മൂഹമാധ്യമത്തിൽ ഏറെ ആരാധകരുള്ളയാളാണ് ഇച്ചാപ്പി എന്നറിയപ്പെടുന്ന ശ്രീലക്ഷ്മിയുടേത്. തന്റെ കൊച്ചുവീട്ടിലെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ഇച്ചാപ്പി യൂട്യൂബിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ വീടിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഇച്ചാപ്പി.

നിലം തേക്കാത്ത, കോൺക്രീറ്റ് ചുമരുകളില്ലാത്ത സാധാരണ വീട്ടിൽ നിന്നുള്ള ഇച്ചാപ്പിയുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നവർ നിരവധിയാണ്. അടുത്തിടെ തന്റെ വീട്ടിൽ മഴക്കാലത്ത് വെള്ളം കയറാറുണ്ടോ എന്ന് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് പറഞ്ഞ് അക്കാര്യം ഇച്ചാപ്പി വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പുതിയ വീട്ടിൽ നിന്നുള്ള വിശേഷങ്ങളും പങ്കുവെക്കുന്നത്.

പുതിയ വീട്ടിലേക്ക് ഉടൻ മാറുമെന്ന് നേരത്തേമുതൽ ഇച്ചാപ്പി പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ പുതിയ വീടിന്റെ പുറംകാഴ്ചകളാണ് ഇച്ചാപ്പി പങ്കുവെച്ചിരിക്കുന്നത്. പലരും എന്നാണ് പുതിയ വീട്ടിലേക്ക് മാറുന്നത്, വീടുപണി കഴിയാറായോ എന്നെല്ലാം ചോദിച്ചിരുന്നു. അതിനു മറുപടിയായാണ് പുതിയ വീടിന്റെ ദൃശ്യങ്ങൾ പങ്കുവെക്കുന്നതെന്ന് ഇച്ചാപ്പി പറയുന്നു. 

വീടിന്റെ ചുറ്റുപാടു നിന്നുള്ള വിശേഷങ്ങളോരോന്നും ഇച്ചാപ്പി പറയുന്നുണ്ട്. വെള്ളം കയറുന്നതിനാൽ വീടിന്റെ മുറ്റവും കുറച്ചു ഭാ​ഗങ്ങളുമൊക്കെ നികത്താനുള്ളതിനാലാണ് ഉടൻ മാറാത്തതെന്ന് പറയുന്നു. വീടും പരിസരവുമെല്ലാം വെള്ളം കയറിക്കിടക്കുന്നതിനാൽ സാധനങ്ങൾ ഇറക്കാനും മറ്റും ബുദ്ധിമുട്ടായതുകൊണ്ടാണ് ബാക്കി പണി വൈകുന്നത്. വീടിന്റെ അകത്തെ വിശേഷങ്ങളെല്ലാം പണിമുഴുവൻ പൂർത്തിയായതിനു ശേഷം പങ്കുവെക്കാമെന്നും ഇച്ചാപ്പി പറയുന്നു. 

നിരവധി പേരാണ് ഇച്ചാപ്പിക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. എത്രയും വേ​ഗം പുതിയ വീട്ടിലേക്ക് മാറാനാകട്ടെ എന്നും വലിയ വീടായാലും ചെറിയ വീടായാലും സന്തോഷമാണ് വലിയ കാര്യമെന്നും സ്വന്തമായൊരു വീട് അതെത്ര ചെറുതായാലും വലിയ കാര്യമാണെന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: ichappi new home video