ഗരങ്ങള്‍ കടന്നും ഫ്ലാറ്റുകൾ വളരുന്നു. നാഗരികതയുടെ വരവറിയിച്ച് നാട്ടുംപുറങ്ങളില്‍പ്പോലും ആകാശംമുട്ടെ വളര്‍ന്നുകയറുകയാണവ. പക്ഷേ, ആധുനിക ജീവിതത്തിന്റെ അനിവാര്യതയായി മാറിക്കഴിഞ്ഞ ഫ്ലാറ്റുകളില്‍ എന്തെല്ലാം സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് അവിടത്തെ താമസക്കാര്‍ക്കെങ്കിലും അറിയുമോ എന്നു സംശയമാണ്. എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ മനസ്സാന്നിധ്യത്തോടെ നേരിടാനും അപകടങ്ങളില്‍ നിന്നു രക്ഷപ്പെടാനും ഈ അറിവ് കൂടിയേതീരൂ. കഴിഞ്ഞ ആഴ്ച കൊച്ചി നഗരമധ്യത്തിലുണ്ടായ തീപിടിത്തം സമീപ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരെയെങ്കിലും ഒന്ന് അന്ധാളിപ്പിച്ചു. എന്തുചെയ്യണമെന്നറിയാത്ത സ്ഥിതി.

ഫ്ലാറ്റുകളില്‍ താമസക്കാര്‍ക്കുണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാനും സ്വകാര്യജീവിതത്തെ തടസ്സപ്പെടുത്തുന്നവരില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാനും ധാരാളം മുന്‍കരുതലുകള്‍ അപ്പാര്‍ട്ട്മെന്റുകളില്‍ ഒരുക്കിയിട്ടുണ്ടാവും. അതീവ സുരക്ഷിതമായ സാഹചര്യങ്ങളില്‍ ജീവിക്കുമ്പോള്‍ പോലും അടിയന്തര സന്ദര്‍ഭങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അറിയാത്തത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. അങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ്, ബഹുനിലക്കെട്ടിടങ്ങളിലെ താമസക്കാര്‍ക്കിടയില്‍ സുരക്ഷാവബോധം സൃഷ്ടിക്കുന്നതിന് മാതൃഭൂമി ഡോട്ട് കോമും പ്രമുഖ ഫ്ലാറ്റ് നിര്‍മാതാക്കളായ അസറ്റ് ഹോംസും ചേര്‍ന്ന് ഒരു ലഘുലേഖ പുറത്തിറക്കിയിരുന്നത്. ഈ ലഘുലേഖയില്‍ നിന്ന്:

സേഫ്റ്റിയും സെക്യൂരിറ്റിയും

സേഫ്റ്റി, സെക്യൂരിറ്റി എന്നീ വാക്കുകള്‍ നാം പലപ്പോഴും പരസ്പരം മാറ്റി ഉപയോഗിക്കാറുണ്ടെങ്കിലും അതു രണ്ടും അര്‍ഥമാക്കുന്ന കാര്യങ്ങള്‍ വ്യത്യസ്തമാണ്. ആരുടെയെങ്കിലും ബോധപൂര്‍വമായ ശ്രമമില്ലാതെ തന്നെ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളാണ് സേഫ്റ്റിയുമായി ബന്ധപ്പെട്ട അപായങ്ങള്‍. പാചകവാതകക്കുഴലിലെ ചോര്‍ച്ച മൂലമുണ്ടാകുന്ന തീപ്പിടിത്തം ഇതിന് ഉദാഹരണം. എന്നാല്‍ ഒരാള്‍ ബോധപൂര്‍വം ഫ്ലാറ്റിലെ താമസക്കാരെ ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളാണ് സെക്യൂരിറ്റി അപായങ്ങള്‍.

