്ഞിത്താന്‍ മാളികവീട്ടില്‍നിന്ന് വിധി നിര്‍ണയത്തില്‍ ഭാഗമാകുന്നത്. കുറ്റിച്ചിറ അതിരിടുന്ന കുഞ്ഞിത്താന്‍ മാളികവീട്ടില്‍ അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പും ഒരു ചെറിയ പെരുന്നാള് തന്നെ.
അഞ്ഞൂറോളം കുടുംബങ്ങള്‍
അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള വീട്. അവിടെ അഞ്ഞൂറോളം കുടുംബങ്ങള്‍. പല താവഴികളിലായി നാലായിരത്തോളം അംഗങ്ങള്‍. കുഞ്ഞിത്താന്‍ മാളിക തറവാടിന്റെ ചുരുക്കമാണിത്.
'കുഞ്ഞിത്താന്‍ മാളികവീടെന്നപേരില്‍ മൂന്ന് തറവാടാണ് ഇവിടെയിപ്പോള്‍ ഉള്ളത്. അഞ്ഞൂറും ഇരുന്നൂറും നൂറും വര്‍ഷം പഴക്കമുള്ള വീടുകള്‍. മൂന്ന് വീട്ടിലുമായി നൂറോളം പേരുണ്ട്. ബാക്കിയുള്ളവരെല്ലാം നഗരത്തിന്റെ പരിസരപ്രദേശങ്ങളിലായി കഴിയുന്നു. ഇതിനൊടൊപ്പം പൂവായിന്റകം കുടുംബംകൂടി നമ്മുടെ തറവാടിന്റെ ഭാഗമാണ്. ഒന്നോ രണ്ടോ വോട്ടൊഴിച്ചാല്‍ ബാക്കിയെല്ലാം കോഴിക്കോട് മണ്ഡലത്തിലാണ്'- നാലാംതലമുറയില്‍പ്പെട്ട പി.കെ.എം. അഹമ്മദ് ഷെരീഫ് പറഞ്ഞു.
തറവാടിന്റെ അകത്തളങ്ങളിലും നിറയുന്നത് വോട്ട് ചര്‍ച്ച തന്നെ. അഞ്ച് നൂറ്റാണ്ട് മുമ്പുള്ള കെട്ടിലും മട്ടിലും തന്നെയാണ് ഇപ്പോഴും ഈ വീട്. രണ്ടാംനിലയില്‍ നിന്ന് തുടങ്ങുന്ന നടുമുറ്റത്തിന് ചുറ്റും സൊറ പറയുന്നതിനിടെയും രാഷ്ട്രീയം കയറി വരുന്നു.
കുറ്റിച്ചിറ സ്‌കൂളിലെ ആദ്യവോട്ട്
കുറ്റിച്ചിറ സ്‌കൂളില്‍ ഒരുക്കുന്ന പോളിങ് ബൂത്തിലെ ആദ്യവോട്ട് കുഞ്ഞിത്താന്‍ മാളിക വീട്ടിലേതാണ്. കാലങ്ങളായി തുടരുന്ന ആ പതിവ് ഒരിക്കലും തെറ്റാറില്ല.
സുബ്ഹി കഴിഞ്ഞ ഉടനെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ സ്‌കൂളിലേക്ക് ചെല്ലും. ആദ്യത്തെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ഉഷാറായി. പാറാവ് നില്‍ക്കുന്നവര്‍ വരെ ചോദിക്കാറുണ്ട്, എന്തിനാണിത്ര നേരത്തെവന്ന് നില്‍ക്കുന്നതെന്ന്. എന്നാല്‍ ആദ്യത്തെ വോട്ട് ചെയ്യുന്നതിന്റെ സന്തോഷം ഒന്നു വേറെത്തന്നെയാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
വോട്ടര്‍മാരില്‍ സ്ത്രീകളാണ് കൂടുതല്‍, 1750 പേരുണ്ട്. 1200- ലേറെപേരുണ്ട് പുരുഷവോട്ടര്‍മാര്‍. 89 വയസ്സുള്ള കെ.എം. ഉത്താന്‍ കോയയും കെ.എം. ആമിനാബിയുമാണ് മുതിര്‍ന്ന വോട്ടര്‍മാര്‍. മുപ്പതോളം കന്നിവോട്ടര്‍മാരുമുണ്ട്.
