യനാട്ടിലെ കേരള കര്‍ണാടക അതിര്‍ത്തിയിലെ കാടിനുള്ളിലെ ഗ്രാമമാണ് ചേകാടി. ഇവിടെയുള്ള ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പുല്ലുമേഞ്ഞ കവിക്കല്‍ തറവാട് കാലത്തോട് ഇന്നും പ്രതിരോധിക്കുകയാണ്. മലയാളികളുടെ വീട് സങ്കല്‍പ്പം അനുദിനം പുതിയ ചരിത്രമെഴുമ്പോള്‍ ഈ പുല്‍വീടിനും പറയാനുണ്ട് കുളിര്‍മയുള്ള കഥകള്‍.

ഉള്‍വനത്തിനുള്ളിലെ ചേകാടി ഗ്രാമത്തിന് ഒന്നര നൂറ്റാണ്ട് പിന്നിലേക്കുള്ള ഓര്‍മകളിലും ഒരു പുല്ലുമേഞ്ഞ തറവാട് വീടുണ്ട്. പുറംനാടുകളിലേക്ക് റോഡുകളും പാലങ്ങളും വന്ന് കാടിനുള്ളിലെ ഗ്രാമം മുഖം മിനുക്കിയ ഇക്കാലത്തും ചേകാടിയിലെ പുല്ലുമേഞ്ഞ കവിക്കല്‍ തറവാട് പഴമയുടെ പ്രൗഢി പിടി വിട്ടിട്ടില്ല. കേരളത്തില്‍ തന്നെ ഇന്നു ശേഷിക്കുന്ന ഇത്രയും പഴക്കമുള്ള പുല്ലുമേഞ്ഞ വീട് അങ്ങിനെ ഈ ചേകാടിയുടെ സ്വന്തം വീടാകുന്നു. അഞ്ച് തലമുറകളുടെ ചരിത്രമാണ് ഇവിടെ എഴുതപ്പെട്ടതുപോലെ ഗ്രാമവാസികള്‍ പങ്കു വെക്കുക. അതിനും എത്രയോ പതിറ്റാണ്ടുകള്‍ മുമ്പേ ചേകാടിയിലെ ഈ വീട്ടില്‍ കര്‍ണ്ണാടകയില്‍ നിന്നും കുടിയേറിയവര്‍ ആള്‍താമസം തുടങ്ങിയിട്ടുണ്ടാകണമെന്ന് പ്രാദേശിക ചരിത്രകാരന്‍മാരും പറയുന്നു. വലിയ മോന്താഴവും താഴ്ന്നിറങ്ങിയ ഇറകളുമായി കാലത്തെ തോല്‍പ്പിക്കുന്ന ഈ വീടിനും പങ്കുവെക്കാനുള്ളത് ഗതകാല വയനാടിന്റെ പകരമില്ലാത്ത സംസ്‌കൃതിയെക്കുറിച്ച് മാത്രമാണ്. കനത്തമഴയും മഞ്ഞും കടന്ന് ഈ നൂറ്റാണ്ടിലെ രണ്ട് മഹാപ്രളയവും കടന്നാണ് ഈ പുല്ലുപുരയും പുതിയ കാലത്തെ വരവേല്‍ക്കുന്നത്. 