തീപ്പിടിത്ത സാധ്യതകള്‍

തീപ്പിടിത്തമുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കാണണം. അടുക്കളയില്‍ എപ്പോഴും തീ പിടിക്കാനിടയുള്ള വസ്തുക്കളോ തീയോ ഉണ്ടാവും. മുറികളിലെ ഗൃഹോപകരണങ്ങള്‍, കിടക്ക, വസ്ത്രങ്ങള്‍ എന്നിവയെല്ലാം തീപിടിക്കാന്‍ ഇടയുള്ള വസ്തുക്കളാണ്. അവിടെ നല്ല വായുസഞ്ചാരവുമുണ്ടാകും. അതുകൊണ്ടുതന്നെ, കൃത്യമായ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ഏതു നിമിഷത്തിലും അപകടത്തിന് സാധ്യതയുണ്ട്. നിലവിളക്കുകള്‍ പോലുള്ളവ ഒരു നിശ്ചിത സമയത്തിനപ്പുറം ആരും ശ്രദ്ധിക്കാതെ കത്തിനില്‍ക്കാന്‍ അനുവദിക്കരുത്. ഇത്തരം കാര്യങ്ങള്‍ ക്രോസ്‌ചെക്ക് ചെയ്ത് അപകടമില്ലെന്ന് ഉറപ്പുവരുത്തണം, പ്രത്യേകിച്ച് നിത്യവും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ്.

കൂടാതെ, ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍, വൈദ്യുത ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നുള്ള സ്ഫുലിംഗങ്ങള്‍ മിക്കപ്പോഴും അഗ്‌നിക്കിടയാക്കിയേക്കും.

പാശ്ചാത്യ രാജ്യങ്ങളില്‍ ഓരോ അപ്പാര്‍ട്ടുമെന്റിലും ഒരു അഗ്‌നിശമന ഉപകരണവും ഫയര്‍ ബ്ലാങ്കറ്റും ഉണ്ടായിരിക്കും. താമസക്കാര്‍ക്ക് അത് ഉപയോഗിക്കാന്‍ പരിശീലനവും നല്‍കിയിരിക്കും. ചെറിയ അഗ്‌നിശമന ഉപകരണവും ഫയര്‍ ബ്ലാങ്കറ്റും വാങ്ങുന്നതും, അത് അപ്പാര്‍ട്ടുമെന്റിലെ കുട്ടികളടക്കമുള്ള എല്ലാ താമസക്കാരെയും ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നതും ഗുണപ്രദമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികള്‍ അടുക്കള ഭാഗത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ താത്കാലിക പ്രതിരോധ മറകള്‍ നിര്‍മിക്കാറുണ്ട്.

എല്ലാ നിലകളിലും അഗ്‌നിശമന സംവിധാനം

ഒരോ മുറിക്കും തീപ്പിടിത്ത സാധ്യതകള്‍ ഉള്ളതുപോലെ തന്നെ അപ്പാര്‍ട്ടുമെന്റിന് മൊത്തത്തിലും ഈ സാധ്യതയുണ്ട്. അത് പമ്പിങ്മുറിയിലോ പ്രധാന സ്വിച്ച്‌ബോര്‍ഡിലോ മറ്റോ ഉണ്ടാകുന്ന തീപ്പിടിത്തമാകാം. ജനറേറ്ററില്‍ നിന്ന് താനേ ഉണ്ടാകുന്ന തീ, ബാര്‍ബിക്യു അടക്കമുള്ള ഭക്ഷണപാചകം, മാലിന്യം കത്തിക്കല്‍ തുടങ്ങിയവയില്‍ നിന്നുള്ള തീ എന്നിവ ഫ്ലാറ്റിലെ താമസക്കാരെ മൊത്തത്തില്‍ ബാധിക്കാനിടയുണ്ട്. ഇത് മുന്നറിയിപ്പില്ലാതെ സംഭവിക്കാം. അതിനാല്‍ ആദ്യംതന്നെ അപായസൂചന നല്‍കുന്നതിനും അതനുസരിച്ച് പ്രതികരിക്കുന്നതിനുമുള്ള സംവിധാനം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. എല്ലാ നിലയിലും അഗ്‌നിശമന സംവിധാനം ഉണ്ടായിരിക്കണം. അത് പ്രവര്‍ത്തിപ്പിക്കാന്‍ എല്ലാ താമസക്കാര്‍ക്കും പരിശീലനം നല്‍കണം. തീപ്പിടിത്തമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റുകള്‍ക്ക് മുന്നില്‍ തടസ്സമില്ലാതിരിക്കണം. അത് എളുപ്പത്തില്‍ തുറക്കാന്‍ കഴിയുന്നതുമായിരിക്കണം. തീപ്പിടിത്തമുണ്ടായാല്‍ എല്ലാ താമസക്കാരെയും പെട്ടെന്ന് അറിയിക്കാന്‍ കഴിയുന്ന സംവിധാനവും വേണം. തീപ്പിടിത്തമുണ്ടായാല്‍ ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് എല്ലാവരെയും പറഞ്ഞു മനസ്സിലാക്കണം

സംവിധാനങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കണം

മിക്ക ഫ്ലാറ്റുകളുടെയും ലൊക്കേഷന്‍ എവിടെയാണെന്ന് അഗ്‌നിരക്ഷാ സേനക്കാര്‍ക്ക് അറിയില്ല. അപ്പോള്‍ അപകടസമയത്ത് അവിടെ എത്തിച്ചേരാന്‍ അവര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരും. പല അപ്പാര്‍ട്ട്മെന്റുകളുടെയും ബെയ്സില്‍ വലിയ ഫയര്‍ ട്രക്കുകള്‍ എത്തുകയില്ല. ചിലയിടത്ത് ഫയര്‍ ഹൈഡ്രന്റുകള്‍ ഉണ്ടായിരിക്കില്ല, ചിലത് പ്രവര്‍ത്തിക്കില്ല. അധികൃതരുമായി സഹകരിച്ച് നിശ്ചിത ഇടവേളകളില്‍ ഇതെല്ലാം പരിശോധിക്കേണ്ടതാണ്. അപ്പോള്‍ നിര്‍ഭാഗ്യകരമായവ സംഭവിച്ചാല്‍ അതിനെ നേരിടാന്‍ എല്ലാവരും സുസജ്ജരായിക്കും.

പുറത്ത് തീപിടിച്ചെന്നു തോന്നിയാല്‍ വാതിലുകള്‍ തുറക്കുന്നതിന് മുമ്പുതന്നെ അവ നന്നായി പരിശോധിക്കുക. വാതിലിന് പിന്നില്‍ മുട്ടുകുത്തിനിന്നോ കുനിഞ്ഞുനിന്നോ വേണം പരിശോധിക്കാന്‍. പിന്നീട് ഉയര്‍ന്നുനിന്ന് വാതിലും അതിന്റെ പിടികളും തൊട്ടുനോക്കുക. വാതിലിന് തണുപ്പുണ്ടെങ്കില്‍ ശ്രദ്ധാപൂര്‍വം തുറക്കുക. ചുമലുകള്‍ വാതിലിനോട് ചേര്‍ത്തുവച്ച് സാവധാനം വേണം തുറക്കാന്‍. അപ്പോള്‍ തീയോ പുകയോ കാണുന്നുണ്ടെങ്കില്‍ ഉടന്‍ വാതില്‍ കൊട്ടിയടയ്ക്കുക. മറ്റു വഴികളിലൂടെ രക്ഷപ്പെടാന്‍ നോക്കുക. ഫ്ലാറ്റിൽ നിന്ന് പോകാനാവുന്നില്ലെങ്കില്‍ വാതിലുകളിലും ജനാലകളിലും തുണി, ഷീറ്റ് എന്നിവ വച്ച് അടച്ച് പുക കടക്കാതെ നോക്കുക. എമര്‍ജന്‍സി നമ്പര്‍ ഉപയോഗിച്ച് അഗ്‌നിശമന സേനയെ വിളിച്ച് നിങ്ങളുടെ ലൊക്കേഷന്‍ അറിയിക്കുക. വാതിലിനും ജനലിനും പുറത്ത് പുക കാണുന്നില്ലെങ്കില്‍ അത് തുറന്ന് തുണി, ഫ്ലാഷ് ലൈറ്റ് എന്നിവ വീശി മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുക.

വീഴ്ചകള്‍

ഫ്ലാറ്റുകളിൽ പരിക്കുകള്‍ക്കുള്ള മുഖ്യകാരണങ്ങളിലൊന്ന് വീഴ്ചകളാണ്. തെന്നിവീണും തട്ടിവീണും മറിഞ്ഞുവീണും പരിക്കുകള്‍ ഉണ്ടാകും. മിക്ക ഫ്ലാറ്റിലും തറ പാകാന്‍ ഉപയോഗിക്കുന്നത് മാര്‍ബിളോ ടൈലോ പെട്ടെന്ന് തെന്നിവീഴാനിടയുള്ള മറ്റ് വസ്തുക്കളോ ആണ്. പ്രായമായവര്‍ ഇത്തരം തറകളുമായി പരിചിതരായിരിക്കില്ല. ഈ തറകളില്‍ നനവുണ്ടെങ്കില്‍ പെട്ടെന്ന് വഴുതിവീഴാനിടയുണ്ട്. വഴുതിവീഴുന്നതു മൂലമുള്ള അപകടങ്ങളെപ്പറ്റി താമസക്കാര്‍ക്ക് തുടക്കത്തില്‍ത്തന്നെ അവബോധം നല്‍കണം. നിലം നനഞ്ഞ തുണികൊണ്ട് തുടയ്ക്കുകയാണെങ്കില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അതേപ്പറ്റി മുന്നറിയിപ്പ് നല്‍കണം.