'ഇതുവരെ വോട്ടുചെയ്യല്‍ മുടക്കിയിട്ടില്ല. എപ്പോഴും രാവിലെതന്നെ വോട്ടുചെയ്തു മടങ്ങും. കുട്ടികളുള്‍പ്പെടെ എല്ലാവരും ഉണ്ടാകും പോളിങ് ബൂത്തിലേക്ക്'- വോട്ടിനെ ആഘോഷമാക്കുന്നതിനെക്കുറിച്ച് പറയുകയാണ് തറവാട്ടുവീട്ടില്‍ താമസിക്കുന്ന ആയിഷബി. മുടക്കമില്ലാത്ത വോട്ടിന്റെ കാര്യത്തില്‍ ആയിഷബിക്കൊപ്പം ചേരുന്നു സുബൈദ. മുപ്പത് കൊല്ലത്തിലേറെയായി തറവാട്ടില്‍ നിന്ന് മാറി തിരുവണ്ണൂരില്‍ താമസിക്കുകയാണ് സുബൈദ. വോട്ടും തിരുവണ്ണൂര്‍ തന്നെയാണ്.
രാഷ്ട്രീയമുണ്ട്, ചര്‍ച്ചകളില്‍ നിറയെ
മൂവായിരത്തോളം പേരുടെ രാഷ്ട്രീയമെന്താവും? കുഞ്ഞിത്താന്‍ മാളിയേക്കല്‍ തറവാടിന്റെ ഇറയത്തെ ബെഞ്ചിലിരുന്ന് രാഷ്ട്രീയം പറയുന്ന എല്ലാവര്‍ക്കും കൃത്യമായ നിലപാടുകളുണ്ട്. ''എല്ലാര്‍ക്കും രാഷ്ട്രീയമുണ്ട്. മുമ്പൊക്കെ സജീവമായി പ്രവര്‍ത്തനം നടത്തുന്നവരും ഉണ്ടായിരുന്നു. ഇപ്പോഴത്തെ തലമുറയില്‍ അങ്ങനെയുള്ളവരൊന്നുമില്ല. എന്നാലും കോണ്‍ഗ്രസും സി.പി.എമ്മും ലീഗുമാണ് മിക്കവരും. അല്ലാത്തവര് വളരെ കുറവാണ്''- വോട്ടേഴ്സ് സ്ലിപ്പ് കീശയിലുണ്ടെന്ന് ഭദ്രമാക്കിയാണ് കെ.എം.അബ്ദുള്‍ അസീസ് പറഞ്ഞത്.
ഇത്രയും വലിയ കുടുംബമാകുമ്പോള്‍ ഒരേ പേരുകാരുടെ എണ്ണവും ഏറും. മമ്മദ്കോയയും അബൂബക്കര്‍ കോയയുമെല്ലാം പത്തിലേറെയുണ്ടാകും. അതുകൊണ്ട് തന്നെ കുഞ്ഞിത്താന്‍ മാളികയെന്ന മേല്‍വിലാസത്തിലെത്തുന്ന തപാല്‍ പോലും ചുറ്റിത്തിരിയും. കഴിഞ്ഞ ദിവസം ടാഗോര്‍ ഹാളില്‍ നടത്തിയ കുടുംബസംഗമത്തില്‍ നാലായിരത്തോളം പേരാണ് പങ്കെടുക്കുന്നത്. അവിടെ കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായ എം.കെ.രാഘവനും എ.പ്രദീപ് കുമാറുമെല്ലാം വോട്ടുതേടി എത്തുകയും ചെയ്തു.
Content Highlights: kozhikode kunjithan malika veedu voters kerala traditional homes