കുട്ടിക്കാലത്ത് കൂട്ടുകുടുംബമായി താമസിച്ച തറവാടിന്റെ ദൃശ്യങ്ങള്‍ കാണിച്ച് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി. പരമ്പരാഗത ശൈലിയിലുള്ള തറവാടിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇബ്രാഹിംകുട്ടി പങ്കുവെക്കുന്നത്.

നാലുകെട്ടോ എട്ടുകെട്ടോ അല്ല, രാജകീയ പ്രൗഢിയുള്ള തറവാടല്ല എന്ന ആമുഖത്തോടെയാണ് ഇബ്രാഹിംകുട്ടി വീഡിയോ ആരംഭിക്കുന്നത്. ഏകദേശം 120 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള വീടാണത്. താനും മമ്മൂട്ടിയും മറ്റു സഹോദരന്മാരുമൊക്കെ കുട്ടിക്കാലം കഴിച്ചുകൂട്ടിയത് ഈ വീട്ടിലാണെന്നും ഇബ്രാഹിംകുട്ടി.

ആ വീട് നവീകരിക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്നും പഴമ അതുപോലെ നിലനിര്‍ത്തിയ വീടാണെന്നും ഇബ്രാഹിംകുട്ടി പറയുന്നു. 

നൊസ്റ്റാള്‍ജിയകള്‍ ഉറങ്ങുന്ന വീടാണിതെന്നു പറഞ്ഞാണ് ഇബ്രാഹിംകുട്ടി വീട്ടിലേക്ക് ആനയിക്കുന്നത്. വീടിനോടു ചേര്‍ന്ന് ഒരു ചാവടിയും കാണാം. മമ്മൂട്ടിയുടെ സ്വന്തമായ മുറിയും അദ്ദേഹം കാണിക്കുന്നുണ്ട്. പഠനവും വായനയുമൊക്കെ അവിടെയാണെന്നും പുറത്തേക്കിറങ്ങുമ്പോള്‍ പൂട്ടിപോവുകയായിരുന്നു ശീലമെന്നുമൊക്കെ ഇബ്രാഹിംകുട്ടി പറയുന്നു. 

വാപ്പയും ഉമ്മയും മറ്റു കുടുംബാംഗങ്ങളുമൊക്കെ കിടന്നിരുന്ന മുറിയും വീടിനോടു ചേര്‍ന്നുള്ള കുളവുമൊക്കെ വീഡിയോയില്‍ കാണിക്കുന്നുണ്ട്. 

വാതില്‍ കടന്നെത്തുന്ന ഹാളും വടക്കേപ്പുരയും തെക്കേപ്പുരയും ഇടനാഴിയും മച്ചുമൊക്കെ വീഡിയോയില്‍ കാണിക്കുന്നുണ്ട്. പരമ്പരാഗത ശൈലിയിലുള്ള നിര്‍മാണ രീതിയും ജനലുകളും വാതിലുകളുമൊക്കെയാണ് വീടിന്റെ പ്രധാന ആകര്‍ഷണം. 

Content Highlights: Ibrahim Kutty sharing ancestral house video