200 വര്‍ഷം പഴക്കമുള്ള എട്ടുകെട്ട്, കര്‍ക്കിടകത്ത് മൂത്തേടത്ത് മന


സായിനാഥ് മേനോന്‍

കര്‍ക്കിടകത്ത് മൂത്തേടത്ത് മന എട്ടുകെട്ടാണ്. ഏകദേശം ഇരുനൂറിലധികം വര്‍ഷം പഴക്കം കാണും ഈ മനയ്ക്ക്.

മലപ്പുറം ജില്ലയില്‍ മങ്കട പഞ്ചായത്തില്‍ കടന്നമണ്ണ അംശത്ത്, കര്‍ക്കിടകത്ത് ദേശത്താണ് വള്ളുവനാട്ടിലെ നമ്പൂതിരി പരമ്പരയായ കര്‍ക്കിടകത്ത് മൂത്തേടത്ത് മന സ്ഥിതി ചെയ്യുന്നത്. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ടതാണ് ഈ മന. കര്‍ക്കിടകത്ത് എന്ന സ്ഥലത്തുള്ള മൂത്തേടത്ത് മന , കാലാന്തരത്തില്‍ കര്‍ക്കിടകത്ത് മൂത്തേടത്ത് മന എന്നറിയപ്പെടുകയായിരുന്നു. മനയുടെ ചരിത്രത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

മൂത്തേടത്ത് മനക്കാര്‍ ചെത്തനാംകുറിശ്ശി എന്ന സ്ഥലത്ത് നിന്ന് കര്‍ക്കിടകത്തേക്ക് വന്നവരാണ്. ടിപ്പുവിന്റെ പടയോട്ട കാലത്ത്, ഏകദേശം ഇരുനൂറ്റിയമ്പതോളം വര്‍ഷങ്ങള്‍ക്ക് മുന്നെ ആനമങ്ങാടിന് അടുത്തുള്ള ചെത്തനാംകുറിശ്ശി എന്ന സ്ഥലത്ത് നിന്ന് മൂത്തേടത്ത് ഇല്ലത്തെ ഉണ്ണിയും കുടുംബവും വള്ളുവകോനാതിരിയെ അഭയം പ്രാപിച്ചെന്നും തമ്പുരാന്‍ അവര്‍ക്ക് സ്ഥലവും മറ്റു സൗകര്യങ്ങളും നല്‍കി കര്‍ക്കിടകത്ത് താമസിപ്പിച്ചു എന്നുമാണ് ചരിത്രം പറയുന്നത്. മങ്കട കോവിലകമായും കടന്നമണ്ണ കോവിലകമായും ആയിരനാഴി കോവിലകമായും ഇവര്‍ വളരെ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു .

കര്‍ക്കിടകത്ത് മൂത്തേടത്ത് മന പരമ്പര ഭരദ്വാജ ഗോത്രക്കാരാണ്. ഋഗ്വേദികളാണ്. മുഞ്ഞുരുളി ഇല്ലക്കാരാണ് ഇവരുടെ ഓതിക്കന്മാര്‍. മനയ്ക്കലെ പ്രഥമ നാമം വാസുദേവന്‍ നമ്പൂതിരി എന്നാണ് . ജന്മി പരമ്പരയായിരുന്നു ഇവര്‍. 5000 ഓളം പറ പാട്ടത്തിന് നെല്ല് കൃഷിയുണ്ടായിരുന്നു. ഇരവി മംഗലം, വെള്ളയൂരില്‍ ഒരു കളം , കര്‍ക്കിടകത്ത്, തുടങ്ങിയ സ്ഥലങ്ങളില്‍ ധാരാളം കൃഷിഭൂമിയുണ്ടായിരുന്നു ഇവര്‍ക്ക്. ഇപ്പോഴും അത്യാവശ്യം നെല്‍കൃഷിയുണ്ട്.

