അംബരചുംബികള്‍ വീഴാന്‍ ഇനി രണ്ടോമൂന്നോ മാസം കൂടി... പരമാവധി ആയുസ്സ് അടുത്തവര്‍ഷം ജനുവരി ഒമ്പത്... മരടില്‍ നിയമംലംഘിച്ച് പണിത ഫ്‌ലാറ്റുകള്‍ അതിനകം പൊളിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്രവലിയ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത്. അതിന്റെ ആശങ്ക പൊളിക്കാന്‍ നേതൃത്വം നല്‍കുന്ന അധികൃതര്‍ക്കും സമീപവാസികള്‍ക്കും നഗരസഭയ്ക്കും എല്ലാമുണ്ട്. പക്ഷേ, കിട്ടാവുന്നതില്‍ മികച്ച വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയാണ് പൊളിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

വലിയ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ 'ഗിന്നസ് റെക്കോഡ്' സ്ഥാപിച്ചിട്ടുള്ള ഇന്ദോറുകാരന്‍ ശരത് ബി. സര്‍വാതെയാണ് ഇതില്‍ പ്രമുഖന്‍. കൂടാതെ 11 സാങ്കേതിക വിദഗ്ദ്ധരെക്കൂടി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

ഇതുവരെ സംഭവിച്ചത്...

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഫ്‌ലാറ്റുടമകള്‍ സ്വയം ഒഴിഞ്ഞു. ഒക്ടോബര്‍ മൂന്ന് വരെയാണ് ഒഴിയാന്‍ സമയം അനുവദിച്ചിരുന്നതെങ്കിലും സാധനങ്ങള്‍ മാറ്റാന്‍ കൂടുതല്‍ സമയം നല്‍കി. വിദേശത്തുള്ള ചിലരുടെ ഫ്‌ലാറ്റുകളിലെ സാധനങ്ങള്‍ ഇനിയും മാറ്റാത്തതുണ്ട്. പൊളിക്കുന്നതിന് മുമ്പ് ഇതും മാറ്റിയേക്കും.

ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് ഏജന്‍സികളെയാണ് തീരുമാനിച്ചിരിക്കുന്നത്... മുംബൈ ആസ്ഥാനമായ 'എഡിഫിസ് എന്‍ജിനീയേഴ്സ്', ചെന്നൈ ആസ്ഥാനമായ 'വിജയ് സ്റ്റീല്‍സ്' എന്നിവയെ. എഡിഫിസിന് 'ഹോളിഫെയ്ത്ത്', 'കായലോരം', 'ജെയിന്‍' എന്നിവയാണ് പൊളിക്കാന്‍ നല്‍കിയിരിക്കുന്നത്. 'ആല്‍ഫ സെറീനി'ന്റെ രണ്ട് ടവറുകളാണ് വിജയ് സ്റ്റീല്‍സിനുള്ളത്.

എങ്ങനെയണ് പൊളിക്കുന്നത്...?

'ഇലക്ട്രോണിക് സ്‌ഫോടനം' ആണ് നടത്തുക. ഉള്ളില്‍നിന്നുള്ള സ്‌ഫോടനം ('ഇംപ്ലോഷന്‍') ആണ് ഉദ്ദേശിക്കുന്നത്... നടുക്കുന്ന സ്‌ഫോടനം ഉണ്ടാകില്ലെന്നര്‍ഥം. ഫ്‌ലാറ്റുകളുടെ ഉള്‍വശത്തുള്ള ഭിത്തികള്‍ യന്ത്രങ്ങളുടെ സഹായത്തോടെ നീക്കുകയാണ് ആദ്യം ചെയ്യുക. അവസാനം കെട്ടിടത്തിന്റെ അസ്ഥികൂടം മാത്രം ബാക്കിയാകും. അപ്പോഴാണ് 'നിയന്ത്രിത സ്‌ഫോടനം' നടത്തുക. സമീപപ്രദേശങ്ങളിലേക്ക് അവശിഷ്ടങ്ങള്‍ തെറിക്കാതിരിക്കാന്‍ വലിയ മുന്‍കരുതല്‍ ഒരുക്കും.