കുളിമുറികളില്‍ തെന്നാത്ത തരം ടൈലുകള്‍ പാകുന്നതാണ് നല്ലത്. വീടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്ലാറ്റിൽ സ്ഥലം കുറവാണ്. മിക്കപ്പോഴും മുറികള്‍ ഗൃഹോപകരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കും. കൂടാതെ ടെലിവിഷന്‍, കംപ്യൂട്ടറുകള്‍ എന്നിവയുടെ വയറുകള്‍ അശ്രദ്ധമായി വലിച്ചിട്ടുണ്ടായിരിക്കും. ഇത് തട്ടിവീഴാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ഉയരത്തില്‍ നിന്നുള്ള വീഴ്ച

ഫ്ലാറ്റുകൾ വളരെ പൊക്കത്തിലുള്ളവയാകയാല്‍ അവിടെനിന്ന് വിഴാനുള്ള സാധ്യത വലിയ അപകടഭീഷണിയാണ്. തുറന്നുകിടക്കുന്ന ജനാലയില്‍ നിന്നും ബാല്‍ക്കണിയിലെ അഴിയില്‍നിന്നും കുട്ടികള്‍ പെട്ടെന്ന് വീഴാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവരും മുറിയില്‍ കസേരയില്‍ കയറിനിന്ന് എന്തെങ്കിലും ചെയ്യുമ്പോഴോ ബാല്‍ക്കണിയില്‍ എന്തെങ്കിലും ശരിയാക്കുമ്പോഴോ അബദ്ധത്തില്‍ താഴേക്ക് വീഴാം. ബാല്‍ക്കണിയുടെ അഴികള്‍ കുട്ടികള്‍ താഴേക്ക് വീഴാന്‍ മാത്രം അകലത്തിലല്ലെന്ന് ഉറപ്പാക്കണം. ബാല്‍ക്കണിയിലും ജനാലക്കരികിലും കസേരയില്‍ കയറിനില്‍ക്കുന്നത് ഒഴിവാക്കണം.

ബഹുനില അപ്പാര്‍ട്ട്മെന്റുകളിലെ സുരക്ഷ; ഹാന്‍ഡ്ബുക്ക് വായിക്കാം

വൈദ്യുതിയെ തൊട്ടുകളിക്കരുത്

ഒന്നിലേറെ വൈദ്യുത ഉപകരണങ്ങള്‍ ഒരേ പവര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത് മിക്കപ്പോഴും അപായങ്ങള്‍ക്ക് കാരണമാകും. പവര്‍ പ്ലഗ്ഗുകള്‍ കൈയെത്തുന്ന ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ മിക്കപ്പോഴും കുട്ടികള്‍ അതില്‍ എന്തെങ്കിലും കുത്തിക്കയറ്റി അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. മെയിന്‍ സ്വിച്ച് ഓഫാക്കാതെ കുടുംബാംഗങ്ങള്‍ വൈദ്യുതി തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതും അപകടത്തിന് കാരണമാകും.

ലിഫ്റ്റില്‍ കുടുങ്ങിയാല്‍

അപ്രതീക്ഷിതമായി ലിഫ്റ്റുകളില്‍ കുടുങ്ങിയാല്‍ ആരും ഭയപ്പെട്ടുപോകും. എന്നാല്‍, ആളുകള്‍ തിങ്ങിനിറഞ്ഞ ലിഫ്റ്റിനുള്ളില്‍ പോലും എല്ലാവര്‍ക്കും ശ്വസിക്കാന്‍ ആവശ്യമായ അളവില്‍ ഓക്‌സിജന്‍ ഉണ്ടായിരിക്കുമെന്നറിയുക. ഓക്‌സിജന്റെ കുറവുമൂലം ആരും മരിക്കില്ല. ലിഫ്റ്റില്‍ കുടുങ്ങിപ്പോയാല്‍ ശാന്തരായിരിക്കുക, ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നവരെ വിളിക്കുക, അലാറം പ്രവര്‍ത്തിപ്പിക്കുക. നിങ്ങള്‍ ലിഫ്റ്റില്‍ കുടുങ്ങിയിരിക്കുന്നു എന്ന കാര്യം പുറത്തുള്ളവര്‍ അറിഞ്ഞുകഴിഞ്ഞാല്‍ പരിഭ്രമിക്കാതെ കാത്തിരിക്കുക.

ആരെങ്കിലും ലിഫ്റ്റില്‍ കുടുങ്ങിയെന്ന് നിങ്ങള്‍ മനസ്സിലാക്കിയാല്‍, ഉടനെ സുരക്ഷാ ജീവനക്കാരെയോ ഫ്ലാറ്റിലെ മേല്‍നോട്ടക്കാരെയോ വിവരം അറിയിക്കണം. ലിഫ്റ്റിന് പുറത്ത് നിന്നുകൊണ്ട്, സഹായത്തിനായി ആളുകള്‍ എത്തുന്നുവെന്ന് അകത്തുള്ളവരെ അറിയിക്കുക. അവരോട് സൗമ്യമായി സംസാരിക്കുക. ശാന്തരായിരിക്കാന്‍ പ്രേരിപ്പിക്കുക.

ലിഫ്റ്റ്/എലിവേറ്റര്‍ അറ്റകുറ്റപ്പണിയില്‍ ആയിരിക്കുമ്പോള്‍

ലിഫ്റ്റില്‍ അറ്റകുറ്റപ്പണി നടത്തുമ്പോള്‍ സാധാരണയായി സംഭവിക്കുന്ന അപായമുണ്ട്, പണി നടക്കുന്നതറിയാതെ ആരെങ്കിലും ബട്ടണ്‍ അമര്‍ത്തിയാല്‍ വാതില്‍ തുറന്നുവരും. ലിഫ്റ്റിന്റെ തട്ട് അവിടെയുണ്ടോ എന്ന് പരിശോധിക്കാതെ കാലെടുത്ത് വയ്ക്കും, താഴേക്ക് വീണ് മരണവും സംഭവിക്കും. അതിനാല്‍ എല്ലാവരും ലിഫ്റ്റിന്റെ വാതില്‍ തുറക്കുമ്പോള്‍ തട്ട് യഥാസ്ഥാനത്തുണ്ടോയെന്ന് ശ്രദ്ധിക്കണം. ലിഫ്റ്റ് അറ്റകുറ്റപ്പണിയിലാണെങ്കില്‍ സുരക്ഷാ ജീവനക്കാര്‍ ഓരോ നിലയിലും ലിഫ്റ്റിന്റെ വാതിലിന് മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും വേണം.

പ്രകൃതിദുരന്തങ്ങള്‍

ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, മിന്നല്‍, മരങ്ങള്‍ വീഴുക എന്നിങ്ങനെ പ്രകൃതിദുരന്തങ്ങള്‍ക്ക് ഏതൊരു ഫ്ലാറ്റും വിധേയമാകാം. അപ്പാര്‍ട്ട്മെന്റ്/ഫ്ലാറ്റ് നിര്‍മാതാക്കളും രൂപകല്‍പ്പന ചെയ്യുന്നവരും നിര്‍മാണത്തിന് മുമ്പേ ഇക്കാര്യങ്ങള്‍ കണക്കിലെടുക്കണം. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ താമസിക്കാനായി വരുന്നവര്‍ നേരത്തെ അറിയണമെന്നില്ല. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലമാണെന്നറിയാതെ, പുറംമോടികണ്ട് ഫ്ലാറ്റ് വാങ്ങിയെന്നിരിക്കട്ടെ, പലപ്പോഴും വെള്ളപ്പൊക്കവും വെള്ളക്കെട്ടും മൂലം ഫ്ലാറ്റിൽ  കുടുങ്ങുകയും വൈദ്യുതി-ജലവിതരണം തടസ്സമാവുകയും ചെയ്യുമ്പോഴാണ് അപകടം മനസ്സിലാക്കുക. അപ്പോഴേക്കും വൈകിയിരിക്കും. ഫ്ലാറ്റ് വാങ്ങുന്നതിന് മുമ്പ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മനസിലാക്കണം.

ഒരു സേനയുണ്ടാക്കണം

ഫ്ലാറ്റിൽ ഒരു സുരക്ഷാ പ്രശ്‌നമുണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ ഏറ്റവും ഉത്തരവാദിത്വമുള്ളവരെ ആദ്യംതന്നെ വിവരം അറിയിക്കുക. ഏതുതരം അപായങ്ങളുണ്ടായാലും എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ അറിവ് സുരക്ഷാ ജീവനക്കാര്‍ക്കുണ്ടായിരിക്കണം. അതിനുള്ള പരിശീലനവും ലഭിച്ചിരിക്കണം. ഫ്ലാറ്റിലെ കെയര്‍ടേക്കര്‍മാര്‍ എല്ലായ്പ്പോഴും സ്ഥലത്തുണ്ടാവണമെന്നുമില്ല. അതിനാല്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ അപകടം തരണംചെയ്യാനുള്ള സംവിധാനം കൊണ്ടുവരണം.

