ഫ്‌ളാറ്റുകളില്‍ ജീവിക്കുന്നവര്‍ ശുചിത്വ കാര്യങ്ങളില്‍ പ്രത്യേകം കരുതല്‍ എടുക്കേണ്ടതുണ്ട്. അലസമായി വളര്‍ത്തുന്ന ചെടികളും മാലിന്യ സംസ്‌കരണവുമൊക്കെ അണുക്കള്‍ വളരാനും പകര്‍ച്ചവ്യാധികള്‍ പിടിപെടാനും ഇടയാക്കും. അവ ഇല്ലാതാക്കാനായി ശുചിത്വത്തില്‍ പാലിക്കേണ്ട കാര്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്. 

*  മഴ പെയ്യുമ്പോള്‍ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ വീഴുന്ന വെള്ളം അവിടെ കെട്ടിക്കിടക്കാന്‍ ഇടയാക്കരുത്. വെള്ളം വാര്‍ന്നു പോകാനുള്ള സംവിധാനങ്ങള്‍ ചെയ്യണം. അല്ലെങ്കില്‍ അവിടെ കൊതുകു വളരും. അത് പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകും. 

* ബാല്‍ക്കണിയില്‍ ചെടികള്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ ചട്ടികളില്‍ വെള്ളം കെട്ടിക്കിടക്കാതെ കൃത്യമായി ചോര്‍ത്തിക്കളയണം. അക്വേറിയമുണ്ടെങ്കില്‍ അതിലെ വെള്ളം കൃത്യമായി മാറ്റാന്‍ ശ്രദ്ധിക്കണം. 

* പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനിടയുള്ള കാലത്ത് ഫ്ളാറ്റില്‍ ജീവിക്കുന്നവരും മുന്‍കരുതലുകള്‍ എടുക്കണം. ലിഫ്റ്റുകള്‍, കളിസ്ഥലങ്ങള്‍, സ്വിമ്മിങ് പൂളുകള്‍, ജിമ്മുകള്‍ എന്നിവിടങ്ങളെല്ലാം രോഗാണു വ്യാപനത്തിനു സാധ്യതയുള്ള ഇടങ്ങളാണ്. ഇത്തരം ഇടങ്ങളെല്ലാം വൃത്തിയോടെ സൂക്ഷിക്കണം

* വെളിച്ചം കുറഞ്ഞ ഇടനാഴികള്‍, ഉപയോഗിക്കാതെ കിടക്കുന്ന സ്റ്റെയര്‍കെയ്സുകള്‍ എന്നിവിടങ്ങളില്‍ മാലിന്യം കൂട്ടിയിടരുത്. ഇവ പകര്‍ച്ച വ്യാധികള്‍ പടരാന്‍ ഇടയാക്കും. മാത്രമല്ല എമര്‍ജന്‍സി എക്സിറ്റുകളായി ഉപയോഗിക്കുന്ന ഇവിടങ്ങളില്‍ മാലിന്യങ്ങളും മറ്റും നിക്ഷേപിച്ച് തടസ്സമുണ്ടാക്കുന്നത് അടിയന്തിര സാഹചര്യങ്ങളില്‍ അവ ഉപയോഗിക്കാന്‍ സാധിക്കാതെയാകും. 

* ഫ്ളാറ്റിനകത്ത് ചെടി വളര്‍ത്തുന്നവര്‍ അതിന് യോജിച്ച തരം ചെടുകള്‍ മാത്രമേ വളര്‍ത്താവൂ. കൃത്യമായ അളവില്‍ മാത്രമേ ചെടികള്‍ക്ക് നനവ് നല്‍കാവൂ. ചെടിച്ചട്ടിയില്‍ വെള്ളം കെട്ടിക്കിടക്കാതെ നോക്കണം. കൊതുകോ മറ്റു പ്രാണികളോ ചെടിയില്‍ നിന്ന് ഉറപ്പാക്കണം. 

* ഫ്ളാറ്റില്‍ ഓമന മൃഗങ്ങളെ വളര്‍ത്തുന്നവര്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പിന്‍തുടരണം. 

* ഫ്ളാറ്റിലെ അടുക്കളയില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ പുറത്തെ ഒഴിഞ്ഞയിടങ്ങളില്‍ വലിച്ചെറിയരുത്. ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ റെസിഡന്‍സ് അസോസിയേഷനുകളുമായി ചേര്‍ന്ന് തയ്യാറാക്കണം. മാലിന്യ സംസ്‌കരണത്തിനായി ജൈവ-അജൈവ മാലിന്യങ്ങള്‍ ഫ്ളാറ്റില്‍ തന്നെ തരംതിരിച്ചു സൂക്ഷിക്കണം. അവ കൃത്യമായി മാലിന്യസംസ്‌കരണത്തിനായി നല്‍കുകയും വേണം.

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Hygiene Tips to Maintain Flats