Representative Image| Photo: Canva.com
വീടുപണിയുടെ ഏതു ഘട്ടത്തിലാണ് ഇന്റീരിയർ ഡിസൈനിങ്ങിനെ കുറിച്ച് ചിന്തിക്കേണ്ടത് എന്ന് ചോദിച്ചാൽ നിങ്ങളുടെ മറുപടി എന്തായിരിക്കും? "സ്ട്രക്ച്ചർ വർക്ക് ഒന്ന് കഴിഞ്ഞോട്ടെ "എന്നാണോ അതോ "ആദ്യം അടച്ചുറപ്പുള്ള ഒരിടം എന്നിട്ടുമതി ഇന്റീരിയർ "എന്നാണോ? അടച്ചുറപ്പുണ്ടായാൽ മാത്രം പോര, എല്ലാം കഴിഞ്ഞു നമ്മൾ കൂട്ടിച്ചേർക്കാൻ ഉദ്ദേശിക്കുന്ന സൗകര്യങ്ങളെ ഉൾക്കൊള്ളാൻ കൂടി വീടിന് കഴിയണം. ആ സൗകര്യങ്ങൾ എന്തൊക്കെ എങ്ങിനെയൊക്കെ എന്നൊക്കെ പ്ലാൻ വരക്കുന്നതിന്റെ ഒപ്പം തന്നെ ആലോചിച്ചാൽ പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പലതും ഒഴിവാക്കാം.
ഇന്റീരിയർ പ്ലാനിങ് ഇല്ലായ്മയിലെ പ്രശ്നങ്ങൾ
മേല്പറഞ്ഞതിന് ഏറ്റവും നല്ല ഉദാഹരണമാണ് കിച്ചണിലെ കോൺക്രീറ്റ് സ്ളാബ്. മിക്കവാറും വീടുകളിൽ മുൻപേ തന്നെ കിച്ചൻ സ്ളാബ് വാർത്ത് ഇട്ടിരിക്കും. പിന്നീടായിരിക്കും മോഡുലാർ കിച്ചൻ എന്ന ആശയത്തെക്കുറിച്ചുതന്നെ ആലോചിക്കുക. അപ്പോൾ പക്ഷേ ഡിഷ് വാഷർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾക്ക് യോജിച്ചതാവില്ല സ്ലാബിൻറെ ഉയരം.
അതുപോലെ തന്നെ വാതിലുകളുടെയും ജനലുകളുടെയും വിന്യാസവും അവയുടെ അളവുകളും പ്രധാനമാണ്. ഫർണിച്ചറുകളുടെ ലേഔട്ട് ഡോറുകൾക്ക് തടസ്സമാകാതെ വേണം ക്രമീകരിക്കാൻ. ഒരാളുടെ സഞ്ചാരപഥത്തിന് ഇവയൊന്നും തടസ്സമാകാതെ പ്രത്യകം ശ്രദ്ധിക്കണം. ഈ വക കാര്യങ്ങൾ പ്ലാൻ വരക്കുന്നതിനോടൊപ്പം തന്നെ ചിന്തിക്കുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. പ്രായമായവരോ വീൽ ചെയർ ഉപയോഗിക്കുന്നവരോ ഉണ്ടെങ്കിൽ അവരുടെ സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം മുൻകൂട്ടി ആലോചിക്കേണ്ടതുണ്ട്.
ഇലക്ട്രിക്കൽ& പ്ലംബിംഗ് പോയിന്റുകളും നേരത്തെ തന്നെ പ്ലാൻ ചെയ്യേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് അടുക്കളയിൽ. ഇലക്ട്രീഷൻ പ്ലഗ് പോയന്റ് വച്ചു പോയിടത്ത് ഫ്രിഡ്ജ് വയ്ക്കുക എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. എന്നാൽ ഫ്രിഡ്ജും സിങ്കും ഹോബും തമ്മിൽ ആനുപാതികമായ അകലം പാലിക്കാൻ ശ്രദ്ധിക്കേണ്ടത് ഉണ്ടെന്ന് നമുക്ക് എത്ര പേർക്ക് അറിയാം. എല്ലാ പണികളും കഴിഞ്ഞാണ് സ്റ്റഡി ഏരിയ എവിടെ വേണം എന്ന് തീരുമാനിക്കുന്നത് എന്നിരിക്കട്ടെ. ആ ഭാഗത്ത് ലൈറ്റ് പോയിന്റ് ഇല്ലെങ്കിൽ ഇരട്ടി പണിയാകും.
കോംപ്രമൈസിങ് പാർട്ട്
വീട് പണിയുടെ ഏറ്റവും അവസാനഘട്ടത്തിലാവുമല്ലോ സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നത്. ഒരു പക്ഷേ നിങ്ങളുദ്ദേശിച്ച സൗകര്യങ്ങളേയല്ലാം ഈ സ്പേസ് ഉൾക്കൊണ്ടു എന്ന് വരാം. എന്നാലുംചിലപ്പോഴെങ്കിലും അതൊരു കോംപ്രമൈസ് ആയിത്തീരാറുണ്ട്. പലതും വേണ്ടതുപോലെയായില്ല എന്ന് സ്വയം അറിയാമെങ്കിലും ഈ അവസാന ഘട്ടത്തിൽ വീണ്ടും പൊളിച്ചു പണിതു ചെലവ് കൂട്ടാൻ ആരും ഇഷ്ടപ്പെടുകയില്ലലോ.