കര്‍ക്കിടകത്ത് മൂത്തേടത്ത് മന എട്ടുകെട്ടാണ്. ഏകദേശം ഇരുനൂറിലധികം വര്‍ഷം പഴക്കം കാണും ഈ മനയ്ക്ക്. മൂന്നര ഏക്കറില്‍ പരന്ന് കിടക്കുന്ന മനോഹരമായ ഒരു വാസ്തുസമുച്ചയമാണ് മൂത്തേടത്ത് മന. നാട്ടു വഴികളിലൂടെ സഞ്ചരിച്ച് മനയുടെ പടിയ്ക്കല്‍ എത്തുമ്പോഴേക്കും കാണാം മനോഹരമായ പൂമുഖം. തണല്‍ വൃക്ഷങ്ങള്‍ മനയിലേക്ക് ചെല്ലുന്ന നമുക്ക് കുട ചൂടും.

മനോഹരമായ ചെറിയ പൂമുഖവും മൂന്ന് നിലയുള്ള എട്ട് കെട്ട് പുരയും നമ്മെ വിസ്മയിപ്പിക്കും. രണ്ട് നടുമുറ്റവും പത്തിലധികം മുറികളും മച്ചും അടുക്കളും തെക്കിനിത്തറയും രണ്ട് നടുമുറ്റവും അടങ്ങിയതാണീ എട്ടുകെട്ട്. എട്ടുകെട്ടിനോട് ചേര്‍ന്ന് മൂന്ന് നിലയുള്ള പത്തായപ്പുര കൂടിയുണ്ട്. പത്തായപ്പുരയില്‍ ഒരു മുറിയും വലിയ തളവും വരാന്തയും, നെല്‍സൂക്ഷിക്കുന്ന പത്തായവും ഉണ്ട്. ഇത്രയ്ക്ക് വലിയ പത്തായപ്പുര വളരെ വിരളമായ ഒരു കാഴ്ച്ചയാണ്.

മനയുടെ പുറക് വശത്തായി വലിയ ഒരു പടിപ്പുരയുണ്ട്. രണ്ട് നിലയുള്ളതാണീ പടിപ്പുര. പടിപ്പുരയുടെ താഴത്തെ നിലയില്‍ ഓഫീസ് മുറിയും , കോണി കയറി മുകളില്‍ എത്തിയാല്‍ മറ്റൊരു മനോഹരമായ മുറിയും നമുക്ക് കാണാം. അവിടെ ചെന്നപ്പോള്‍ മങ്കട രവി വര്‍മ്മ എടുത്ത മനയ്ക്കലെ അംഗങ്ങളുടെ ഫോട്ടോകള്‍ കാണുവാനിടയായി. മുകളില്‍ നിന്നാല്‍ മന്ദമാരുതന്‍ നമ്മെ തഴുകി തലോടും. പാടവരമ്പിലൂടെ നടന്ന് ഈ പടിപ്പുരയിലേക്ക് കയറുന്ന ഭാഗത്ത് കരിങ്കല്‍ പാളിയാല്‍ നിര്‍മ്മിച്ച പടികള്‍ അന്നത്തെ കാലത്തെ വാസ്തുവിദഗ്ദ്ധരുടെ പ്രാഗല്‍ഭ്യം വിളിച്ചോതും. ഭംഗിയുള്ള കോണികളും തട്ടിട്ട മുറികളും ചെറിയ ജനലുകളും മനയ്ക്ക് ഭംഗി കൂട്ടുന്നു. പല മുറിയില്‍ ചെന്നപ്പോഴും പഴമയുടെ ഗന്ധം എന്നെ ആനന്ദത്തിലാഴ്ത്തി. മനയോട് ചേര്‍ന്ന് മൂന്ന് കുളങ്ങളും രണ്ട് കിണറുകളും തൊഴുത്തുകളും ഉണ്ട് . ഇന്നതില്‍ പശുക്കള്‍ ഇല്ല. മനയോട് ചേര്‍ന്ന് ഒരു അഗ്രശാലയും ഉണ്ട്. അവിടെ ആയിരുന്നു പണ്ട് കാലത്ത് ഊണ്‍ വിളമ്പിയിരുന്നത്.

