കല്ലുംപുറത്ത് തറവാട് (Photo: Sajan V. Nambiar)
''അളിയന് ദയവുചെയ്ത് വീട്ടിലിനി ഹലുവ കൊണ്ടുവരരുത്....'' മിഥുനത്തിലെ സേതുമാധവന്, കൈകൂപ്പി തന്റെ അളിയനായ പോലീസുകാരന് സുഗതനോട് ഒരിക്കല്‍ അങ്ങനെ പറഞ്ഞിരുന്നെങ്കിലും കല്ലുംപുറത്ത് തറവാട്ടിലേക്ക് ഹലുവയുടെ മധുരവുമായി പിന്നെയും സിനിമക്കാര്‍ വന്നുകൊണ്ടേയിരുന്നു. ഒരുകാലത്ത് മലയാളസിനിമയുടെ തലസ്ഥാനമായി കോഴിക്കോട് വാണിരുന്ന കാലത്ത് ഒട്ടുമിക്ക സിനിമക്കാരുടെയും ഇഷ്ട ഫ്രെയിമായിരുന്നു 150-ലധികം വര്‍ഷം പഴക്കമുള്ള ഈ തറവാടിന്റെ ഇടനാഴിയും ചെറിയകവുമെല്ലാം. ഒരിടവേളയ്ക്കപ്പുറം മലയാളസിനിമ വീണ്ടും മലബാറിലേക്ക് മിഴിതുറക്കുമ്പോള്‍ കല്ലുംപുറത്ത് തറവാടിന്റെ പടിപ്പുരമുതല്‍ അടുക്കളവരെ പുതിയ കഥകളില്‍ കഥാപാത്രങ്ങളാവുകയാണ്...
സേതുവിന്റെ ദാക്ഷായണി ബിസ്കറ്റ്
ഒരുവശത്ത് ദാക്ഷായണി ബിസ്കറ്റ് കമ്പനി തുടങ്ങാനുള്ള കടമ്പകള്‍. വീട്ടിലെത്തിയാല്‍ അളിയന് സുഗതനും ചേട്ടന് കുറുപ്പും തമ്മിലുള്ള അടിയും വഴക്കും. ഇതിനിടയില്‍, പായ്ക്കുള്ളില് പൊതിഞ്ഞ് കടത്തികൊണ്ടുവന്ന തന്റെ ഭാര്യ സുലോചനയുടെ പരാതിയും പരിഭവങ്ങളും. സേതുമാധവന് കല്ലുംപുറത്ത് തറവാടിന്റെ പടിപ്പുര കയറുമ്പോള്തൊട്ട് പ്രശ്നങ്ങളാണ്. പല രംഗങ്ങളിലും കല്ലുംപുറത്ത് തറവാട്ടിന്റെ ഓരോ ഭാഗവും കഥാപാത്രങ്ങളെന്നപോലെ 'മിഥുനം' സിനിമയില്‍ പ്രാധാന്യമുള്ളതായിരുന്നു. കളിക്കിടെ കുട്ടികള്‍ക്ക് കുടം ലഭിക്കുന്ന പടിപ്പുരയും ചേര്‍ക്കളം സ്വാമിയുടെ പൂജാ കളത്തിലേക്ക് ''എന്നെ കൂടോത്രം ചെയ്ത് നശിപ്പിക്കാന്‍ ശ്രമിച്ച മഹാന് ശിരസ്സുപിളര്‍ന്ന് അന്തരിക്കണമേയെന്ന്'' പറഞ്ഞ് സുഗതന് തേങ്ങയുടയ്ക്കുന്ന മുറ്റവും മലയാളി മറക്കാനിടയില്ല. സേതുവിന്റെയും സുലോചനയുടെയും ഇടയിലെ പിണക്കം ജോലിക്കാരി കണ്ടെത്തുന്നതിന് നിര്‍ണായകമാവുന്ന കിണറും മിക്ക സീനിലും കാണിക്കുന്ന നീളന്‍വരാന്തയും പടിപ്പുരയും മുറ്റവുമെല്ലാം ഇന്നും ഈ തറവാട്ടിലുണ്ട്. മിഥുനം പിറന്ന് 29 വര്‍ഷം തികയുമ്പോഴും കല്ലുംപുറത്ത് തറവാടിന് യാതൊരു മാറ്റവുമില്ല. എല്ലാ കഥാപാത്രങ്ങളും ഇന്നും ഈ തറവാടിന്റെ കോലായിയില്ത്തന്നെയുണ്ട്.
