
Photo: Pixabay
ഒരു തുളസിയോ തഴുതാമയോ കറുവയോ ഒന്നും ഇല്ലാത്ത വീടുകള്‍ പണ്ട് ചുരുക്കമായിരുന്നു. ഇന്ന് ഇവയൊന്നും നടാനിടമില്ല എന്ന സങ്കടമാണ് മലയാളിയ്ക്ക്. പകരം വീടിനുള്ളില്‍ തന്നെ ഈ സസ്യങ്ങള്‍ വളര്‍ത്താം. വീടിനുള്ളില്‍ നല്ല വെളിച്ചം കിട്ടുന്ന ഇടം നോക്കി വേണം ഇവ നടാന്‍. നല്ല നനയും ആവശ്യമാണ്. എന്നാല്‍ അമിതമാകാനും പാടില്ല. ചെറിയ ഹോളുള്ള പോട്ടുകളില്‍ നട്ട് പോട്ട് ഡിഷുകളില്‍ വച്ചാല്‍ വെള്ളം വീണ് തറ വൃത്തികേടാവുന്നതും തടയാം. ഓരോ ചെടിയും ഓരോ പോട്ടില്‍ വേണം നടാന്‍. എല്ലാം കൂടി ഒന്നിച്ച് നട്ട് കാട് പോലെയാക്കേണ്ട. മണ്‍ചട്ടികളില്‍ നടുന്നതാണ് അനുയോജ്യം. ചെടിയുടെ ചുവട്ടില്‍ പെബിളുകള്‍ ഒക്കെ ഇട്ട് ഭംഗിയാക്കാം. ഇലകള്‍ കൂടുതല്‍ വളരാനുള്ള വളങ്ങള്‍ വിപണിയില്‍ കിട്ടും. അവയാണ് നല്ലത്.
1. തുളസി
വിത്ത് പാകിയോ തൈ നട്ടോ മുളപ്പിക്കാം. നല്ല സൂര്യപ്രകാശം കിട്ടുന്ന ഭാഗത്ത് വേണം പോട്ടുകള്‍ വയ്ക്കാന്‍. പൂക്കള്‍ ഉണ്ടായാല്‍ അവ കൃത്യമായി മുറിച്ച് മാറ്റണം. ചെടി കൂടുതല്‍കാലം നില്ക്കാന് ഇത് സഹായിക്കും.
2. കറുവ
മരമാണെങ്കിലും ചട്ടിയിലും വളര്‍ത്താം എന്നതാണ് ഗുണം. 12 ഇഞ്ച് ആഴമുള്ള ചട്ടിയാണ് നല്ലത്. മറ്റ് ചെടികള്‍ക്കൊപ്പം വയ്ക്കാതെ നല്ല വായുവും വെളിച്ചവും കിട്ടുന്ന ഭാഗത്ത് ഇത് ഒറ്റയ്ക്ക് നടാം. ധാരാളം വായു സഞ്ചാരമുള്ള സ്ഥലത്തേ കറുവ നന്നായി വളരൂ.
3. പാര്‍സ്ലി
അധികം വായുവും വെളിച്ചവും ഒന്നും ഇല്ലെങ്കിലും നന്നായി വളരും. പക്ഷേ ചൂട് കൂടുതല്‍ വേണം ഈ ചെടിയ്ക്ക്. വിത്ത് നട്ടാണ് ഇത് മുളപ്പിക്കുന്നത്. പതിയെ മാത്രം വളരുന്ന ഭക്ഷ്യയോഗ്യമായ സസ്യം കൂടിയാണ് ഇത്.
4. ഉള്ളിച്ചെടി/ ഉള്ളിത്തണ്ട്
വീടിനുള്ളില്‍ എളുപ്പത്തില്‍ വളര്‍ത്താവുന്ന ഒന്നാണ് ഇത്. വെള്ളവും വെലിച്ചവുമൊന്നും കൂടുതലാവശ്യമില്ല. സാധാരണ കൃഷിയിടങ്ങളില്‍ നിന്ന് പറിച്ചെടുക്കുന്ന തൈകളെ നേരിട്ട് ചട്ടിയില്‍ നട്ടാല്‍ മതിയാവും. നട്ടശേഷം ഇലകള്‍ മൂന്നില്‍ ഒരു ഭാഗം വെച്ച് മുറിച്ചാല്‍ കൂടുതല്‍ വേഗത്തില്‍ പുതിയവ വളരും.
5. പനിക്കൂര്‍ക്ക
പനി വന്നാല്‍ പനിക്കൂര്‍ക്കയിട്ട് ആവി പിടിച്ചാല്‍ മതിയെന്ന് നാട്ടുവൈദ്യം. പണ്ടത്തെ നമ്മുടെ തൊടിയിലൊക്കെ ധാരാളം വളര്‍ന്നിരുന്ന ഈ ചെടിയെ ചെറിയ പോട്ടുകളില്‍ വീടിനുള്ളില്‍ വളര്‍ത്താം. നല്ല വെളിച്ചം കിട്ടുന്ന വാതിലിനോ ജനലിനോ അരികിലായി ചട്ടികള്‍ വയ്ക്കാം.
6. റോസ്മേരി
നനവുള്ള മണ്ണില്‍ വേണം വേര്പിടിക്കും വരെ റോസ്മേരി നടാന്‍. നാച്ച്വറല്‍ എയര്‍ ഫ്രഷ്നര്‍ കൂടിയാണ് ഇത്. അടുക്കളയിലും മറ്റും വച്ചാല്‍ ആവശ്യമില്ലാത്ത ഗന്ധങ്ങളെ പടികടത്തിക്കോളും.
7. മിന്റ്
വലിയ പരിചരണമൊന്നും ഇല്ലെങ്കിലും കളപോലെ വളര്‍ന്നുകൊള്ളും. വിത്ത് പാകി മുളപ്പിക്കുന്നതാണ് ഉചിതം. തണലുള്ള സ്ഥലങ്ങളില്‍ വളരാനാണ് ഇഷ്ടം. അല്പസ്വല്പം സൂര്യപ്രകാസമൊക്കെ ആവാം.
Content Highlights: Indoor Herbs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..