ഇന്റീരിയർ ഡിസൈനിങ്ങ് തെറ്റിദ്ധാരണകൾ
വീടിന്റെ ഭംഗി കൂട്ടാൻ മാത്രം ചെയ്യുന്നതാണ് ഇന്റീരിയർ ഡിസൈനിങ്ങ് എന്നൊരു അബദ്ധധാരണയുണ്ട്. നമ്മൾക്കു വേണ്ട സൗകര്യങ്ങളെ ട്രെൻഡിയായും മനോഹരമായും അവതരിപ്പിക്കുക എന്നതാണ് യഥാർഥത്തിൽ ഇന്റീരിയർ ഡിസൈനിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. മാറിവരുന്ന ട്രെൻഡുകളുടെ പുറകെ പോകുന്നതിനേക്കാൾ ആവശ്യങ്ങൾക്കും ബജറ്റിലും ഉള്ള ഏതു കാലത്തും ട്രെൻഡിയാവുന്ന ചില തീമുകൾ തിരഞ്ഞെടുക്കാം.
ഇന്റീരിയർ ഡിസൈനിങ്ങും ഇന്റീരിയർ ഡെക്കറേഷനും
ഇന്റീരിയർ ഡിസൈനിംഗും ഇന്റീരിയർ ഡെക്കറേഷനും ബന്ധപ്പെട്ടു കിടക്കുന്നു എങ്കിൽക്കൂടിയും സാധാരണ ഒരാൾ ഇന്റീരിയർ ഡെക്കറേഷൻ കൂടി ഉൾപ്പെട്ട ഇന്റീരിയർ ഡിസൈനിംഗിനെ മൊത്തത്തിൽ അവസാനം ചെയ്യേണ്ട ഒന്നായി തെറ്റിധരിക്കുന്നു. അവസാനഘട്ടത്തിൽ മാത്രം ഇന്റീരിയർ ഡിസൈനറെ അന്വേഷിക്കുന്നതിന്റെ പ്രധാന കാരണം ചിലർക്കെങ്കിലും ഇന്റീരിയർ ഡിസൈനിങ്ങും ഡെക്കറേഷനും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലായ്മയാണ് എന്ന് തോന്നുന്നു. ഇന്റീരിയർ ഡിസൈൻ എന്നാൽ ആവശ്യങ്ങൾക്കനുസരിച്ചുള്ള സൗകര്യങ്ങളെ നമ്മുടെ ബജറ്റിനുസരിച്ച് സ്പേസ് ചെയ്യലാണ്. എന്നാൽ ഡെക്കറേഷൻ എന്നത് ഒന്നു പൊലിപ്പിയ്ക്കലാണ്. ഉദാഹരണത്തിന് ഒരു കൗണ്ടർ സ്പേസിന് (സ്റ്റഡി ഏരിയ അല്ലെങ്കിൽ കിച്ചൻ സ്ലാബ് )മുകളിലായി ലൈറ്റ് കൊടുക്കുന്നത് ഒരു ആവശ്യത്തിനാണ്. അത് ഡിസൈനിങ് പാർട്ടിനൊപ്പം ചെയ്തു വരേണ്ടതാണ്. ഒരു ഷോകേസിനകത്തോ അല്ലെങ്കിൽ ഒരു ഷോ പീസിനെ ഹൈലൈറ്റ് ചെയ്യാനോ ലൈറ്റിംഗ് കൊടുക്കുന്നത് ഡിസൈനിൽ പെട്ടതാണെങ്കിലും അവിടെ വയ്ക്കുന്ന ഷോ പീസ് ഡെക്കറേഷനിൽ പെടുന്ന ഒന്നാണ്.
ഇന്റീരിയർ ഡെക്കറേഷൻ കൂടുതലും കളർ , ടെക്ചർ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു ചുമരിനെ ഭംഗിയാക്കാൻ ഒരു പെയിന്റിംഗ് അല്ലെങ്കിൽ ഒരു വാൾ ഹാഗിംഗ് തിരഞ്ഞെടുക്കുമ്പോൾ ആ പെയിന്റിംഗിന്റെ നിറം , അതിന്റെ ഫ്രെയിമിംഗ് പാറ്റേൺ , ഫ്രെയിം വുഡാണോ മെറ്റൽ ആണോ , ഫ്രെയിം ലെസ് പെയിന്റിങ് ആണോ അല്ലെങ്കിൽ ഒരു ലാംബ് ഷെയിഡിന്റെ ഡിറ്റെയിലിംഗ് ഇതെല്ലാം ഡെക്കർ പാർട്ടിലേക്ക് ചേർത്ത് വായിക്കാം.
ഇന്റീരിയർ ഡെക്കറേഷനിലും ഒരു പാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നന്നായി ഇന്റീരിയർ ഡിസൈൻ ചെയ്തതിനുശേഷം
അതിനെ പൊലിപ്പിയ്ക്കാൻ അതിനോടു കിടപിടിയ്ക്കുന്ന ഡെക്കർ പീസുകൾ തന്നെ ഉപയോഗിച്ചില്ലെങ്കിൽ അത് ഒരു മോശം കോമ്പിനേഷൻ ആവും. ഇവയുടെ വിലയല്ല ഉദ്ദേശിയ്ക്കുന്നത് അതിനെ നിങ്ങൾ എങ്ങിനെ അവതരിപ്പിക്കുന്നു എന്നതിനാണ് പ്രധാന്യം.
Content Highlights: important things to consider when planning the interior of a house
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..