ചിത്രീകരണസമയത്ത് മോഹന്‍ലാലിനെ കാണാന്‍ വലിയ ജനക്കൂട്ടമായിരുന്നു തറവാടിനുചുറ്റുമെന്ന് തറവാട് അംഗമായ ഷിഗില്‍ കല്ലുംപുറത്ത് പറഞ്ഞു. ഇന്നസെന്റും മോഹന്‍ലാലും കളിചിരിയുമായാണ് പെരുമാറിയത്. ഷൂട്ടിങ് ആരംഭിക്കുന്നതിനുമുമ്പേ അതിരാവിലെ ആളുകള്‍ ഷൂട്ടിങ് കാണാനായി എത്തും. മരത്തിനും മതിലിനുമുകളിലും കയറിവരെയാണ് ആളുകള്‍ അന്ന് ഷൂട്ടിങ് കണ്ടത് -ഷിഗില്‍ ഓര്‍ത്തെടുത്തു.
വെള്ളിത്തിരയിലെ ഭാഗ്യ ലൊക്കേഷന്‍
കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തില്‍ കോരപ്പുഴ പാലത്തിനു സമീപത്താണ് തലയെടുപ്പോടെ കല്ലുംപുറത്ത് തറവാട് നില്‍ക്കുന്നത്. ഒറ്റത്തടിയില്‍ തീര്‍ത്ത ഒട്ടേറെ കൊത്തുപണികള്‍ നിറഞ്ഞ വീടിന് മൂന്നുനിലകളുണ്ട്. ഏറ്റവും മുകളിലെ നിലയില്‍ ഒരു ഹാള്‍. ബാക്കി രണ്ടു നിലകളിലായി ആറു കിടപ്പുമുറികള്‍. താഴെ വിശാലമായ അടുക്കളയും ഊണുമുറിയും ചെറിയ അറയും ചെറിയകവും വരാന്തയും ഇടനാഴികളുമുണ്ട്. വീടിനുപുറത്താണ് ഇരുനിലയുള്ള കളപ്പുര.
1985-ല്‍ പുറത്തിറങ്ങിയ 'ഇടനിലങ്ങളാ'ണ് കല്ലുംപുറത്ത് തറവാടിനെ വെള്ളിത്തിരയില്‍ ആദ്യമായി അവതരിപ്പിച്ചത്. അനഘ, സര്‍ഗം, മിഥുനം തുടങ്ങി എന്നും മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളിലെ പ്രധാന കഥാപാത്രമാണ് ഈ തറവാട്. ഒരിടവേളയ്ക്കുശേഷം 2011-ല്‍ പുറത്തിറങ്ങിയ 'ഇന്ത്യന്‍ റുപ്പി'യിലാണ് വീണ്ടും ഈ തറവാട് പ്രത്യക്ഷപ്പെടുന്നത്. 2021-ല്‍ പുറത്തിറങ്ങിയ 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'െന്റ 90 ശതമാനവും ഇവിടെയാണ് ചിത്രീകരിച്ചത്. ഇത്രയേറെ ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടും മിഥുനത്തിലെ വീട് എന്നാണ് ഇന്നും അറിയപ്പെടുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു.
റിലീസിങ്ങിനൊരുങ്ങുന്ന 1921 പുഴമുതല്‍ പുഴവരെ, പടച്ചോനെ നിങ്ങള്‍ കാത്തോളിന്‍ ഉള്‍പ്പെടെ ഒരുപിടി ചിത്രങ്ങളുടെയും ഭാഗമായി കോരപ്പുഴയുടെ തീരത്ത് പഴമയുടെ പ്രൗഢിയോടെ കല്ലുംപുറത്ത് തറവാട് തലയുയര്ത്തിനില്ക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..