കര്‍ക്കിടകത്ത് മൂത്തേടത്ത് മനയ്ക്കലെ പരദേവത തിരുമാന്ധാംകുന്നിലമ്മയാണ്. എല്ലാ വര്‍ഷവും തിരുമാന്ധാംകുന്നിലമ്മയ്ക്ക് പാട്ട് നടക്കാറുണ്ട് . തറവാട്ടിലെ ആണുങ്ങളുടെ ആട്ടപ്പിറന്നാളിനാണ് കളം പാട്ട് തെക്കിനിത്തറയില്‍ നടക്കാറുള്ളത്. നടുമുറ്റത്ത് അയ്യപ്പന്റെ പ്രതിഷ്ഠയുണ്ട്. അയ്യപ്പന് നിവേദ്യം പതിവുണ്ട്. അയ്യപ്പന്‍ മനയ്ക്കലെ ഒരംഗത്തെ പോലെയാണ്. മനയ്ക്കല്‍ ഒരു പുല വന്നാല്‍ അയ്യപ്പനും അത് ബാധകമാണ്. പുല കഴിയുമ്പോള്‍ അയ്യപ്പനെയും പുണ്യാഹം തെളിച്ച് ശുദ്ധിയാക്കും. വൃശ്ചികം ഒന്ന് മുതല്‍ പന്ത്രണ്ട് വരെ അയ്യപ്പന് ചുറ്റുവിളക്ക് ഉണ്ട്. ആ ദിവസങ്ങളില്‍ ചുറ്റു വിളക്ക് കഴിഞ്ഞ് നിവേദ്യം കഴിഞ്ഞ് മനയുടെ പുറത്ത് വച്ചിരിക്കുന്ന കരിങ്കല്‍ പാളിയില്‍ തേങ്ങയുടയ്ക്കുന്ന ആചാരമുണ്ട്. വളരെ വ്യത്യസ്തമായ ആചാരനുഷ്ഠാനങ്ങള്‍. അതെല്ലാം ഇന്നും പാലിക്കുന്നു.

ശ്രീലകത്ത് തേവാരമൂര്‍ത്തിയായ ശിവന്‍ , ഭഗവതി, സാളഗ്രാമങ്ങള്‍ തുടങ്ങിയ മൂര്‍ത്തികള്‍ക്ക് നിവേദ്യം പതിവുണ്ട്. ശിവന്റെ പ്രതിഷ്ഠ ശിവലിംഗമായിട്ടാണ്. ഭഗവതി പീഠത്തില്‍ വാല്‍ക്കണ്ണാടി രൂപത്തിലുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. മനയ്ക്കല്‍ സര്‍പ്പക്കാവ് ഉണ്ട്. നാഗരാജാവും നാഗകന്യകയും ചിത്രകൂടത്തില്‍ പ്രതിഷ്ഠയായാണ് ഇവിടുള്ളത്. കന്നിയിലെ ആയില്ല്യത്തിനാണ് സര്‍പ്പ പ്രതിഷ്ഠ നടന്നിട്ടുള്ളത്, അതിനാല്‍ ആ ദിവസം സര്‍പ്പങ്ങള്‍ക്ക് വിശേഷാല്‍ പൂജകള്‍ ഉണ്ടാവാറുണ്ട്. മനയോട് ചേര്‍ന്ന് മന വക ക്ഷേത്രമായ കര്‍ക്കിടകത്ത് ശിവക്ഷേത്രമുണ്ട് . മനയ്ക്കലെ കാരണവരായ വാസുദേവന്‍ നമ്പൂതിരി അദ്ദേഹം ദിവസേന തേവര്‍ക്ക് നേദ്യം വച്ച് പൂജ ചെയ്യും. കര്‍ക്കിടകത്ത് ശിവക്ഷേത്രം , ചെത്തനാംകുറിശ്ശി സുബ്രഹ്മണ്യ ക്ഷേത്രം , വെള്ളയൂര്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ ഊരാളന്മാരാണിവര്‍.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights: karkidakathu moothedathu mana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented