ദ്യമായി കാഞ്ചീപുരത്ത് എത്തുന്നവരുടെ മനസിലുള്ളത് ക്ഷേത്രങ്ങളുടെയും പട്ടുസാരികളുടെയും ചിത്രങ്ങളാകും. കാഞ്ചീപുരമെന്ന് ഗൂഗിളില്‍ തിരഞ്ഞാലും തെളിയുന്നത് ഇതൊക്കെ തന്നെയാകും. എന്നാല്‍ കാഞ്ചീപുരം പാരമ്പര്യം തിരഞ്ഞുവരുന്നവര്‍ ചെന്നെത്തുന്നത് ഒരു കുടിലിന് മുന്നിലായിരിക്കും.അത് കാഞ്ചി കുടിലാണ്

 'പുറമെനിന്ന് നോക്കിയാല്‍ വളരെ ചെറിയത്, ഉള്ളില്‍ കടന്നാലോ അതിവിശാലമായ ഷോറൂം' എന്ന പഴയ ജൂവലറി പരസ്യം കാഞ്ചി കുടിലിന് ഏറെ ഇണങ്ങും. പുറത്തുനിന്ന് കണ്ടാല്‍ ഓട് മേഞ്ഞ ചെറിയൊരു വീട്. എന്നാല്‍ ഇതിനുള്ളിലുള്ളത് കേരളത്തിലെ പഴയ നാലുകെട്ടിന് സമാനമായ സൗകര്യങ്ങള്‍. കാഞ്ചീപുരത്തെ പഴയകാല ജീവിതത്തെ ഓര്‍മിപ്പിക്കുന്ന സ്വകാര്യമ്യൂസിയമാണ് കാഞ്ചി കുടില്‍. വിദേശികള്‍ അടക്കമുള്ള വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി തീര്‍ന്നിരിക്കുകയാണിത്.

കാഞ്ചീപുരം ടൗണിനുള്ളില്‍ത്തന്നെയാണ് ഗ്രാമീണതയുടെ പര്യായമായ ഈ വീട് സ്ഥിതി ചെയ്യുന്നത്. സംഗീതവിദ്വാന്‍ നാരായണര്‍ പിള്ളൈ സ്ട്രീറ്റില്‍ കൈലാസനാഥര്‍ ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് കാഞ്ചി കുടില്‍. 100 വര്‍ഷം പഴക്കമുള്ള വീട് ചെറിയ അറ്റകുറ്റപണികളോടെ നിലനിര്‍ത്തിയിരിക്കുകയാണ്. പഴയകാല നിര്‍മാണശൈലിയുടെ തനിമ ഒട്ടും ചോരാത്ത തരത്തിലാണ് അറ്റകുറ്റപണികളും വൈദ്യുതീകരണവും നടത്തിയിരിക്കുന്നത്.

kanchi kudil
കാഞ്ചി കുടിലിന്റെ ഉള്‍വശം

കര്‍ഷകനായിരുന്ന സുബ്ബരായ മുതലിയാരുടെ വീടാണിത്. നെല്ല് തുടങ്ങിയ കാര്‍ഷികവിളകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളടക്കം ഈ വീട്ടിലുണ്ട്. മുതലിയാരും ഭാര്യ അണ്ടാള്‍ അമ്മാളും മരിച്ചതിന് ശേഷം 1999-ലാണ് ഈ വീട് മ്യൂസിയമാക്കി മാറ്റിയത്. മുതലിയാര്‍-ആണ്ടാള്‍ ദമ്പതിമാര്‍ക്ക് മക്കളില്ലായിരുന്നു. ഇവരുടെ മരണശേഷം ഈ സ്വത്ത് ലഭിച്ചത് ആണ്ടാളിന്റെ സഹോദരപുത്രി ചന്ദ്രാദേവിക്കാണ്. ചെന്നൈയില്‍ താമസിക്കുന്ന ചന്ദ്രാദേവി വീട് അതേപടി നിലനിര്‍ത്തി മ്യൂസിയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തലമുറകളായി ഉപയോഗിച്ചുകൊണ്ടിരുന്ന വീട്ടുപകരണങ്ങളും പാത്രങ്ങളും അടക്കമുള്ളവ അറ്റകുറ്റപണികളോടെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പുറമെനിന്നുള്ള കാഴ്ചയില്‍ത്തന്നെ പഴമയുടെ ഗന്ധം നുകരാന്‍ സാധിക്കും. തിരക്ക് പിടിച്ച റോഡില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്ന വീട് അതുവഴി കടന്നുപോകുന്ന ആരെയും പിടിച്ച് നിര്‍ത്തിക്കളയും. വീടിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ ചെറിയൊരു വിവരണമുണ്ട്. കാഞ്ചീപുരത്തെ ഗ്രാമീണ ജീവിതത്തെക്കുറിച്ച് അറിയാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഈ വിവരണത്തിനും അപ്പുറം മനംകവരുന്ന കാഴ്ചകളാണ് ഈ കുടിലിനുള്ളില്‍. പാരമ്പര്യത്തെക്കുറിച്ചുള്ള അറിവിന്റെ സ്വര്‍ണഖനിയെന്നാണ് കാഞ്ചികുടിലില്‍ കണ്ടുമടങ്ങിയ ബെല്‍ജിയം സ്വദേശി സന്ദര്‍ശക ഡയറിയില്‍ കുറിച്ചത്.