താഴത്തെ നില മുതല്‍ അഞ്ചാം നില വരെയാണ് എമല്‍ഷന്‍ സ്‌ഫോടക വസ്തുക്കള്‍ ('അമോണിയം നൈട്രേറ്റ്' മുഖ്യഘടകമായവ) ഉപയോഗിച്ച് തകര്‍ക്കുന്നത്. തൂണുകളിലും ഭിത്തികളിലും ചെറിയ ദ്വാരങ്ങള്‍ ഉണ്ടാക്കി സ്‌ഫോടകവസ്തു അടങ്ങുന്ന 'കാട്രിഡ്ജ്' വെയ്ക്കും. ഒരു കാട്രിഡ്ജില്‍ 125 ഗ്രാം സ്‌ഫോടകവസ്തു ഉണ്ടാകും... ഇതിനൊപ്പം, ഒരു 'ഡിറ്റണേറ്റ'റും (കത്തിക്കാനുള്ള വസ്തു) ആവശ്യമുണ്ട്. തൂണുകളിലും ഭിത്തികളിലും നിരവധി ദ്വാരങ്ങള്‍ മാലപോലെ ഉണ്ടാക്കും.

ടൈമര്‍ ഉപയോഗിച്ച് മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരിക്കും സ്‌ഫോടനം.

എല്ലാം കംപ്യൂട്ടര്‍വഴി നിയന്ത്രിക്കും. താഴെനിന്ന് പൊട്ടിത്തകരുമ്പോള്‍ മുകളിലുള്ളതെല്ലാം സ്വാഭാവികമായി നിലംപതിക്കും.

വിശദമായ 'സ്‌ഫോടന രൂപരേഖ' (ബ്ലാസ്റ്റ് പ്ലാന്‍) സമര്‍പ്പിക്കാന്‍ ഏജന്‍സികളോട് സര്‍ക്കാരിന്റെ സാങ്കേതിക സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുംകൂടി ലഭിച്ചാലേ സ്‌ഫോടനരീതിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കൂ.

മൂന്ന് മീറ്ററിനപ്പുറത്തേക്ക് അവശിഷ്ടങ്ങള്‍ പോകില്ലെന്നാണ് കണക്കാക്കുന്നത്. 'ജിയോ നെറ്റു'കള്‍ ഉപയോഗിച്ച് തൊട്ടടുത്തുള്ള വീടുകള്‍ സംരക്ഷിക്കും. നൂറുമീറ്ററിനപ്പുറം പൊടിപോലും എത്തില്ലെന്നാണ് വിദഗ്ദ്ധസമിതി അഭിപ്രായപ്പെട്ടിരിക്കുന്നത്. അതും ഒന്നോ രണ്ടോ മിനിറ്റിനകം ശമിക്കും.

സമീപവാസികളെ അഞ്ചോ ആറോ മണിക്കൂറില്‍ക്കൂടുതല്‍ ഒഴിപ്പിക്കേണ്ടിവരില്ലെന്നും സമിതി പറഞ്ഞിട്ടുണ്ട്. എങ്കിലും സമീപവാസികളുടെ ആശങ്ക പരിഹരിക്കാന്‍ പൊളിക്കലിന്റെ ചുമതലയുള്ള ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ 'സ്‌നേഹില്‍കുമാര്‍ സിങ്' ആളുകളെ നേരില്‍ക്കണ്ടുവരികയാണ്.

സ്‌നേഹിതനായി സ്‌നേഹില്‍

മജിസ്റ്റീരിയല്‍ അധികാരമുള്ള ഐ.എ.എസ്. ഓഫീസറെ പൊളിക്കലിന്റെ ചുമതല നല്‍കി നിയോഗിച്ചതോടെയാണ് മരട് ഫ്‌ലാറ്റ് പൊളിക്കല്‍ നടപടികള്‍ക്ക് വേഗമായത്.

ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിനാണ് ഈ ചുമതല. 26-കാരനായ ഇദ്ദേഹം ഐ.ഐ.ടി. യില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ് ബിരുദം നേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. അവധിദിവസങ്ങളില്‍പ്പോലും രാവിലെ മുതല്‍ രാത്രി വരെ ഈ ചെറുപ്പക്കാരന്‍ ഇതിന് പിന്നാലെയാണ്. ഇത്ര സങ്കീര്‍ണവും നടപടിക്കുരുക്കുകളുമുള്ള പ്രക്രിയ, ഇത്രയെങ്കിലും എളുപ്പത്തില്‍ കൈകാര്യം ചെയ്തതില്‍ സ്‌നേഹില്‍കുമാറിന്റെ പങ്ക് എടുത്തുപറഞ്ഞേ പറ്റൂ. സുപ്രീംകോടതി ഉത്തരവ് കൃത്യമായി നടപ്പാക്കുന്നതിനൊപ്പം, ഒഴിഞ്ഞുപോകുന്നവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നതും പ്രധാനമായിരുന്നു. ഈ ഇരട്ടച്ചുമതല സമര്‍ഥമായിത്തന്നെ അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു.

