രോ അപ്പാര്‍ട്ട്‌മെന്റിനും ഫ്ലാറ്റിനും തീപ്പിടിത്ത സാധ്യതകള്‍ ഉള്ളതുപോലെ തന്നെ അപ്പാര്‍ട്ട്‌മെന്റിന് മൊത്തത്തിലും തീപ്പിടി പിടുത്ത സാധ്യതകളുണ്ട്. അത് പമ്പിങ്മുറിയിലോ പ്രധാന സ്വിച്ച് ബോര്‍ഡിലോ മറ്റോ ഉണ്ടാകുന്ന തീപിടുത്തമാകാം. ജനറേറ്ററില്‍ നിന്ന് താനേ ഉണ്ടാകുന്ന തീ, ബാര്‍ബിക്യു അടക്കമുള്ളഭക്ഷണപാചകം, മാലിന്യം കത്തിക്കല്‍ തുടങ്ങിയവയില്‍ കൂടി ഉണ്ടാകാനിടയുള്ള അഗ്‌നിബാധ മൊത്തത്തില്‍ താമസക്കാരെ ബാധിക്കാനിടയുണ്ട്. ഇത് സംഭവിക്കുന്നത് ഓരോ അപ്പാര്‍ട്ട്‌മെന്റുകളുടെയും നിയന്ത്രണത്തിലല്ല. അതിനാല്‍ തന്നെ മുന്നറിയിപ്പില്ലാതെ സംഭവിക്കാം. അതിനാല്‍ ആദ്യം തന്നെ അപായ സൂചന നല്‍കുന്നതിനും അതനുസരിച്ച് പ്രതികരിക്കുന്നതിനുമുള്ളസംവിധാനം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്.

എല്ലാ നിലയിലും അഗ്‌നിശമന സംവിധാനം ഉണ്ടായിരിക്കണം. അത് പ്രവര്‍ത്തിപ്പിക്കാന്‍ എല്ലാ താമസക്കാര്‍ക്കും പരിശീലനം നല്‍കണം. തീപിടിത്തമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റുകള്‍ക്ക് മുന്നില്‍ തടസ്സമില്ലാതിരിക്കുകയും അത് എളുപ്പത്തില്‍ തുറക്കാന്‍ കഴിയുന്നതുമായിരിക്കണം. അഗ്നിബാധയുണ്ടായാല്‍ എല്ലാ താമസക്കാരെയും പെട്ടെന്ന് അറിയിക്കാന്‍ കഴിയുന്ന സംവിധാനവും ഉണ്ടായിരിക്കണം. ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് എല്ലാവര്‍ക്കും ധാരണയുണ്ടായിരിക്കണം. ഇത് അപ്പാര്‍ട്ട്‌മെന്റില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നവരടക്കമുള്ള ജീവനക്കാര്‍ക്കും ബാധകമാണ്.

തീപ്പിടിത്തത്തില്‍ നിന്ന് രക്ഷ നേടേണ്ടതെങ്ങനെ?

1. വാതിലുകള്‍ തുറക്കുന്നതിനു മുമ്പു തന്നെ അവ നന്നായി പരിശോധിക്കുക. വാതിലിന് പിന്നില്‍ മുട്ടുകുത്തിനിന്നോ കുനിഞ്ഞുനിന്നോ വേണം പരിശോധിക്കാന്‍. പിന്നീട് ഉയര്‍ന്നു നിന്ന് വാതിലും അതിന്റെ പിടികളും തൊട്ടുനോക്കുക. വാതിലിനു തണുപ്പുണ്ടെങ്കില്‍ ശ്രദ്ധാപൂര്‍വം തുറക്കുക. നിങ്ങളുടെ ചുമലുകള്‍ വാതിലിനോട് ചേര്‍ത്തുവച്ച് സാവധാനം തുറക്കുക. അപ്പോള്‍ തീയോ പുകയോ കാണുന്നുണ്ടെങ്കില്‍ വാതില്‍ കൊട്ടിയടയ്ക്കുക. മറ്റു വഴികളിലൂടെ രക്ഷപ്പെടുകയോ ഫ്ലാറ്റില്‍ തന്നെ നില്‍ക്കുകയോ ചെയ്യുക.

2. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോകാനാവുന്നില്ലെങ്കില്‍ വാതിലുകളിലും ജനാലകളിലും തുണി, ഷീറ്റ് എന്നിവ വച്ച് അടച്ച് പുക കടക്കാതെ നോക്കുക. എമര്‍ജന്‍സി നമ്പര്‍ ഉപയോഗിച്ച് അഗ്‌നിശമന സേനയെ വിളിച്ച് നിങ്ങളുടെ ലൊക്കേഷന്‍ അറിയിക്കുക. വാതിലിനും ജനലിനും പുറത്ത് പുക കാണുന്നില്ലെങ്കില്‍ അത് തുറന്ന് തുണി, ഫ്ലാഷ് ലൈറ്റ് എന്നിവ വീശി മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുക.

3. അഗ്‌നിബാധയുടെ സമയത്ത് ലിഫ്റ്റ് ഉപയോഗിക്കരുത്. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ഗോവണി ഉപയോഗിക്കുക. എല്ലാ വാതിലുകളും മുറുക്കിയടക്കുക. ഇത് തീ പടരുന്നത് സാവധാനമാക്കും. 

4. കെട്ടിടത്തില്‍ എല്ലാവരെയും വിവരം അറിയക്കാനുള്ള സംവിധാനമുണ്ടെങ്കില്‍ നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും അത് പാലിക്കുകയും ചെയ്യുക.

5. നിങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗം പുക നിറഞ്ഞിരിക്കുകയാണെങ്കില്‍ പുകയ്ക്കടിയിലൂടെ ഇഴഞ്ഞ് നീങ്ങാനായി ശ്രമിക്കുക. പുക എപ്പോഴും മുകളിലേക്ക് ഉയരുന്നതിനാല്‍ അടിഭാഗത്തായിരിക്കും ശുദ്ധവായു.

ബഹുനില അപ്പാര്‍ട്ട്‌മെന്റുകളിലെ സുരക്ഷ; ഹാന്‍ഡ്ബുക്ക് വായിക്കാം

6. നിങ്ങളുടെ പതിവ് മാര്‍ഗം പുകയും തീയും നിറഞ്ഞിരിക്കുകയാണെങ്കില്‍ നിങ്ങളുടെ മുറിയിലേക്ക് തന്നെ മടങ്ങി മറ്റ് രക്ഷാമാര്‍ഗം ഉപയോഗിക്കുക. ഒരിക്കലും റൂഫ്‌ടോപ്പിലേക്ക് പോകരുത്. അത് നിങ്ങളെ രക്ഷപ്പെടാന്‍ കഴിയാത്ത സുരക്ഷ ഇല്ലാത്ത അവസ്ഥയിലെത്തിക്കും.

7. പുറത്ത് നിലകൊള്ളുക. അഗ്‌നിബാധയുണ്ടായാല്‍ നില്‍ക്കേണ്ട സ്ഥലത്തേക്ക് പോകുകയും അഗ്‌നിശമന സേന അടക്കമുള്ളവരെ വിവരം അറിയിക്കുകയും ചെയ്യുക. 

Content Highlights: how to escape from the fire safety tips