മൂലയ്ക്ക് കൂട്ടിയിട്ട പുറത്ത് നിന്ന് ഭക്ഷണം കൊണ്ടു വന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍, ഫ്രഡ്ജില്‍ ആഴ്ചകള്‍ പഴകിയ ഭക്ഷണം, കഴുകാതെ കൂട്ടിയിട്ട പാത്രങ്ങള്‍... ഇതൊക്കെ കണ്ടാല്‍ പാചകത്തോട് പോലും മടുപ്പ് തോന്നിപ്പോകും. ഇവയ്ക്കിടയില്‍ പതുങ്ങിയിരിക്കുന്ന രോഗങ്ങളും വേറെ. അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ഒഴിവാക്കാനുണ്ട്.
- പ്‌ളാസ്റ്റിക്ക് കണ്ടെയിനറുകളും കവറുകളും അപ്പപ്പോള്‍ ഒഴിവാക്കുക.സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകള്‍ കഴുകിയെടുത്ത് വെള്ളം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതിന് പകരം ഗ്‌ളാസ് ബോട്ടില്‍ ഉപയോഗിക്കുക.
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുക.
- ഫ്രിഡ്ജില്‍ രണ്ടു ദിവസത്തിലധികം പാകം ചെയ്ത ഭക്ഷണം സൂക്ഷിക്കരുത്.
- കോട്ടിങ്ങ് പോയ നോണ്‍സ്റ്റിക്ക് പാത്രങ്ങളും കരിഞ്ഞ സ്റ്റീല്‍ പാത്രങ്ങളും ഉപയോഗിക്കുന്നത് നല്ലതല്ല.
- കിച്ചണ്‍ കൗണ്ടറില്‍ അധികം സാധനങ്ങള്‍ കൂട്ടിയിടരുത്. കുറച്ചധികം 'ഫ്രീ സ്‌പേസ്' കൗണ്ടറില്‍ ഉണ്ടാവാന്‍ ശ്രദ്ധിക്കാം. എന്നും ഉപയോഗിക്കേണ്ടവ മാത്രം കൗണ്ടറില്‍ വെക്കുക.
- സ്റ്റൗവിന് ചുറ്റും തെറിച്ച എണ്ണയും ഭക്ഷണാവശിഷ്ടങ്ങളും എന്നും വൃത്തിയാക്കേണ്ടതുതന്നെ. പൊടിയടിയാനും ഈച്ച വരാനും ഇത്തരം ശുചിത്വമില്ലായ്മകള്‍ വേഗം വഴിവെക്കും. ചൂടുവെള്ളത്തില്‍ ക്‌ളീനിങ്ങ് മിശ്രിതം കലര്‍ത്തി സ്റ്റൗ തുടയക്കാന്‍ ഒരു അഞ്ച് മിനുട്ടേ വേണ്ടൂ!
- അടുക്കളയില്‍ ആവശ്യത്തിന് വായുസഞ്ചാരവും വെളിച്ചവും ഉണ്ടാവേണ്ടതും പ്രധാനമാണ്. വെയിലുള്ള ദിവസങ്ങളില്‍ അടുക്കളയുടെ ജനലുകള്‍ തുറന്നിടുന്നത് വളരെ നല്ലത്.
- മിക്‌സി, വാട്ടര്‍ ഫില്‍റ്റര്‍, കോഫി ഫില്‍റ്റര്‍,മൈക്രോവേവ് തുടങ്ങിയവ ആഴ്ചയിലൊരിക്കലെങ്കിലും ശുചിയാക്കാനും ശ്രദ്ധിക്കാം.
Content Highlights: Kitchen Cleaning Tips