ഇനി അവിടെ കെട്ടിടം പണിയാനാകുമോ...?

ഈ ഫ്‌ലാറ്റുകള്‍ പൊളിച്ചാല്‍ പുതിയ നിയമം അനുസരിച്ച് അവിടെ പുതിയ ഫ്‌ലാറ്റുകള്‍ വീണ്ടും പണിയാനാകുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ശരിയല്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മരട്, പഞ്ചായത്തായിരുന്നപ്പോള്‍ സി.ആര്‍.ഇസഡ് -മൂന്നിലാണ് വന്നിരുന്നത്. ഇപ്പോള്‍ നഗരസഭയായപ്പോള്‍ സി.ആര്‍.ഇഡ് -രണ്ടിലായി.

2011-ലെ ചട്ടങ്ങളനുസരിച്ച്, 1991 ഫെബ്രുവരി 19-ന് മുമ്പ് റോഡോ കെട്ടിടമോ ഉള്ള സ്ഥലത്ത് മാത്രമേ കെട്ടിടം പണിയാനാകൂ. ഇവിടെ അതില്ല.

പൊളിക്കുന്ന ഫ്‌ലാറ്റുകള്‍

മരട് നഗരസഭയുടെ പരിധിയില്‍ വരുന്ന 'ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ.', 'ജെയിന്‍ കോറല്‍കോവ്', 'ഗോള്‍ഡന്‍ കായലോരം', 'ആല്‍ഫ സെറീന്‍' എന്നീ ഫ്‌ലാറ്റുകള്‍ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. 'തീരദേശ പരിപാലന നിയമം' (സി.ആര്‍.ഇസഡ്.) ലംഘിച്ച് പണിതു എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരായി സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും തള്ളിയെന്ന് മാത്രമല്ല, കൂടുതല്‍ ഹര്‍ജി നല്‍കുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊളിക്കലിന് കൃത്യമായ ഷെഡ്യൂള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത്.

ഒരു തിരുത്തല്‍ഹര്‍ജി കൂടി കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും ഇത്തരം ഹര്‍ജികള്‍ വളരെ വിരളമായേ അംഗീകരിക്കാറുള്ളു. സര്‍ക്കാര്‍ നല്‍കിയ ഷെഡ്യൂള്‍ അനുസരിച്ച്, അടുത്ത ജനുവരി ഒമ്പതിന് മുമ്പ് ഫ്‌ലാറ്റുകള്‍ പൊളിച്ചുതീരണം. ജനുവരി പത്തിന് അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ ആരംഭിക്കും. അടുത്ത ഫെബ്രുവരി ഒമ്പതാകുമ്പോഴേക്കും സ്ഥലം പൂര്‍വസ്ഥിതിയിലാക്കുമെന്നാണ് ഷെഡ്യൂളിലുള്ളത്.

നിയമയുദ്ധം

മരട് മുനിസിപ്പാലിറ്റി പഞ്ചായത്തായിരുന്ന 2007-ല്‍ തുടങ്ങിയതാണ് നിയമയുദ്ധം. സി.ആര്‍.ഇസഡ്. നിയമം, ഫ്‌ലോര്‍ ഏരിയ റേഷ്യോ (എഫ്.എ.ആര്‍.) എന്നിവ ലംഘിച്ചെന്നാരോപിച്ച് പഞ്ചായത്ത്, ബില്‍ഡര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. കെട്ടിടം പണിയാന്‍ പെര്‍മിറ്റ് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് പിന്നീട് വിജിലന്‍സ്

കണ്ടെത്തുകയും ചെയ്തു. ഇങ്ങനെയാണ് പെര്‍മിറ്റ് റദ്ദാക്കാന്‍ നടപടിയുണ്ടായതും സ്റ്റോപ്പ് മെമ്മോ നല്‍കിയതും. എന്നാല്‍, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ബില്‍ഡര്‍മാര്‍ക്ക് അനുകൂലമായാണ് വിധിച്ചത്.

