പണ്ടൊക്കെ ചെടികള്‍ വീടിന്റെ മുറ്റങ്ങളെ മാത്രമാണ് അലങ്കരിച്ചിരുന്നത്. ഇന്നതല്ല അവസ്ഥ, അകത്തളങ്ങളുടെ മോടികൂട്ടാന്‍ ചെടികള്‍ ഒരുക്കുന്നത് തരംഗമായിരിക്കുകയാണ്. ഇത്തരത്തില്‍ തന്റെ വീട്ടിലേക്കൊരു വ്യത്യസ്തമായ ഇന്റീരിയര്‍ പ്ലാന്റ് വാങ്ങിയ ഭാര്യയും അതിനെക്കുറിച്ചുള്ള ഭര്‍ത്താവിന്റെ കുറിപ്പുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
സൗത് വെയില്‍സ് സ്വദേശിയായ ബ്രാഡ് കിയേണ്‍സാണ് ചെടികളെ സ്‌നേഹിക്കുന്ന ഭാര്യ സാറയെക്കുറിച്ച് പറയുന്നത്. ബെഡ്‌റൂമിലേക്കൊരു ഇന്റീരിയര്‍ പ്ലാന്റ് വാങ്ങുന്നുവെന്നു ഭാര്യ പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ലെന്നാണ് ബ്രാഡ് കുറിക്കുന്നത്. കാരണം സാധാരണ വലിപ്പത്തിലുള്ള ഇന്റീരിയര്‍ പ്ലാന്റിനു പകരം ചുവരിന്റെ പാതിയോളം നില്‍ക്കുന്ന വലിയൊരു തെങ്ങിന്റെ തൈയാണ് കക്ഷി വാങ്ങിവന്നത്. അതു ബെഡ്‌റൂമില്‍ വച്ചപ്പോഴാകട്ടെ പ്ലാന്റല്ലാതെ മറ്റൊന്നും കാണില്ലെന്ന അവസ്ഥയുമായി.
'' ഈ ചെടികളൊന്ന് എടുത്തു വെക്കാന്‍ സഹായിക്കാമോ എന്നു ഭാര്യ വിളിച്ചു പറഞ്ഞപ്പോള്‍ ഇത്രയ്ക്കും പ്രതീക്ഷിച്ചിരുന്നില്ല. വാതില്‍ തുറന്ന് പുറത്തെത്തിയപ്പോഴാണ് ജുറാസിക് വലിപ്പത്തിലുള്ള മരങ്ങളാണ് അവയെന്ന് മനസ്സിലായത്. അതു ഞങ്ങളുടെ ബെഡ്‌റൂമിലേക്കാണെന്നാണ് അവള്‍ പറഞ്ഞത്.''- ബ്രാഡ് കുറിച്ചു.
എന്നാല്‍ സംഗതി കണ്ട പലരും ഇത്തരത്തിലുള്ള പ്ലാന്റ് വീടിനകത്ത് പ്രാണികളെ നിറയ്ക്കുമെന്നു പറഞ്ഞതോടെ ഇരുവരും പുറത്തേക്ക് മാറ്റുകയായിരുന്നു. ബാല്‍ക്കണിയില്‍ അവ വച്ചതോടെ ഒരു കാടിന്റെ പ്രതീതിയാണ് ഇപ്പോഴുള്ളതെന്നും ബ്രാഡ് പറയുന്നു.
Content Highlights: Husband Shares Funny Post On Jurrasic-Sized Trees His Wife Bought Home