ഡയാന പെന്റി | Photo: Instagram
കോക്ടെയ്ല്‍ എന്ന റൊമാന്റിക് ചിത്രത്തിലൂടെ ബോളിവുഡ് സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ഡയാന പെന്റി. പിന്നീട് ഒരു പിടി നല്ല ചിത്രങ്ങളിലൂടെ അവര്‍ ബോളിവുഡില്‍ മുന്‍നിര നായികമാരുടെ ഒപ്പമെത്തി. തെക്കന്‍ മുംബൈയിലെ ബായ്ഖേലയില് ജനിച്ച ഡയാനയുടെ കുടുംബവീടും അവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
പൂര്‍ണമായും പാഴ്സി സ്റ്റൈലില്‍ നിര്‍മിച്ചതാണ് ഈ വീട്. തടിയില്‍ തീര്‍ത്ത സ്റ്റെയര്‍കേസും ഉയരത്തിലുള്ള സീലിങ്ങും തറ മുതല്‍ സീലിങ് വരെ നീളമേറിയ തടിയില്‍ തീര്‍ത്ത ജനാലകളും നീളമേറിയ വരാന്തകളുമെല്ലാം ഈ വീടിന്റെ പ്രത്യേകതയാണ്.
തേക്കാത്ത ചുമരുകളും അതില്‍ നിറയുന്ന പെയിന്റിങ്ങുകളും വീടിന് നല്കുന്ന ചാരുത ഒന്ന് വേറെ തന്നെയാണ്. ഡയാനയുടെ മുതുമുത്തശ്ശിയും ആന്റിയും വരച്ച ചിത്രങ്ങളാണ് ചുമരില്‍ അലങ്കാരം തീര്‍ക്കുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്ന കറുപ്പുനിറമുള്ള ലെതര്‍ വിരിച്ച കസേര ലൈബ്രറിയില്‍ പ്രത്യേക ഇടം നേടുന്നു. യഥാര്‍ത്ഥ റാന്തല്‍ വിളക്കും കുടുംബാംഗങ്ങളുടെ ചിത്രങ്ങളും ഇവിടെ ചുമരുകള്‍ക്ക് ഭംഗി വര്‍ധിപ്പിക്കുന്നു.
പഴയമയുടെ ഭംഗി ഒട്ടും ചോരാതെ അതേ തനിമയോടെ നിലനിര്‍ത്തിയിരിക്കുകയാണ് ഈ വീടെന്ന് പറയാം. അതിന് ഉദാഹരമാണ് തറയില്‍ പാകിയിരിക്കുന്ന ടൈലുകള്‍. പഴയപാറ്റേണില് തീര്‍ത്തിരിക്കുന്ന ടൈല്‍ വീടിനുള്ളില്‍ നിറയ്ക്കുന്ന ശാന്തതയും തെളിഞ്ഞ അന്തരീക്ഷവും ഒന്ന് വേറെ തന്നെയാണ്.
ഭൂരിഭാഗം ഇടത്തും സിമന്റില്‍ തീര്‍ത്ത, തിളക്കം കുറഞ്ഞ ടൈലുകളാണ് പാകിയിരിക്കുന്നത്. വരാന്തയിലും മറ്റും ഇത്തരം ടൈലുകള്‍ നല്കിയപ്പോള് വീടിനുള്ളില്‍ പഴയകാല ശൈലിയിലും പാറ്റേണിലുമൊരുക്കിയ ടൈലുകളാണ് വിരിച്ചിരിക്കുന്നത്.
പഴയകാലത്ത് ഉപയോഗിച്ചിരുന്ന തടിപ്പെട്ടിയും പഴയ സ്റ്റൈലിലുള്ള ലാമ്പും പിച്ചളയില്‍ തീര്‍ത്ത പാത്രങ്ങളും ചീനഭരണിയുമെല്ലാം വീടിനകത്ത് റസ്റ്റിക് ഫീല്‍ നല്കുന്നു. ഇങ്ങനെ വീടിന്റെ ഓരോ മുക്കിലും മൂലയും നിറയുന്നത് പഴമയുടെ ചാരുതയാണ്.
പഴയ പാറ്റേണില്‍ ഡിസൈന്‍ ചെയ്തവയാണ് വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം. ഇവയെല്ലാം തടിയില്‍ തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
Content Highlights: inside diana pentys parsi style home in mumbai, myhome, veedu, celebrity homes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..