പാലക്കാട് ജില്ലയില്‍ കേരളശ്ശേരി പഞ്ചായത്തിലെ വടശ്ശേരി എന്ന സ്ഥലത്താണു വള്ളുവനാട്ടിലെ പ്രസിദ്ധമായ മല്ലിശ്ശേരി മന സ്ഥിതി ചെയ്യുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരമ്പരയാണു മല്ലിശ്ശേരി മനയിലേത്. പ്രസിദ്ധ നമ്പൂതിരി ഗ്രാമമായ ശുകപുരം ഗ്രാമക്കാരാണിവര്‍. ഋഗ്വേദികളായ ഇവരുടെ ഗ്രാമ ദേവത ശുകപുരത്തപ്പന്‍ ആണ്. വാഴേങ്കടയിലെ വെള്ളൂര്‍, പാറശ്ശേരിയിലെ കുണ്ടുപുരത്ത്, മേലാറ്റൂരിലെ ചെമ്പറ്റ എന്നീ മനകളിലെ പരമ്പരകള്‍ മല്ലിശ്ശേരിയില്‍ ലയിച്ചിട്ടുണ്ട്. മനയിലെ പ്രഥമ നാമം നീലകണ്ഠന്‍ നമ്പൂതിരി എന്നാണു .
മല്ലിശ്ശേരി മനക്കാര്‍ ജന്മികളായിരുന്നു. കേരളശ്ശേരി, കുണ്ടളശ്ശേരി, വടശ്ശേരി ,ഏപ്പുക്കാട്( മേലാറ്റൂര്‍) വാഴേങ്കട എന്നീ ഭാഗങ്ങളില്‍ ഇവര്‍ക്ക് ധാരാളം കൃഷിഭൂമിയുണ്ടായിരുന്നു. 12000 പറ പാട്ടം നെല്ലാണ് ഒരു കാലത്ത് മനയിലേക്കെത്തിയിരുന്നത്.
മല്ലിശ്ശേരി മനയും കഥകളിയും
മല്ലിശ്ശേരി മനയിലെ കാരണവര്‍ ആയിരുന്ന ബ്രഹ്മശ്രീ നീലകണ്ഠന്‍ നമ്പൂതിരി കഥകളി പ്രേമിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് വാഴേങ്കടയില്‍ ഉള്ള പത്തായപ്പുരയില്‍ കഥകളിയോഗം നടന്നിരുന്നു. ഇവിടുത്തെ അഗ്രശാലയിലായിരുന്നു കളരി. നിരവധി പ്രമുഖര്‍ ഇവിടെ നിറഞ്ഞാടിയിട്ടുണ്ട്., മല്ലിശ്ശേരി മനക്കാര്‍ക്ക് സ്വന്തമായി കളിക്കോപ്പ് ഉണ്ടായിരുന്നു. മഹാകവി വള്ളത്തോളിന്റെ ആവശ്യപ്രകാരം കളിക്കോപ്പ് കലാമണ്ഡലത്തിലേക്ക് വിട്ടു കൊടുത്തു മല്ലിശ്ശേരിക്കാര്‍. കഥകളിയിലെ പ്രധാനമായ കളിവിളക്ക് ഇന്നും മല്ലിശ്ശേരി മനയില്‍ ഉണ്ട്.
മല്ലിശ്ശേരി മന ഭംഗിയേറിയ നാലുകെട്ടാണ്. മുന്നൂറു വര്‍ഷത്തിലധികം പഴക്കം കാണും മനയ്ക്ക്. 16 ഏക്കറോളം വരുന്ന ഭൂമിയില്‍ ചുറ്റും പച്ചപ്പു നിറഞ്ഞ സ്ഥലത്താണ് മന സ്ഥിതിചെയ്യുന്നത്. മനോഹരമായ പടിപ്പുരയും പിന്നിട്ട് താഴെക്കുള്ള പടികളും ഇറങ്ങി വേണം മനയിലേക്ക് എത്താന്‍. മനോഹരമായ പൂമുഖവും, മുല്ലത്തറയോട് കൂടിയ നടുമുറ്റവും, പാട്ടുത്തറയും, വലിയ തളങ്ങളും, അഞ്ചോളം കിടപ്പ് മുറികളും, മനോഹരമായ തൂണുകളും, മൂന്നു അടുക്കളയും അടങ്ങിയതാണ് നാലുകെട്ട്.
നാലുകെട്ടിനോട് ചേര്‍ന്ന് രണ്ട് പത്തായപ്പുരയും, മൂന്നു കുളങ്ങളും, മൂന്നു കിണറുകളും ഉണ്ട്. തെക്കിനി, കിഴക്കിനി, വടിക്കിനി, ഒരു നിലയും, പടിഞ്ഞാറ്റി മൂന്ന് നിലയുമാണ്.
മനയ്ക്കലെ ശ്രീലകത്ത് വനദുര്‍ഗ്ഗയും ഭദ്രകാളിയും ഉണ്ട്. ഇവിടെ നിത്യവും പൂജകളും ഉണ്ട്. പാട്ടുതറയില്‍ തിരുമാന്ധാംകുന്നിലമ്മയ്ക്ക് കളം പാട്ട് നടക്കാറുണ്ടായിരുന്നു. വളപ്പില്‍ സര്‍പ്പക്കാവും അയ്യപ്പന്‍ കാവും ഉണ്ട്.
സര്‍പ്പക്കാവില്‍ എല്ലാ വര്‍ഷവും വെള്ളരി ഇടാറുണ്ട്. വാഴേങ്കട നരസിംഹമൂര്‍ത്തിയാണു മല്ലിശ്ശേരി മനക്കാരുടെ പരദേവത. വാഴേങ്കട നരസിംഹമൂര്‍ത്തി ക്ഷേത്രം, പുഴയ്ക്കല്‍ ശിവക്ഷേത്രം, ഏപ്പുക്കാട് നരസിംഹമൂര്‍ത്തി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ ഊരാളന്മാരാണിവര്‍.
മല്ലിശ്ശേരി മനയിലെ കാരണവരായ ബ്രഹ്മശ്രീ നീലകണ്ഠന്‍ നമ്പൂതിരി അദ്ദേഹത്തിന്റെ മക്കളായ നീലകണ്ഠന്‍ നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി, പരമേശ്വരന്‍ നമ്പൂതിരി, അര്‍ച്ചന അന്തര്‍ജ്ജനം എന്നിവരും അവരുടെ മക്കളുമാണു ഇന്നു മല്ലിശ്ശേരി മനയിലെ താമസക്കാര്‍. മല്ലിശ്ശേരി മനയില്‍ ഇപ്പോള്‍ താമസിക്കുന്നത് കാരണവരായ നീലകണ്ഠന്‍ നമ്പൂതിരിയും പുത്രന്‍ പരമേശ്വരന്‍ നമ്പൂതിരിയും കുടുംബവുമാണ്.
Content Highlight: kerala traditional nalukettu house Mallissery mana