സൂര്യന്‍ കത്തിജ്വലിക്കുന്ന നട്ടുച്ച സമയത്തായിരുന്നു കാഞ്ചി കുടിലിലേക്ക് കയറിയത്. കാറില്‍നിന്നിറങ്ങി റോഡില്‍നിന്ന് കുടിലിലേക്ക് കയറുന്നതിന് വേണ്ടി ചെലവഴിച്ച ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിയര്‍ത്തൊലിച്ചിരുന്നു. തലയില്‍ തൊട്ടാല്‍ പൊള്ളുന്ന ചൂട്. ഒരാള്‍ക്ക് കഷ്ടിച്ച് ഉള്ളില്‍ കടക്കാന്‍ സാധിക്കുന്നത്ര ചെറിയ വാതിലുള്ള വീടിനുള്ളില്‍ ശ്വാസംമുട്ടുന്ന ചൂടായിരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ വീടിനുള്ളിലേക്ക് ആദ്യകാലെടുത്ത് വെച്ചപ്പോള്‍ത്തന്നെ ആ ധാരണ തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടു. പെട്ടെന്ന് കാലാവസ്ഥ മാറിയത് പോലെ തോന്നി. വീടിനുള്ളില്‍ നല്ല തണുപ്പ്. കാവിപൂശിയ തറയിലും തണുപ്പ്. അഞ്ച് മിനിറ്റിനുള്ളില്‍ ക്ഷീണമൊക്കെ പമ്പകടന്നു. വീടിനുള്ളിലെ കൗതുകകാഴ്ചകള്‍ കൂടിയായതോടെ മനസ്സ് നിറഞ്ഞു.

kanchi kudil
പൂജാമുറി | ഫോട്ടോ: വി.രമേഷ്

തറയില്‍നിന്ന് രണ്ടുമൂന്ന് അടിയോളം ഉയര്‍ത്തിക്കെട്ടിയ വരാന്തയുടെ ഒരുവശത്താണ് പ്രധാന വാതില്‍. വരാന്തയില്‍ വെറുംനിലത്ത് ചമ്രംപടിഞ്ഞിരിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും കളിമണ്‍രൂപമുണ്ട്. പരമ്പരാഗത വേഷങ്ങള്‍ അണിഞ്ഞിരിക്കുന്ന സ്ത്രീയും പുരുഷനുമാണിത്. കാഞ്ചി കുടിലിലെത്തുന്ന പുറംനാട്ടുകാര്‍ക്കുള്ള ആദ്യ കൗതുകകാഴ്ചയാണ് ഈ രൂപങ്ങള്‍. ഇടുങ്ങിയ വാതില്‍ കടന്നെത്തുന്നത് സ്വീകരണമുറിയിലേക്കാണ്. പൊതുവെ വലിപ്പംകുറഞ്ഞ മുറികളാണെങ്കിലും സ്വീകരണമുറി മാത്രം കുറച്ച് വിശാലമാണ്. പഴയകാലത്തെ രൂപങ്ങളും കരകൗശല വസ്തുക്കളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ഈ മുറി. പണ്ടത്തെ ഫര്‍ണിച്ചറുകളും ഇവിടെ കാണാം. പലകകൊണ്ടുള്ള ഊഞ്ഞാലുമുണ്ട്.

സ്വീകരണമുറിയോട് ചേര്‍ന്നുതന്നെ പൂജാമുറിയുമുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള പ്രത്യേക മുറിയുമുണ്ട്. പഴയ ചമയക്കൂട്ടുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികളും മറ്റും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക മുറിയുമുണ്ട്. തൊട്ടിലും ഈ മുറിയിലുണ്ട്. തറയില്‍ത്തന്നെ അടുപ്പ് കൂട്ടിയിരിക്കുന്ന ഇടുങ്ങിയ മുറിയാണ് അടുക്കള. ഇതിന് സമീപമാണ് നാല് കെട്ട് പോലെയുള്ള തുറസ്സായ സ്ഥലം. ധാന്യങ്ങള്‍ സൂക്ഷിക്കാനുള്ള മുറിയുമുണ്ട്. വീണയടക്കം പഴയ സംഗീത ഉപകരണങ്ങള്‍, വാള്‍ തുടങ്ങിയ ആയുധങ്ങള്‍, കൃഷിയായുധങ്ങള്‍ തുടങ്ങിയവയും പല മുറികളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പഴയ നാണയങ്ങളും വര്‍ഷങ്ങള്‍ പഴക്കമുള്ള ഗ്രന്ഥങ്ങളും ഇവിടെയുണ്ട്. മുറികളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് ഇടനാഴികളാണ്.

കോണ്‍ഫറന്‍സ് മുറിപോലെ തോന്നിക്കുന്ന വിശാലമായ ഹാളാണ് ഊണുമുറിയായി ഉപയോഗിക്കുന്നത്. 50 പേര്‍ക്കോളം ഒരേസമയം ഇരിക്കാന്‍ സാധിക്കുന്ന വിധമാണ്
ഊണ് മുറി ക്രമീകരിച്ചിരിക്കുന്നത്. ഇത് ഇപ്പോള്‍ ക്രമീകരിച്ചതാണ്. സന്ദര്‍ശകരെ ലക്ഷ്യമിട്ടാണിത്.

ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സന്ദര്‍ശകസമയം. പത്ത് രൂപയാണ് പ്രവേശനഫീസ്. സംഘമായും വ്യക്തികളായും ഒട്ടേറെ പേര്‍ ഇവിടെ എത്താറുണ്ട്. എത്രസമയം വേണമെങ്കിലും വീട്ടില്‍ ചെലവഴിക്കാന്‍ സാധിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ പരമ്പരാഗതരീതിയിലുള്ള ഉച്ചഭക്ഷണവും ക്രമീകരിക്കും. കോര്‍പ്പറേറ്റ് കമ്പനികളില്‍നിന്നടക്കം സംഘമായി ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ ഒട്ടേറെയാണ്.

Content Highlights: kanchi kudil kanchipuram