പഴയ വീട് വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവോ, എന്നാല്‍ വാങ്ങാന്‍ വരുന്നവരെല്ലാം മുഖം ചുളിച്ചു പോയ്കളയുകയാണോ. വഴിയുണ്ട്. വീട് വില്‍ക്കാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം വേണം പരസ്യം നല്‍കാന്‍. അധികചെലവ് വരാതെ വാങ്ങാനെത്തുന്ന ആള്‍ക്ക് മുമ്പില്‍ വീടിനെ മനോഹരമായി കാണിക്കാന്‍ ചില വഴികളുണ്ട്.
1. ലിവിങ് റൂം, മാസ്റ്റര്‍ബെഡ്‌റൂം, അടുക്കള... ഇവയിലേക്കാണ് വാങ്ങാനെത്തുന്ന ആളുടെ കണ്ണുകള്‍ ആദ്യം പോവുക. ഈ മുറികള്‍ നല്ല ഭംഗിയാക്കാം. നിലമൊക്കെ തുടച്ച് മിനുക്കി, തറയില്‍ ടൈലില്‍ പൊട്ടലുകള്‍ ഉണ്ടെങ്കില്‍ അവയൊക്കെ മാറ്റി മുറി വൃത്തിയാക്കണം. ജനാലകളുടെ ചില്ലും മറ്റും പൊട്ടിയിട്ടുണ്ടെങ്കില്‍ അതും മാറ്റാം. പൊടിയും മറ്റും ഉറപ്പായും ക്ലീന്‍ ചെയ്യണം. ആവശ്യമില്ലാത്ത സാധനങ്ങള്‍ കൂട്ടിയിട്ടുണ്ടെങ്കില്‍ അതും മാറ്റണം. അടുക്കളയിലെ പൊട്ടിയ പൈപ്പൊക്കെ ശരിയാക്കാം.
2. ബാത്ത്‌റൂം, ഡ്രസ്സിങ്‌റൂം എന്നിവിടങ്ങളില്‍ ആവശ്യമില്ലാത്തതും പഴയതുമായ സാധനങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ടെങ്കില്‍ അവ മാറ്റാം. വീടിന്റെ ഈ ഭാഗങ്ങള്‍ക്ക് കൂടുതല്‍ വലിപ്പം തോന്നാന്‍ ഇത് സഹായിക്കും.
3. വീടിനുള്ളില്‍ റിപ്പയര്‍ ചെയ്യാന്‍ എന്തെങ്കിലും ഉണ്ടോ? പൈപ്പ് ലൈനോ, സ്വിച്ചുകളോ, ടാപ്പുകളോ.. ഇവയെല്ലാം റിപ്പയര്‍ ചെയ്യാം. വീട് നിങ്ങള്‍ നന്നായി മെയിന്റെയ്ന്‍ ചെയ്യുന്നു എന്ന ഫീല്‍ വരട്ടെ.
4. ഇന്ന് വരെ വീട് വൃത്തിയാക്കാത്ത വിധം വീട് വൃത്തിയാക്കാം. വിന്‍ഡോ കര്‍ട്ടനുകള്‍, സീലിങ് ഇവയെല്ലാം വൃത്തിയാക്കണം.
5. മുന്‍വാതിലിനരികില്‍ ഒരു ഭംഗിയുള്ള ഡോര്‍മാറ്റ് ഇടാം. അല്ലെങ്കില്‍ ഒന്നോ രണ്ടോ ഭംഗിയുള്ള ചെടികള്‍ വയ്ക്കാം.
6. വീടിനുള്ളില്‍ ലൈറ്റുകള്‍ കേടുവന്നതാണെങ്കില്‍ അവ മാറ്റാം. നല്ല വെളിച്ചത്തില്‍ വീടുകള്‍ക്ക് കൂടുതല്‍ പോസിറ്റീവ് എനര്‍ജി തോന്നും. അതിനാല്‍ പ്രധാന മുറികളില്‍ നല്ല വെളിച്ചം ഉറപ്പാക്കാം.
7. വീട് കുറേക്കാലം അടച്ചിട്ടതാണെങ്കിലും നിങ്ങള്‍ നിലവില്‍ താമസിക്കുന്നതാണെങ്കിലും.. രണ്ടായാലും വീടിനുള്ളിലെ മോശം ഗന്ധങ്ങളെ പടികടത്താന്‍ മറക്കേണ്ട. കുന്തിരിക്കമോ, ചന്ദനത്തിരിയോ പുകക്കാം. അല്ലെങ്കില്‍ നല്ലൊരു റൂം ഫ്രഷ്‌നര്‍ വാങ്ങി സ്‌പ്രേ ചെയ്യാം. കടുത്ത ഗന്ധമാകരുതെന്ന് മാത്രം.
Content Highlights: how to stage your home for a quick sale