കെട്ടിടം നിര്‍മിക്കാനുള്ള അപേക്ഷകള്‍ കേരള 'തീരദേശ പരിപാലന അതോറിറ്റി'ക്ക് (കെ.സി.സെഡ്.എം.എ.) അയച്ചുകൊടുക്കാത്തതിന് ബില്‍ഡര്‍മാരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് ഡിവിഷന്‍ബെഞ്ചും വിധിച്ചു.

തുടര്‍ന്നാണ്, അതോറിറ്റി സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇതാണ് ഇപ്പോഴത്തെ വിധിയിലേക്ക് നയിച്ചത്. പലവിഷയങ്ങള്‍ ഉന്നയിച്ച് അതിസങ്കീര്‍ണമായ നിയമയുദ്ധം ഇതിനിടെ ഹൈക്കോടതിയിലും നടന്നിരുന്നു. സുപ്രീംകോടതിയുടെ അന്തിമവിധി വന്നതോടെ മറ്റ് വാദങ്ങളെല്ലാം അപ്രസക്തമായി.

ഫ്‌ലാറ്റുടമകള്‍ എന്തുചെയ്തു...?

നാല് ഫ്‌ലാറ്റുകളിലെ അഞ്ച് ടവറുകളിലായി 343 അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. ഇതില്‍ 17 എണ്ണം ഡ്യൂപ്ലക്‌സുകള്‍. അതായത്, അടുത്തടുത്തുള്ള രണ്ടെണ്ണം വാങ്ങി ഒരുമിച്ചാക്കിയത്. ആകെ ഉടമകള്‍ 326. ഇവരെല്ലാവരും ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞിട്ടുണ്ട്. ഫ്‌ലാറ്റുടമകളെ കേട്ടില്ലെന്നാണ് ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചത്. എന്തായാലും ആദ്യഘട്ട നഷ്ടപരിഹാരമായി 25 ലക്ഷം വീതം കൊടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടുതല്‍ നഷ്ടപരിഹാരം പരിഗണിക്കാനും നിര്‍ദേശമുണ്ട്. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ നടന്നുവരികയാണ്. നഷ്ടപരിഹാരം കണക്കാക്കുന്ന രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഉടമകള്‍ രംഗത്തെത്തിരിക്കുകയാണ്. ആധാരത്തില്‍ മുഴുവന്‍ തുക കാണിക്കാത്തവര്‍ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. ഒന്നിലധികം വീടുകളുള്ളവര്‍ ഫ്‌ലാറ്റുടമകളില്‍ ഉണ്ട്. പക്ഷേ, ഈ ഒറ്റ വീടുമാത്രം ഉള്ളവരും ഏറെയായിരുന്നു... അവരുടെ സങ്കടങ്ങള്‍ അവസാനിച്ചിട്ടില്ല. ഫ്‌ലാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോയ കുട്ടികളുടെ വിഷമങ്ങളും കണ്ണ് നനയിക്കുന്നതാണ്. ഇവരില്‍ പലരും ഇവിടെ ജനിച്ചുവളര്‍ന്നവരാണ്. ഏറെക്കാലമായി കളിച്ചുചിരിച്ചു നടന്ന സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പറിച്ചുമാറ്റപ്പെടുന്നതിന്റെ സങ്കടങ്ങള്‍ അവര്‍ പങ്കുവെച്ചിരുന്നു.

ഇനി ആകാംക്ഷയുടെ നാളുകള്‍...

ഇങ്ങനെയൊരു പൊളിക്കല്‍ കേരളത്തില്‍ ഇതാദ്യമായതിനാല്‍ ആളുകള്‍ക്കും 'എന്താണ് സംഭവിക്കുക' എന്ന ആകാംക്ഷയുണ്ട്. കെട്ടിടം പൊളിക്കുന്നതിന്റെ വീഡിയോകള്‍ യു ട്യൂബിലുള്ളത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പൊളിക്കുന്ന ദിവസം ഏതാനും മണിക്കൂറുകള്‍ ഗതാഗതം നിയന്ത്രിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആളുകളെയും മാധ്യമങ്ങളെയും എത്ര അകലെ നിര്‍ത്തണം എന്ന കാര്യവും ബ്ലാസ്റ്റ് പ്ലാന്‍ കിട്ടിയാലേ തീരുമാനിക്കൂ.

Content Highlights: kochi maradu flat demolition case