കാട്ടുകല്ലിന്റെ അടിത്തറയും പച്ചമണ്‍കട്ടയുമാണ് ചുമരുകള്‍. അക്കാലത്ത് മഴുപോലുള്ള ഇരുമ്പ് വാശിയില്‍ ചെത്തിയെടുത്ത കാതലേറിയ മരത്തിന്റെ ഉത്തരങ്ങളും തട്ടുമാണുള്ളത്. തട്ടിനുമുകളില്‍ മുള ചീന്തുകള്‍ കട്ടിയില്‍ മെടഞ്ഞ് അരയടിയോളം ഘനത്തില്‍ മണ്ണിട്ട് അതിനുമുകളിലും കിടന്നുറങ്ങാനുള്ള തട്ടിന്‍പുറങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ഇക്കാലം വരെയും മാറ്റം വരുത്തേണ്ടി വന്നിട്ടില്ല. കല്ലന്‍ മുളകള്‍ അടുത്തടുത്ത് വരിഞ്ഞാണ് മേല്‍പ്പുരയുള്ളത്. അതിനുമുകളില്‍ അലകുകള്‍ നേരിയ ഇടവിട്ട് ചൂടി കൊണ്ട് വരിഞ്ഞുമുറുക്കിയതായും കാണാം. ഇതിനു മുകളിലാണ് പുല്ലുമേഞ്ഞിരിക്കുന്നത്. എല്ലാവര്‍ഷവും പുല്ല് മാറ്റി  മേയുന്നതൊഴിച്ചാല്‍ കാര്യമായ മറ്റ് അറ്റകുറ്റപ്പണികളൊന്നും കവിക്കല്‍ തറവാടിനില്ല. 

kavikkal

പഴമയുടെ കുളിരുള്ള വീട്

വയനാടിന്റെ തനതു സുഗന്ധ നെല്ലായ ഗന്ധകശാല വിളയുന്ന വിശാലമായ പാടത്തിന്റെ കരയിലാണ് കവിക്കല്‍ തറവാടുളളത്. ഏതു വേനലിലും പാടങ്ങളെ തഴുകി വരുന്ന കുളിര്‍കാറ്റ് ഈ വീടിന്റെ ഉള്ളറകളിലേക്കും ചേക്കേറും. കനത്ത ചൂട് ചുറ്റിലുമുള്ള കാടിനെ പൊള്ളിക്കുമ്പോഴും ഈ വീടിനുള്ളില്‍ കുളിരാണ്. രാത്രിയും പകലുമെല്ലാം ഒരേ പോലെയുള്ള ശീതളിമ കവിക്കലിന്റെ സ്വാകാര്യമായ അഹങ്കരമാണ്. പെരുമഴ പെയ്യുന്ന മഴക്കാലത്ത് മുറിക്കുള്ളില്‍ തങ്ങിനില്‍ക്കുന്ന ചൂടില്‍ ഒന്നുമറിയാതെ കടന്നുപോകും രാപകലുകള്‍. 

ചെട്ടി സുമദായംഗമായ രാജഗോപാലും കുടുബവുമാണ് ഈ വീടിന്റെ ഇപ്പോഴത്തെ അവകാശികള്‍. പത്തേക്കറോളം നെല്‍വയലും ഒരേക്കറോളം കരയും സ്വന്തമായുള്ള ഈ കൂടുംബവും നെല്‍കൃഷിയാണ് ഇപ്പോഴും ഉപജീവനത്തിന് ആശ്രയിക്കുന്നത്. തലമുറകളിലൂടെ പരമ്പരാഗതമായി കൈമാറി വന്ന പുല്ലുമേഞ്ഞ തറവാട് അങ്ങിനെ തന്നെ സംരക്ഷിക്കണമെന്ന് ഇവരും തീരുമാനിക്കുകയായിരുന്നു. തൊണ്ണൂറ് ശതമാനം ആദിവാസികള്‍ മാത്രമുള്ള ഗ്രാമമാണ് ചേകാടി. ഇവിടുത്തെ ഇപ്പോഴത്തെ പഞ്ചായത്ത് അംഗകൂടിയാണ് രാജഗോപാലിന്റെ ഭാര്യ പ്രേമവല്ലി. ഇതിന് മുമ്പ് ഒരു തവണ രാജഗോപാലും പഞ്ചായത്ത് അംഗമായി ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 

ഗ്രാമത്തിലെ മറ്റുള്ളവര്‍ക്കെല്ലാം പുതിയ വീടുകള്‍ പല സര്‍ക്കാര്‍ പദ്ധതികളിലൂടെയും മറ്റുള്ളവര്‍ക്കെല്ലാം ലഭ്യമാക്കി കൊടുത്തപ്പോഴും സ്വന്തം വീട് പുല്ലുമേഞ്ഞ് തന്നെ നില്‍ക്കട്ടെ എന്നായിരുന്നു ഇവരുടെ തീരുമാനം. ഇവരുടെ മക്കളും ഈ തീരുമാനത്തെ എതിര്‍പ്പില്ലാതെ സ്വീകരിക്കുകയായിരുന്നു. ഗ്രാമത്തില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി വൈദ്യുതി എത്തിയപ്പോള്‍ അതിനോടൊന്നും ഈ വീടും മുഖം തിരിച്ചില്ല. വയറിങ്ങ് ഇതിനുള്ളിലും പ്രാകാശമെത്തിച്ചു. ഇടുങ്ങിയ മുറികളും ഉയര്‍ന്ന മേല്‍ക്കൂരയുമെല്ലാമാണ് ഉള്ളതെങ്കിലും ഈ പരിമിതികളെല്ലാം കവിക്കല്‍ കര്‍ഷക കുടുബത്തിലെ പുതിയ തലമുറകളും പരാതികളില്ലാതെ ഏറ്റെടുക്കുകയായിരുന്നു.

kavikkal

കാലത്തോടുള്ള പ്രതിരോധം 

കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ചേകാടിയുടെ നാല് ഭാഗത്തും വനമാണ്. കാട്ടാനകളും കടുവകളും മറ്റ് വന്യമൃഗങ്ങളുമെല്ലാം വിഹരിക്കുന്ന കാട്ടുപാതകള്‍ പിന്നിട്ട് വേണം ഇവിടെയെത്താന്‍. 225 ഹെക്ടര്‍ വയലും നാല്‍പ്പത് ഹെക്ടറോളം കരയും മാത്രമാണ് ഇവിടെ കൃഷിയിടമായിട്ടുള്ളത്. ബാക്കിയെല്ലാം വനമാണ്. ഒരു ഭാഗത്തകൂടി കബനിയും കാട് കടന്ന് കര്‍ണാടകയിലേക്ക് ചേരുന്നു. ആദിവാസികളടക്കം എല്ലാവരും കൃഷി ചെയ്തു തന്നെ ഇവിടെ ജീവിക്കുന്നു. ഒരോ വീട്ടിലും ചെലവിനുള്ള സമ്പാദ്യമായി നെല്ലുണ്ടാകും. കന്നുകാലികള്‍ക്കായി പുല്ലും യഥേഷ്ടം. അതുകൊണ്ട് തന്നെ കന്നുകാലി വളര്‍ത്തലും ഇവരുടെ ജീവിതചര്യയായി. മുമ്പെല്ലാം എല്ലാവരുടേതും പുല്ലുമേഞ്ഞ വീടായിരുന്നു. പുതിയ കാലം ഇവരെയും മാറ്റിയപ്പോള്‍ അതിനോടെല്ലാം മത്സരിക്കാതെ പുതിയ തലമുറകള്‍ക്കായി പഴയകാലത്തെ പരിചയപ്പെടുത്താന്‍ ഒരു വീട്. അതാണിന്ന് കവിക്കല്‍ തറവാടിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നത്. ചേകാടിയിലെത്തുന്നവരില്‍ പലരും ഈ വീട്ടിലും അതിഥിയായെത്തും. അതില്‍ സഞ്ചാരികളുമുണ്ടാകും. ജനപ്രതിനിധിയുടെ വീടെന്ന  നിലയില്‍ വനഗ്രാമം ചേകാടിയുടെ ഒട്ടനവധി വികസനത്തെ കുറിച്ചുള്ള ആദ്യ ചര്‍ച്ചകളെല്ലാം ഈ ഇറയത്തുനിന്നാണ് തുടക്കമിടുന്നത്.

Content Highlights: kavikkal tharavadu