റസിഡന്റ്സ് അസോസിയേഷനിലെ ഒരാള്‍ ഓണ്‍ സ്‌ക്രീന്‍ കമാന്‍ഡര്‍ (ഒ.എസ്.സി.) ആയിരിക്കുന്ന സംവിധാനമൊരുക്കണം. അയാളില്ലെങ്കില്‍, മറ്റൊരാള്‍ മുഖ്യ കമാന്‍ഡറായി പ്രവര്‍ത്തിക്കണം. കൂടാതെ, ഓരോ നിലയിലും 'ഫ്ലോർ വാര്‍ഡന്‍'മാരെ നിയോഗിക്കണം. അവര്‍ക്ക് ആ നിലയിലെ താമസക്കാര്‍, വാടകക്കാര്‍, പൂട്ടിക്കിടക്കുന്ന വീടുകള്‍ എന്നിവയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ ഫ്ലാറ്റിലുണ്ടാവണം.  ഇവയില്ലാതെ കമാന്‍ഡര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല.

സുരക്ഷാ ജീവനക്കാര്‍, ഇലക്ട്രീഷ്യന്മാര്‍, സ്വിമ്മിങ് പൂള്‍ മേല്‍നോട്ടക്കാര്‍ എന്നിവരുടെ കൂടി പിന്തുണ ഈ സമയത്ത് ഉണ്ടാവണം. ഇവര്‍ക്കെല്ലാം അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടാവണം. ഫ്ലാറ്റിൽ താമസക്കാരായി ഡോക്ടര്‍മാരുണ്ടെങ്കില്‍ അവരുടെ നമ്പറുകള്‍ സുരക്ഷാ ജീവനക്കാരുടെ കൈവശം ഉണ്ടായിരിക്കണം.

അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ ഭൗതിക വിഭവങ്ങള്‍ ഓരോ ഫ്ലാറ്റിലും ഉണ്ടായിരിക്കണം. കുറഞ്ഞപക്ഷം എല്ലാ നിലയിലും അഗ്‌നിശമന ഉപകരണം വേണം. ഫയര്‍ ഹൈഡ്രന്റുകളും ഫയര്‍ ബക്കറ്റുകളും ഫസ്റ്റ് എയ്ഡ് കിറ്റുകളും വേണം. എല്ലാ ബ്ലോക്കിലും ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡിഫൈബറിലേറ്റര്‍ (എ.ഇ.ഡി.) ഉണ്ടായിരിക്കണം. ഇവ ഉപയോഗിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ക്കും മറ്റും പരിശീലനവും നല്‍കണം. വയറിങ്ങിന്റെയും പ്ലമ്പിങ്ങിന്റെയും ഉള്‍പ്പെടെയുള്ള കെട്ടിടത്തിന്റെ പ്ലാന്‍, സുരക്ഷാ ജീവനക്കാരുടെയും ഫ്ലാറ്റിന്റെ മേല്‍നോട്ടക്കാരുടെയും കൈവശം ഉണ്ടായിരിക്കണം.

എല്ലാ ഫ്ലാറ്റുകളിലും താഴെ പറയുന്നവയുടെ ഫോണ്‍ നമ്പറുകള്‍ നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണം:

1. തൊട്ടടുത്ത ആംബുലന്‍സ് സേവനദാതാക്കള്‍

2. തൊട്ടടുത്ത ആശുപത്രി

3. അടുത്തുള്ള ഫയര്‍‌സ്റ്റേഷന്‍

4. തൊട്ടടുത്ത പൊലീസ് സ്റ്റേഷന്‍

5. അടുത്തുള്ള ഫ്ലാറ്റുകൾ

6. ലിഫ്റ്റ് സര്‍വീസിങ് കമ്പനി

ഇത് സുരക്ഷാ കാബിനില്‍ അച്ചടിച്ച് സുക്ഷിക്കുകയും എല്ലാവരും കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. താമസക്കാര്‍ക്കെല്ലാം ഇതിന്റെ കോപ്പി നല്‍കണം.

Content Highlights: Issues Faced By Apartment Residents